Source: X
TECH

കൗ ബോയ് ലുക്കും തൊപ്പിയും ക്യാറ്റ് വാക്കും; മോഡലുകൾക്കൊപ്പം റാംപിൽ ചുവടുവെച്ച് ഹ്യൂമനോയിഡ് റോബോട്ടുകളും

റോബോട്ടുകൾക്ക് എന്തുകൊണ്ട് സ്വന്തമായൊരു വാഡ്രോബ് ഉണ്ടായിക്കൂടാ എന്ന ആശയത്തിൽ ഊന്നിക്കൂടിയുള്ളതാണ് ഷോ

Author : ന്യൂസ് ഡെസ്ക്

പ്രൊഫഷണൽ മോഡലുകളെ പോലെ ക്യാറ്റ് വാക്കുമായി വേദിയിൽ കൗതുകമുണർത്തി ദക്ഷിണ കൊറിയയിലെ ഹ്യൂമനോയിഡ് റോബോട്ടുകളുടെ ഫാഷൻ ഷോ. സിയോളിൽ നടന്ന ഫാഷൻ ഷോയിൽ ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച മോഡലുകൾക്കൊപ്പമാണ് ഹ്യൂമനോയിഡ് റോബോട്ടുകൾ ചുവടുവച്ചത്.

ഗ്യാലക്സി കോർപ്പറേഷനാണ് ഈ ഷോ സംഘടിപ്പിച്ചത്. നിർമിത ബുദ്ധിയുടെ വിവിധ സാധ്യതകളെ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായി മനുഷ്യരും റോബോട്ടുകളും ജോലിസ്ഥലങ്ങളിൽ മാത്രമല്ല, ദൈനംദിന ജീവിതത്തിലും ഒരുമിച്ച് ജീവിക്കുന്ന ഒരു ഭാവി ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നു ഷോ. റോബോട്ടുകൾക്ക് എന്തുകൊണ്ട് സ്വന്തമായൊരു വാഡ്രോബ് ഉണ്ടായിക്കൂടാ എന്ന ആശയത്തിൽ ഊന്നിക്കൂടിയുള്ളതാണ് ഷോ.

അതുകൊണ്ടു തന്നെ ഷോയിൽ പശ്ചാത്തലത്തിലെ പ്രോപ്പർട്ടികളായി മാത്രം റോബോട്ടുകൾ ഒതുങ്ങിയില്ല. അവർ ഹ്യൂമൻ മോഡലുകൾക്കൊപ്പം സമാനമായ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് റാംപ് വാക്ക് നടത്തി. നീല കൗബോയ്-ലുക്കിലുള്ള വസ്ത്രവും തൊപ്പിയും ധരിച്ച് ഒരു റോബോട്ട് പ്രത്യക്ഷപ്പെട്ടപ്പോൾ റോബോട്ടിനൊപ്പം ചുവടുവെച്ച മോഡലും സമാനമായ വസ്ത്രം തന്നെയാണ് ധരിച്ചിരുന്നത്. ഇതിനു പുറമേ, തിളങ്ങുന്ന വെള്ളി ജാക്കറ്റുകൾ, ഒഴുകിയിറങ്ങുന്ന വസ്ത്രങ്ങൾ, ഓവർസൈസ്ഡ് ഫ്യൂച്ചറിസ്റ്റിക് ട്രൗസറുകൾ എന്നിവ അണിഞ്ഞുള്ള ലുക്കുകളിലും റോബോട്ടുകൾ റൺവേയിൽ ചുവടുവെച്ചു. ബഹിരാകാശ കാലത്തെ ഡിസൈനുകളും നാടകീയമായ സിലൗട്ടുകളും ഷോയ്ക്ക് ഫ്യൂച്ചറിസ്റ്റിക് അനുഭവം നൽകുന്നതായിരുന്നു.

റോബോട്ടുകൾ ഒടുവിൽ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാകാൻ പോകുകയാണെങ്കിൽ, അവയ്ക്കും അവരുടേതായ ഫാഷൻ ഉണ്ടായിരിക്കേണ്ടതല്ലേ എന്ന ചോദ്യത്തിൽ നിന്നാണ് ഹ്യൂമനോയിഡ് റോബോട്ട് ഷോ എന്ന ആശയവും ലഭിച്ചതെന്ന് ഗ്യാലക്സി കോർപ്പറേഷൻ വ്യക്തമാക്കി. മനുഷ്യരെപ്പോലെ തന്നെ റോബോട്ടുകൾക്കും അവരുടേതായ വ്യക്തിത്വം ഉണ്ടായിരിക്കണമെന്ന് കമ്പനി വിശ്വസിക്കുന്നതായും ചീഫ് എക്സിക്യൂട്ടീവ് ചോയ് യോങ്-ഹോ പറഞ്ഞു.

പരിപാടിയിൽ പ്രദർശിപ്പിച്ച വസ്ത്രങ്ങൾ റോബോട്ടുകളുടെ സ്കെലിറ്റൽ ഫ്രെയിമുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, കൂടാതെ MACH33 എന്ന ബ്രാൻഡ് നാമത്തിൽ ഈ വർഷം അവസാനം ഈ ശേഖരം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി.

SCROLL FOR NEXT