ലോസ് ആഞ്ചലസ്: വിഡിയോ സ്ട്രീമിംഗ് ഭീമനായ യൂട്യൂബിന് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് ഒന്നര മണിക്കൂർ (90 മിനിറ്റ്) വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാനുള്ള പുതിയ സൗകര്യം പരീക്ഷിച്ച് ഇൻസ്റ്റഗ്രാം. മെറ്റയുടെ കീഴിലുള്ള ഇൻസ്റ്റഗ്രാമിൽ പ്രധാനമായും പോഡ്കാസ്റ്റർമാർ, കൊമേഡിയന്മാർ, മുഴുനീള ഉള്ളടക്കങ്ങൾ നിർമ്മിക്കുന്ന വീഡിയോ ക്രിയേറ്റർമാർ എന്നിവരെ ലക്ഷ്യമിട്ടാണ് 'ഫീച്ചേഴ്സ്' എന്ന പേരിൽ പുതിയ ലാൻഡ്‌സ്കേപ്പ് വീഡിയോ ഫോർമാറ്റ് അവതരിപ്പിക്കുന്നത്.
നിലവിൽ മൂന്ന് മിനിറ്റിൽ താഴെയുള്ള ചെറിയ റീൽസുകൾക്ക് മാത്രം മുൻഗണന നൽകുന്ന ഇൻസ്റ്റഗ്രാമിൽ, പുതിയ മാറ്റത്തോടെ റീൽസുകളെ ഈ 90 മിനിറ്റ് മുഴുനീള വീഡിയോകളുമായി നേരിട്ട് ബന്ധിപ്പിക്കാൻ ക്രിയേറ്റർമാർക്ക് സാധിക്കും. റീൽസിൽ കാണുന്ന പോഡ്കാസ്റ്റിന്റെ ചെറിയൊരു ഭാഗം ഇഷ്ടപ്പെട്ടാൽ, ഒരൊറ്റ ക്ലിക്കിലൂടെ ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ അതിന്റെ മുഴുവൻ എപ്പിസോഡും തുടർച്ചയായി കാണാൻ ഉപയോക്താക്കൾക്ക് അവസരമൊരുങ്ങുമെന്നും, ക്രിയേറ്റർമാർക്ക് തങ്ങളുടെ പ്രേക്ഷകരെ ദീർഘനേരം ആപ്പിൽ നിലനിർത്താൻ ഇത് സഹായിക്കുമെന്നും ഇൻസ്റ്റഗ്രാം പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് ടെസ്സ ലിയോൺസ് വ്യക്തമാക്കി.
ബ്രസീലിലെ തെരഞ്ഞെടുത്ത ക്രിയേറ്റർമാർക്കിടയിൽ പ്രാഥമിക പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഈ സംവിധാനം അമേരിക്കയിലെ പതിനായിരക്കണക്കിന് ക്രിയേറ്റർമാർക്ക് ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിന്റെ 'എക്സ്പ്ലോർ' ടാബിലൂടെയും ഉപയോക്താക്കൾക്ക് ഇത്തരം മുഴുനീള വീഡിയോകള്‍ ശുപാർശ ചെയ്യപ്പെടും. സ്മാർട്ട്ഫോണുകൾക്ക് പുറമെ, സ്മാർട്ട് ടിവികൾക്കായി ഇൻസ്റ്റഗ്രാം അവതരിപ്പിച്ച 'ഇൻസ്റ്റഗ്രാം ഫോർ ടിവി' ആപ്പിലൂടെ വലിയ സ്ക്രീനുകളിലും ഈ വീഡിയോകൾ ലഭ്യമാക്കുകയാണ് മെറ്റയുടെ പ്രധാന ലക്ഷ്യം.
നിലവിൽ പരസ്യ വരുമാനത്തിന്റെ 55 ശതമാനത്തോളം ക്രിയേറ്റർമാർക്ക് പങ്കുവെക്കുന്ന യൂട്യൂബിന്റെ ആധിപത്യത്തെ മറികടക്കാൻ ബ്രാൻഡ് സ്പോൺസർഷിപ്പുകൾ ഉൾപ്പെടെയുള്ള വരുമാന സാധ്യതകളാണ് ഇൻസ്റ്റഗ്രാം വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമെ, എപ്പിസോഡുകളായി തുടർച്ചയായി കാണാവുന്ന മൈക്രോ ഡ്രാമകൾക്കായി 'സീരീസ്' എന്ന മറ്റൊരു പുതിയ ഫീച്ചറും ഇൻസ്റ്റഗ്രാം അണിയറയിൽ ഒരുക്കുന്നുണ്ട്. യൂട്യൂബും ടിക്ടോക്കും തമ്മിലുള്ള വീഡിയോ പോരാട്ടം മുറുകുന്നതിനിടെ, മുഴുനീള വീഡിയോ വിപണി കൂടി പിടിച്ചെടുക്കാനുള്ള മെറ്റയുടെ ഈ നീക്കം ഡിജിറ്റൽ കണ്ടന്റ് രംഗത്ത് വലിയൊരു വിപ്ലവത്തിനാണ് വഴിതുറക്കുന്നത്.