കണ്ടെൻറ് സെർച്ചിംഗ് സംബന്ധിച്ച് സുപ്രധാന മാറ്റവുമായി ഇൻസ്റ്റഗ്രാം. റീലുകളിലും പോസ്റ്റുകളിലും അനുവദനീയമായ ഹാഷ്ടാഗുകളുടെ എണ്ണം പരിമിതപ്പെടുത്താനാണ് നീക്കം. റീൽസിലും ഇൻസ്റ്റഗ്രാം പോസ്റ്റിലും ഉപയോഗിക്കാവുന്ന ഹാഷ്ടാഗുകളുടെ എണ്ണം പരമാവധി 5 ആയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. നേരത്തെ മുപ്പതോളം ഹാഷ്ടാഗുകൾ വരെ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നിടത്താണ് ഇപ്പോൾ 5 ആയി കുറച്ചിരിക്കുന്നത്.
ഹാഷ്ടാഗ് ദുരുപയോഗം തടയുന്നതിനും കൂടുതൽ ചിന്താപൂർവ്വം ടാഗുകൾ തിരഞ്ഞെടുക്കാൻ കണ്ടൻറ് ക്രിയേറ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുകയുമാണ് പുതിയ തീരുമാനത്തിന് പിന്നിലെ ലക്ഷ്യം. ഇതോടെ അനാവശ്യമായി ടാഗുകൾ കുത്തി നിറച്ച് റീച്ച് കൂട്ടുന്ന രീതിക്ക് മാറ്റം വരും.
ഡിസംബർ 26 മുതലാണ് പുതിയ മാറ്റം പ്രാബല്യത്തിൽ വരിക. ഇതോടെ പൊതുവായ ഹാഷ്ടാഗുകൾ ഇനി കണ്ടൻ്റ് ക്രിയേറ്റേഴ്സിനെ സഹായിക്കില്ല. മാത്രമല്ല ഇത്തരം ടാഗുകൾ ചേർക്കുന്നത് പോസ്റ്റിൻ്റെ റീച്ചിനെ ദോഷകരമായി ബാധിക്കുവാനും സാധ്യതയുണ്ട്.
അതേസമയം, പുതിയ മാറ്റം കണ്ടൻ്റ് ക്രിയേറ്റർമാരുടെ റീച്ചിനെ എങ്ങനെയാണ് ബാധിക്കുകയെന്നും സോഷ്യൽ മീഡിയയിൽ ആശങ്ക ഉയരുന്നുണ്ട്. പോസ്റ്റിന് റീച്ച് കൂട്ടാൻ അനാവശ്യമായി ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നവർക്ക് ഇത് വെല്ലുവിളിയായേക്കുമെങ്കിലും ഹാഷ്ടാഗുകളുടെ കുറവ് മികച്ച ക്വാളിറ്റിയുള്ള വീഡിയോകൾക്കും ചിത്രങ്ങൾക്കും ബാധകമാവില്ലെന്നാണ് സൂചന.