ലണ്ടന്‍: ലോകത്തിലെ ആകെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ പത്ത് ശതമാനത്തോളം ഒഴുകുന്നത് പതിനായിരക്കണക്കിന് കോടി ഡോളർ മറിയുന്ന ആഗോള അഡൾട്ട് എന്റർടൈൻമെന്റ് വ്യവസായത്തിലേക്കാണ്. എന്നാൽ അദൃശ്യമായ ഈ വൻ സാമ്രാജ്യത്തിന് പിന്നിൽ നിന്ന് യഥാർത്ഥത്തിൽ പണം വാരുന്നത് ആരാണെന്ന ചോദ്യത്തിന് ഉത്തരം അധോലോക മാഫിയകളല്ല, മറിച്ച് ലോകം വിശ്വസിക്കുന്ന വാൾ സ്ട്രീറ്റിലെ വമ്പൻ ബാങ്കുകളും നിക്ഷേപ സ്ഥാപനങ്ങളുമാണെന്ന ഞെട്ടിക്കുന്ന സത്യമാണ് പുറത്തുവരുന്നത്. ഫിനാൻഷ്യൽ ടൈംസ് മാധ്യമപ്രവർത്തക പട്രീഷ്യ നിൽസൺ ആറ് വർഷം നീണ്ട അന്വേഷണത്തിലൂടെ ബിബിസിക്ക് മുന്നിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ആധുനിക ഇന്റർനെറ്റ് സമ്പദ്‌വ്യവസ്ഥയുടെ ഇരുണ്ട മുഖമാണ് തുറന്നുകാട്ടുന്നത്.
1970-കളിലും 80-കളിലും കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ വാലിയായിരുന്നു ആഗോള പോണ്‍ വ്യവസായത്തിന്‍റെ ആസ്ഥാനം. വിഎച്ച്എസ് കാസറ്റുകളും ഡിവിഡികളും ഹോട്ടൽ റൂമുകളിലെ വാടകയ്ക്കെടുക്കലുമൊക്കെയായി കോടികൾ കൊയ്ത പരമ്പരാഗത സ്റ്റുഡിയോകളുടെ സുവർണ്ണകാലമായിരുന്നു അത്. എന്നാൽ 2000-ങ്ങളുടെ അവസാനം ഇന്റർനെറ്റിൽ സൗജന്യമായി വീഡിയോകൾ കാണാവുന്ന 'ട്യൂബ് സൈറ്റുകൾ' വന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. തങ്ങളുടെ നിർമ്മാണങ്ങൾ അനുമതിയില്ലാതെ സൗജന്യമായി അപ്‌ലോഡ് ചെയ്യുന്നത് കണ്ട് പരമ്പരാഗത സ്റ്റുഡിയോകൾ തകർന്നുവീണപ്പോൾ, സൗജന്യമായി വീഡിയോ നൽകുന്ന ഈ വെബ്സൈറ്റുകളുടെ യഥാർത്ഥ ഉടമകൾ ആരാണെന്ന് ആർക്കും ഒരു പിടിയുമില്ലായിരുന്നു.
2012-ൽ ലാസ് വെഗാസിൽ നടന്ന ഒരു വലിയ സമ്മേളനത്തിലായിരുന്നു നിർണായകമായ ആ വെളിപ്പെടുത്തൽ. ട്യൂബ് സൈറ്റുകളുടെ ഭീമനായ 'മാൻവിൻ' കമ്പനിയുടെ ഉടമ ഫാബിയൻ തിൽമാൻ എന്ന ചെറുപ്പക്കാരൻ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. അയാൾ വേദിയിലേക്ക് കയറിയപ്പോൾ മുൻനിരയിലിരുന്നവർ വില്ലനായ ഡാർത്ത് വാഡറിന്റെ പശ്ചാത്തല സംഗീതം മൂളിയാണ് അയാളെ വരവേറ്റത്. അയാളുടെ കയ്യിലെ പണം മാഫിയയുടേതാണെന്നായിരുന്നു എല്ലാവരുടെയും സംശയം ഉയര്‍ന്നത്. എന്നാൽ തനിക്ക് പണം നൽകിയത് ജെ.പി. മോർഗൻ , ഫോർട്രസ് ഇൻവെസ്റ്റ്മെന്റ്, കോർണൽ യൂണിവേഴ്സിറ്റി തുടങ്ങിയ വാൾ സ്ട്രീറ്റ് വമ്പന്മാരാണെന്ന് ഫാബിയൻ വേദിയിൽ വെച്ച് തുറന്നുപറഞ്ഞു.
"ഇതൊരു അറ്റൻഷൻ ബിസിനസ്സാണ്" എന്ന് പറഞ്ഞാണ് ഇയാൾ പ്രമുഖ ബാങ്കുകളെ വീഴ്ത്തിയത്. ഉപയോക്താക്കളുടെ ക്ലിക്കുകൾ ട്രാക്ക് ചെയ്ത് മറ്റ് സൈറ്റുകളിലേക്ക് ആളുകളെ വിട്ട് 50 ശതമാനം വരെ കമ്മീഷൻ വാങ്ങുന്ന 'അഫിലിയേറ്റ് മാർക്കറ്റിംഗ്' എന്ന ഇന്നത്തെ ആമസോൺ-സോഷ്യൽ മീഡിയ തന്ത്രത്തിന്റെ തുടക്കവും അവിടെ നിന്നായിരുന്നു. 2013-ൽ നികുതി വെട്ടിപ്പിന് ഫാബിയൻ അറസ്റ്റിലായതോടെ വാൾ സ്ട്രീറ്റ് നിക്ഷേപകർ അയാളെ പുറത്താക്കുകയും കമ്പനിയുടെ പേര് 'മൈൻഡ്ഗീക്ക്' എന്നാക്കി മാറ്റുകയും ചെയ്തു. അവിടെ നിന്ന് കമ്പനി ഒരു ഇരുമ്പുകോട്ടയായി മാറുകയായിരുന്നു.
ലക്സംബർഗ് പോലുള്ള നികുതി വെട്ടിപ്പ് കേന്ദ്രങ്ങളിൽ ഷെൽ കമ്പനികളുണ്ടാക്കി ലാഭം ഒളിപ്പിക്കുകയും ചെയ്തു. ആറ് വർഷത്തെ അന്വേഷണത്തിനൊടുവിൽ പട്രീഷ്യ നിൽസൺ ആ രഹസ്യം പൊളിച്ചു; കമ്പനിയുടെ മൂന്നിൽ രണ്ട് ഉടമസ്ഥാവകാശവും രഹസ്യമായി കൈവശം വെച്ചിരുന്നത് 'ബെർണാഡ് ബെർഗാമർ' എന്ന വ്യാജപേരിൽ ഒളിച്ചിരുന്ന ബെർണ്ട് ബെർഗ്മെയർ എന്ന മുൻ ഗോൾഡ്മാൻ സാക്സ് ബാങ്കറായിരുന്നു. തങ്ങളുടെ സൈറ്റിൽ വീഡിയോ കാണിച്ച് പലരുടെയും സ്വകാര്യത നിഷേധിച്ച് കോടികൾ വാരുന്ന ഉടമ സ്വന്തം സ്വകാര്യത സംരക്ഷിക്കാൻ വ്യാജപേരിൽ ഒളിച്ചിരിക്കുകയായിരുന്നു എന്നതാണ് ഏറ്റവും വലിയ വൈരുധ്യം.
പിന്നീട് സ്മാർട്ട്‌ഫോണുകളും ആഡ്-ബ്ലോക്കറുകളും വന്നതോടെ വെബ്സൈറ്റുകളിലെ പരസ്യവരുമാനം കുറഞ്ഞപ്പോൾ ഇവർ കണ്ടുപിടിച്ച പുതിയ സ്വർണ്ണഖനിയായിരുന്നു ഉപയോക്താക്കളുടെ ഡാറ്റ. പട്രീഷ്യ ഇതിനെ വിളിക്കുന്നത് 'വൺ-സൈഡഡ് മിറർ' എന്നാണ്. ആളുകൾ എന്ത് തിരയുന്നു, എവിടെ ക്ലിക്ക് ചെയ്യുന്നു എന്ന ഏറ്റവും സ്വകാര്യമായ വിവരങ്ങൾ ഇവർ ശേഖരിച്ച് മറ്റ് കമ്പനികൾക്ക് വിൽക്കുന്നു. അടുത്തിടെയുണ്ടായ ഡാറ്റാ ചോർച്ചയിൽ ഇമെയിൽ വിലാസങ്ങൾ അടക്കം പുറത്താകുകയും ചെയ്തിരുന്നു. പ്രേക്ഷകർ എന്ത് ക്ലിക്ക് ചെയ്യുന്നുവോ അത് മാത്രം നിർമ്മിക്കുന്ന 'ഡാറ്റാ-ലെഡ് ക്രിയേറ്റിവിറ്റി' എന്ന തന്ത്രത്തിന് തുടക്കമിട്ടതും ഈ പോണ്‍ സൈറ്റുകളാണ്. ഇന്ന് സ്പോട്ടിഫൈയും ആമസോണും പിന്തുടരുന്നതും ഇതേ തന്ത്രമാണ്.
ഇന്ന് ഇന്റർനെറ്റ് വീണ്ടും മാറുകയാണ്. സൗജന്യമായി കാണുന്നതിന് പകരം ആളുകൾ വീണ്ടും പണം നൽകാൻ തുടങ്ങിയിരിക്കുന്നു. ഓൺലിഫാൻസ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ കോടികളാണ് ഉണ്ടാക്കുന്നത്. ഇവിടെ ആളുകൾ പണം കൊടുക്കുന്നത് വെറും ദൃശ്യങ്ങൾക്കല്ല, മറിച്ച് 'പാരാസോഷ്യൽ ഇന്റിമസി'ക്കാണ് അതായത് തന്നെ ആരോ ഒരാൾ ശ്രദ്ധിക്കുന്നുണ്ട്, തന്നോട് സംസാരിക്കുന്നുണ്ട് എന്ന ഒരു സാങ്കൽപ്പിക ബന്ധത്തിന് വേണ്ടിയാണ്. ഇന്നത്തെ ഇൻഫ്ലുവൻസർ സംസ്കാരത്തിന്റെ അടിത്തറയും ഇതുതന്നെയാണ്. ഇതിന്റെ ഏറ്റവും പുതിയ രൂപമാണ് എഐ ചാറ്റ്ബോട്ടുകൾ. നമ്മളെ സന്തോഷിപ്പിച്ച്, നമ്മുടെ ആഗ്രഹങ്ങൾക്ക് താളം പിടിച്ച് നമ്മളെ ഒറ്റയ്ക്ക് സ്ക്രീനിൽ തളച്ചിടുന്ന എഐ ബോട്ടുകൾ വളരുന്നതും ഇതേ ബിസിനസ്സ് ലോജിക്കിലാണ്. ഈ നിഴൽ വ്യവസായം വെറും വിനോദത്തെക്കുറിച്ചല്ല മറിച്ച് ഇന്നത്തെ മുഴുവൻ ഇന്റർനെറ്റും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പ്രവർത്തിക്കുന്ന രീതിയെക്കുറിച്ചാണെന്ന വലിയ സത്യമാണ് പട്രീഷ്യ നിൽസന്റെ അന്വേഷണം ലോകത്തിന് മുന്നിൽ തുറന്നുവെക്കുന്നത്.