ഐഫോൺ 17 ലോഞ്ച് ഈ ഓണക്കാലത്ത് ഉണ്ടാകുമെന്നാണ് റിപ്പോർട്ട് Source: X/ Apple Hub
TECH

ഐഫോൺ 17 സീരീസിൽ ഒളിഞ്ഞിരിക്കുന്ന സർപ്രൈസ് എന്ത്? പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ!

പുതിയ ഐഫോൺ മോഡലുകളിൽ ആപ്പിൾ എന്തൊക്കെ പുതുമകളാണ് അ‌വതരിപ്പിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഐഫോൺ ആരാധകർ.

Author : ന്യൂസ് ഡെസ്ക്

ഐഫോൺ 17 സീരീസ് ലോഞ്ച് 2025 സെപ്റ്റംബർ 8ന് ഉണ്ടാകുമെന്ന് ചില റിപ്പോർട്ടുകളൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. പുതിയ ഐഫോൺ മോഡലുകളിൽ ആപ്പിൾ എന്തൊക്കെ പുതുമകളാണ് അ‌വതരിപ്പിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഐഫോൺ ആരാധകർ.

നിലവിൽ ഐഫോൺ 17 സീരീസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ആപ്പിൾ ഉത്പന്നങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ പ്രമുഖരായ 'മാക്‌റൂമേഴ്‌സ്' പങ്കുവെച്ച ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഐഫോൺ 17 സീരീസിൽ പുതിയ ഡിസ്പ്ലേ ​ടെക്നോളജിയാകും ആപ്പിൾ അ‌വതരിപ്പിക്കുക.

പുതിയ ആൻ്റി റിഫ്ലക്റ്റീവ്, സ്ക്രാച്ച് റെസിസ്റ്റൻ്റ് കോട്ടിങ് ഡിസ്പ്ലേ പുതിയ ഐഫോൺ സീരീസ് അ‌വതരിപ്പിക്കുമെന്നാണ് സൂചന. പ്രീമിയം ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നീ മോഡലുകളിലാകും ഈ പുതിയ ഡിസ്പ്ലേ അ‌വതരിപ്പിക്കുക എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉയർന്ന നിലവാരമുള്ളതും കൂടുതൽ ഈടുനിൽക്കുന്നതുമായ സ്ക്രീനായിരിക്കും ഈ മോഡലുകളിൽ ഉണ്ടാകുക.

പോറലേൽക്കാത്ത, സ്ക്രീൻ റിഫ്ലക്ഷൻ കുറയ്ക്കുകയും, വെയിലത്ത് നിന്ന് പോലും സ്ക്രീനിലെ ദൃശ്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ കാണാൻ സാധിക്കുന്ന വിധത്തിലുള്ള ഡിസ്പ്ലേയാണ് ആപ്പിൾ അ‌വതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നത് എന്നാണ് മാക്റൂമേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഐഫോണുകളിലെ സെറാമിക് ഷീൽഡ് പ്രൊട്ടക്ഷനേക്കാൾ മികച്ച രീതിയിൽ വികസിപ്പിച്ചെടുത്തതാണ് പുതിയ ആൻ്റി റിഫ്ലെക്റ്റീവ്, സ്ക്രാച്ച് റെസിസ്റ്റൻ്റ് കോട്ടിങ് ഡിസ്പ്ലേ. പ്രീമിയം സെഗ്‌മെൻ്റിൽ മാത്രമാകും ആപ്പിൾ ഈ ഡിസ്പ്ലേ നൽകുക. സ്മാർട്ട് ഫോണിന് സുരക്ഷയും ഈടും ഉറപ്പാക്കാനാണ് പുതിയ കോട്ടിങ് കൊണ്ട് ആപ്പിൾ ലക്ഷ്യമിടുന്നത്.

ഫോൺ ഡിസ്പ്ലേ സംരക്ഷണത്തിനായി സ്ക്രീൻ പ്രൊട്ടക്ടറുകൾ ഉപയോഗിക്കേണ്ടി വരുന്നത് ഒഴിവാക്കാനും പുതിയ ഡിസ്പ്ലേ ടെക്നോളജി ഐഫോൺ ഉപയോക്താക്കളെ സഹായിക്കും. ഈ വിഷയവുമായി പരിചയമുള്ള സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ടാണ് മാക് റൂമേഴ്സ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ആപ്പിൾ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

SCROLL FOR NEXT