TECH

ഒരു ഐഫോണ്‍ വാങ്ങുന്ന വിലയ്ക്ക് ടാറ്റയുടെ കാറ് വാങ്ങാമല്ലോ.!

പുതിയ ഐഫോണ്‍ സീരിസിലെ ഫോണുകളുടെ വില ശരിക്കും തമാശയായി പറയും പോലെ ‘റോക്കറ്റ് പോലെയാണ്’. സാങ്കേതികവിദ്യയിലെ വലിയ മാറ്റങ്ങൾക്കൊപ്പം ഞെട്ടിക്കുന്ന വിലയാണ് ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോമാക്സ് എന്നിവയ്ക്കും ഒപ്പം ഇറങ്ങിയ ആപ്പിളിന്‍റെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഐഫോണ്‍ ഡ്യൂവിനും ഇന്ത്യയില്‍ നല്‍കേണ്ടി വരുക.

Author : വിപിന്‍ വി.കെ

മുംബൈ: ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ കഴിഞ്ഞ ദിവസം ആപ്പിള്‍‌ പുറത്തിറക്കിയപ്പോള്‍ പതിവ് പോലെ ഇന്ത്യക്കാര്‍ ചോദിച്ചു, എത്ര വിലയാകും. എന്നാല്‍ പുതിയ ഐഫോണ്‍ സീരിസിലെ ഫോണുകളുടെ വില ശരിക്കും തമാശയായി പറയും പോലെ ‘റോക്കറ്റ് പോലെയാണ്’.  സാങ്കേതികവിദ്യയിലെ വലിയ മാറ്റങ്ങൾക്കൊപ്പം ഞെട്ടിക്കുന്ന വിലയാണ്  ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോമാക്സ് എന്നിവയ്ക്കും ഒപ്പം ഇറങ്ങിയ ആപ്പിളിന്‍റെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഐഫോണ്‍ ഡ്യൂവിനും ഇന്ത്യയില്‍ നല്‍കേണ്ടി വരുക.  

ഇന്ത്യയിൽ ഐഫോണ്‍ 18 പ്രോ 246 ജിബി മോഡലിന് 1,64,900 രൂപ നല്‍കേണ്ടിവരും. അതേസമയം 256 ജിബി ഐഫോണ്‍ പ്രോമാക്സിന് 1,79,900 രൂപ നൽകണം. കൂടുതൽ സ്റ്റോറേജ് തിരഞ്ഞെടുക്കുമ്പോൾ വില ഇനിയും ഉയരും. ആപ്പിള്‍ ഇന്ത്യയുടെ ഔദ്യോഗിക സ്റ്റോറിലും  വിലകൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഐഫോണ്‍ 18 പ്രോമാക്സ്  മോഡലിന്‍റെ ഉയര്‍ന്ന വേരിയന്‍റ് 2ടിബിക്ക്  3,29,900 വരെയാണ് വില. അതായത് ഐഫോണ്‍ 18 സീരിസിലെ ഏറ്റവും മുന്‍നിര മോഡല്‍ സ്വന്തമാക്കാന്‍ 3.3 ലക്ഷം മുടക്കണം ഇന്ത്യക്കാര്‍. 

iphone 18 pro price in india

എന്നാൽ ഏറ്റവും വിലയേറിയത് ഐഫോണ്‍ ഡ്യുവോ

ആപ്പിൾ ആദ്യമായി ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലേക്ക് എത്തുകയാണ് ഐഫോണ്‍ ഡ്യൂവോ എന്ന ഫോണിലൂടെ. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വന്‍ വില ആയിരിക്കും ഈ ഫോണിന് നല്‍കേണ്ടി വരുക എന്നാണ് വിവരം.  പുസ്തകം പോലെ തുറക്കാവുന്ന ഡിസൈനിലുള്ള ഫോണിന് പുറത്ത് ഒരു സാധാരണ സ്മാർട്ട്ഫോൺ സ്ക്രീനും, തുറക്കുമ്പോൾ വലിയ 7.6 ഇഞ്ചിന് മുകളിലുള്ള പ്രധാന സ്ക്രീനും ലഭിക്കും. അടച്ച നിലയിൽ ഏകദേശം 5.4 ഇഞ്ച് ക്ലാസ് കവർ ഡിസ്പ്ലേയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഈ ഫോണിന്‍റെ പ്രതീക്ഷിക്കുന്ന വിലയിലേക്ക് വന്നാല്‍ 256 ജിബി മോഡല്‍ വില ആരംഭിക്കുന്നത് 2,99,900 രൂപയ്ക്കാണ്. 

അതായത് ഐഫോണ്‍ ഡ്യൂവോ 256ജിബി വാങ്ങാൻ തന്നെ ഏകദേശം 3 ലക്ഷം രൂപ വേണം. 2ടിബി മോഡലിന് വില 4,49,900 വരെയാണ് നല്‍കേണ്ടത്. ഇതിനകം തന്നെ ഇത് ടാറ്റയുടെ ടിയോഗോ എന്ന കാറിന്‍റെ ഏറ്റവും താഴെയുള്ള വേരിയന്‍റിന്‍റെ വിലയാണല്ലോ എന്ന രീതിയില്‍ ട്രോളുകളും വന്നിട്ടുണ്ട്. ആപ്പിള്‍ ഇന്ത്യയുടെ ഔദ്യോഗിക സ്റ്റോറിലും ഇതേ വിലയാണ് നൽകിയിരിക്കുന്നത്.

ഫോൾഡബിൾ ഡിസൈൻ മാത്രമല്ല ഐഫോണ്‍ ഡ്യൂവോയുടെ പ്രത്യേകത. തുറക്കുമ്പോൾ വലിയ സ്ക്രീനിൽ ഒരേസമയം ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കാനും കൂടുതൽ വിശാലമായ വർക്ക്‌സ്‌പേസ് ലഭിക്കാനും കഴിയും.

ആപ്പിള്‍ പെന്‍സില്‍ പിന്തുണ, പ്രോമോഷന്‍ ഡിസ്പ്ലേ, എ20 പ്രോ ചിപ്പ്, രണ്ട് 48എംപി പിൻ ക്യാമറകൾ, പുതിയ സി2 മോഡം എന്നിവയാണ് ഈ ഫോണിന്‍റെ പ്രധാന സവിശേഷതകളിൽ ചിലത്. ഫോൾഡബിൾ ഫോണിനായി പ്രത്യേകമായി ഒപ്റ്റിമൈസ് ചെയ്ത ഐഒഎസ് സിസ്റ്റവും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. ടൈറ്റാനിക്-സെറാമിക് ഫൈബർ ഘടനയും പുതിയ ഹിഞ്ച് സംവിധാനവുമാണ് ഫോണിന്‍റെ മറ്റൊരു പ്രത്യേകത.

iphone duo price india

ഐഫോണ്‍ 18 സീരിസിലും വലിയ മാറ്റങ്ങൾ

പുതിയ ഐഫോണ്‍ പ്രോ മോഡലുകളിൽ ആപ്പിൾ ക്യാമറ സംവിധാനത്തിലാണ് പ്രധാനമായും ശ്രദ്ധ നൽകിയിരിക്കുന്നത്. പുതിയ 48 എംപി ഫ്യൂഷന്‍ മെയിന്‍ ക്യാമറയില്‍ വാരിബിള്‍ അപ്പാച്ചര്‍ സംവിധാനമാണ് നൽകിയിരിക്കുന്നത്. .

A20 പ്രോ ചിപ്പിനൊപ്പം പുതിയ വേപ്പര്‍ ചേംബര്‍ തേര്‍മല്‍ മാനേജ്മെന്‍റ് സംവിധാനവും നൽകിയിട്ടുണ്ട്. ഇതിലൂടെ കൂടുതൽ സമയം ഫോണിന് ഉയർന്ന പ്രകടനം നിലനിർത്താൻ കഴിയുമെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. ഐഫോണ്‍ 18 പ്രോ മാക്സിന്‍റെ ബാറ്ററി ലൈഫിലും വലിയ മാറ്റം ഉണ്ടാകും എന്നാണ് ആപ്പിള്‍ പറയുന്നത്. 

ഇത്തവണത്തെ ലോഞ്ചിൽ ശ്രദ്ധിക്കേണ്ട മറ്റൊരു മാറ്റം പതിവ് പോലെ സെപ്തംബറില്‍ അവതരിപ്പിക്കാറുള്ള സാധാരണ മോഡല്‍ ഇത്തവണ അവതരിപ്പിച്ചില്ല എന്നതാണ്. അതായത് ഇത്തവണം ഐഫോണ്‍ 18 അവതരിപ്പിച്ചിട്ടില്ല. പകരം പ്രോ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 

ഇന്ത്യയിൽ ഇത്രയും വിലയാകുന്നത് എന്തുകൊണ്ട്?

ഇന്ത്യയിലെ വില അമേരിക്കയിലെ അടിസ്ഥാന വിലയേക്കാൾ ഗണ്യമായി കൂടുതലാണ്. ഇതിന് പ്രധാന കാരണം ഇന്ത്യയിലെ നികുതികളും ഇറക്കുമതി ചെലവുകളും വിതരണച്ചെലവുകളും ഉൾപ്പെടെയുള്ള ഘടകങ്ങളാണ്.

ഐഫോണ്‍ ഡ്യൂവോയുടെ കാര്യത്തിൽ വില വ്യത്യാസം കൂടുതൽ ശ്രദ്ധേയമാണ്. അമേരിക്കയിൽ 1,999 ഡോളര്‍ മുതൽ ആരംഭിക്കുന്ന ഫോൺ ഇന്ത്യയിൽ 2,99,900 രൂപ എന്ന വിലയിലാണ് ലഭിക്കുക. 1999 ഡോളര്‍ എന്നത് 1.90 ലക്ഷം ആണ് ഇപ്പോഴത്തെ ഡോളര്‍ മൂല്യം അനുസരിച്ച് അപ്പോള്‍ അതിനേക്കാള്‍ 1 ലക്ഷത്തില്‍ അധികമാണ് ഈ ഫോണിന് ഇന്ത്യയിലെ വില. 

അതേസമയം, ഇന്ത്യയിലെ ഫോൾഡബിൾ ഫോൺ വിപണിയിൽ ഇതിനകം തന്നെ സാംസങ്ങ് അടക്കമുള്ള കമ്പനികൾ ശക്തമായ സാന്നിധ്യമുണ്ട്. ഉദാഹരണത്തിന് സാംസങ്ങ് ഗ്യാലക്സി ഇസഡ് ഫോള്‍ഡ് 8 ന്‍റെ വില ഇന്ത്യയിലെ വില ഐഫോണ്‍ ഡ്യൂവോയെക്കാള്‍ ഗണ്യമായി കുറവാണ്.ഇതോടെ ഫോൾഡബിൾ സെഗ്മെന്റിൽ ആപ്പിളിന്‍റെ ഈ ഫോണ്‍ പ്രീമിയം പ്രൊഡക്ടായി മാറുകയാണ്..

ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്സ് എന്നിവയുടെ ഇന്ത്യയിലെ പ്രീ ഓഡര്‍ സെപ്തംബര്‍ 12ന് ആരംഭിക്കും. സെപ്തംബര്‍ 18 മുതല്‍ വില്‍പ്പനയ്ക്ക് ആരംഭിക്കും. ഐഫോണ്‍ ഡ്യുവോയുടെ ഒക്ടോബര്‍ 16ന് ആരംഭിക്കുകയും ഒക്ടോബര്‍ 23മുതല്‍ വില്‍പ്പനയും ആരംഭിക്കും. 

SCROLL FOR NEXT