Source: X/ WhatsApp, Screen Grab
TECH

പൗരന്മാരോട് വാട്ട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഇറാൻ സർക്കാർ; ആശങ്ക പ്രകടിപ്പിച്ച് മെറ്റ

ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ സർക്കാർ അധികൃതർ ആളുകളോട് അവരുടെ സ്മാർട്ട്‌ ഫോണുകളിൽ നിന്ന് വാട്ട്‌സ്ആപ്പ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മെറ്റയുടെ ഈ പ്രസ്താവന.

Author : ന്യൂസ് ഡെസ്ക്

ഇസ്രയേലിലേക്ക് അയയ്ക്കുന്നതിനായി ഉപയോക്തൃ വിവരങ്ങൾ മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പ് ശേഖരിച്ചുവെന്ന് ആരോപിച്ച് പൗരന്മാരോട് ആപ്പ് ഡിലീറ്റ് ചെയ്യാൻ ഇറാനിയൻ ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ആളുകളോട് അവരുടെ സ്മാർട്ട്‌ഫോണുകളിൽ നിന്ന് വാട്ട്‌സ്ആപ്പ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന. അതേസമയം, സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് മാതൃകമ്പനിയായ മെറ്റ രംഗത്തെത്തി.

"ആളുകൾക്ക് ഞങ്ങളുടെ സേവനങ്ങൾ ഏറ്റവും ആവശ്യമുള്ള സമയത്ത്, ആപ്പ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുന്നതിനായി കണ്ടെത്തിയ ഒരു ഒഴിവുകഴിവായിരിക്കും ഇതെന്നാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പിൻ്റെ ആദ്യ പ്രതികരണം.

"നിങ്ങളുടെ കൃത്യമായ സ്ഥാനം ഞങ്ങൾ ട്രാക്ക് ചെയ്യുന്നില്ല. എല്ലാവരും ആർക്കൊക്കെ സന്ദേശമയയ്ക്കുന്നു എന്നതിൻ്റെ ലോഗുകൾ ഞങ്ങൾ സൂക്ഷിക്കുന്നില്ല. ആളുകൾ പരസ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങൾ ഞങ്ങൾ ട്രാക്ക് ചെയ്യുന്നില്ല," എന്നും വാട്സ് ആപ്പ് മറുപടി നൽകി.

“ഞങ്ങൾ ഒരു സർക്കാരിനും ഉപയോക്താക്കളുടെ വിവരങ്ങൾ നൽകുന്നില്ല. വാട്ട്‌സ്ആപ്പ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നുണ്ട്. ഒരു സേവന ദാതാവിന് വരുന്ന സന്ദേശം ഇടനിലക്കാരായ മറ്റൊരാൾക്കും വായിക്കാൻ കഴിയില്ല," വാട്സ് ആപ്പ് വിശദീകരിച്ചു.

SCROLL FOR NEXT