ചെറിയ വിലയിൽ മികച്ച സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ഇന്ത്യൻ സ്മാർട്ട് ഫോൺ ബ്രാൻഡ് ആണ് ലാവ. അതുകൊണ്ടുതന്നെ ലാവ ഫോണുകൾക്ക് വലിയ ആരാധകരുണ്ട്. ബ്രാൻഡിൻ്റെ പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുന്ന ആരാധകർക്കിതാ ഒരു സന്തോഷ വാർത്ത. ലാവ തങ്ങളുടെ ബ്ലേസ് സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നു. ലാവ ബ്ലേസ് അമോലെഡ് 2 5ജി എന്ന മോഡൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ ബ്ലേസ് ഡ്രാഗൺ ഉൾപ്പെടെയുള്ള ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾ ഇറക്കിയതിന് പിന്നാലെയാണ് പുതിയ മോഡലും എത്തിച്ചത്.
വെറും 7.55mm കനം മാത്രമുള്ള ഈ സ്മാർട്ട്ഫോൺ സെഗ്‌മെന്റിലെ ഏറ്റവും സ്ലിം സ്മാർട്ട്‌ഫോണാൺ ആണെന്നാണ് കമ്പനി പറയുന്നത്. ബ്ലോട്ട്‌വെയർ ഇല്ലാതെ ക്ലീൻ ആൻഡ്രോയിഡ് 15ൽ ആണ് ഈ സ്മാർട്ട് ഫോണിൻ്റെ പ്രവർത്തനം. നവീകരിച്ച പാറ്റേണുകളും ടെക്സ്ചറുകളും ഉൾക്കൊള്ളുന്ന ലീനിയ ഡിസൈൻ ആണ് ബ്ലേസ് അമോലെഡ് 2 5ജിയിൽ നൽകിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7060 പ്രോസസർ ആണ് ഫോണിന്റെ കരുത്ത്. ഈ ചിപ്സെറ്റുള്ള ആദ്യ ഫോണുകളിൽ ഒന്നാണിത്.
ലാവ ബ്ലേസ് അമോലെഡ് 2 5Gയുടെ പ്രധാന ഫീച്ചറുകൾ
ഫുൾ HD+ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേ, അതിനു 120Hz റിഫ്രഷ് റേറ്റ് പിന്തുണ എന്നിവ ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്ക്രോളിംഗും ആനിമേഷനുകളും സുഗമമാക്കും. 2.6GHz ടോപ്പ് ക്ലോക്ക് സ്പീഡുള്ള മീഡിയടെക് ഡൈമെൻസിറ്റി 7060 ചിപ്‌സെറ്റ് ലാവ ബ്ലേസ് അമോലെഡ് 2 5G ഫോണിനു കരുത്ത് പകരും. ഇതു 6GB LPDDR5 റാമും 6GB വെർച്വൽ റാമും സപ്പോർട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു, ഇത് മൾട്ടിടാസ്കിംഗ് എളുപ്പമാക്കും. വേഗത്തിലുള്ള പ്രകടനത്തിനായി 128GB UFS 3.1 ഇന്റേണൽ സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യും.
ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ, പിന്നിൽ 50MP സോണി AI എനേബിൾഡ് മെയിൻ ക്യാമറയുമായാണ് ബ്ലേസ് AMOLED 2 5G എത്തുക.ചതുരാകൃതിയിൽ ബ്ലാക്ക് കളറിലുള്ള ക്യാമറ മൊഡ്യൂളുള്ള ഒരു വെളുത്ത ബാക്ക് പാനൽ ഉണ്ടായിരിക്കും. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിനൊപ്പം എൽഇഡി ഫ്ലാഷും ഈ മൊഡ്യൂളിൽ സജ്ജീകരിച്ചിരിക്കുന്നു. USB ടൈപ്പ്-സി പോർട്ട് ഉപയോഗിച്ച് 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഇതിനുണ്ടാവുക. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഫേസ് അൺലോക്കും സുരക്ഷയ്ക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.
15,000 രൂപയിൽ താഴെയുള്ള പ്രൈസ് റേഞ്ചിൽ വരുന്ന ഏറ്റവും സ്ലിമ്മായ സ്മാർട്ട്‌ഫോണായിരിക്കും ബ്ലേസ് അമോലെഡ് 2 5G എന്നാണ് കമ്പനി പറയുന്നത്. ഫെതർ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. ഫോണിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ ഉപയോക്താക്കൾക്ക് കസ്റ്റമർ സർവീസും മറ്റും ലഭിക്കാൻ സർവീസ് സെൻ്റർ വരെ പോകേണ്ട കാര്യമില്ല. സൗജന്യ ഹോം സർവീസാണ് ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആമസോണിൽ നിന്നും ലാവയുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും ഓഗസ്റ്റ് 16 മുതൽ ഇത് ലഭ്യമാകും.