ആഗോളതലത്തിൽ മെറ്റയ്ക്ക് കീഴിലുള്ള സമൂഹമാധ്യമ മെസഞ്ചർ ആപ്പുകൾ കൂട്ടത്തോടെ പണിമുടക്കിയതോടെ വലഞ്ഞ് ഉപയോക്താക്കൾ. വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളാണ് വെള്ളിയാഴ്ച രാത്രി 7.30ന് ശേഷം പ്രവർത്തനം നിലച്ചത്. നിരവധി പേരാണ് പരാതികൾ ഉന്നയിച്ച് രംഗത്തെത്തിയത്.
ഫേസ്ബുക്കിലേയും ഇൻസ്റ്റഗ്രാമിലേയും വാട്സാപ്പിലേയും ആക്ടീവ് ലോഗിനുകൾ മാറി ലോഗൗട്ട് ആവുകയായിരുന്നു. കണ്ടൻ്റ് പോസ്റ്റിങ്ങിലും, ടൈം ലൈൻ കാണുന്നതിലും പ്രയാസങ്ങൾ നേരിട്ടതായി ആഗോളതലത്തിൽ നിരവധി പേരാണ് പരാതിപ്പെട്ടത്.
ഇന്ത്യക്ക് പുറമെ ഒട്ടുമിക്ക എല്ലാ വിദേശ രാജ്യങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. ടെക് വെബ്‌സൈറ്റായ യൂണിലാഡിൻ്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 5700 ഓളം പരാതികൾ ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഫേസ്ബുക്ക് പ്രവർത്തനങ്ങളിൽ കാര്യമായ സാങ്കേതിക തടസങ്ങൾ നേരിട്ടിരുന്നു.
അതേസമയം, രാത്രി 8 മണിയോടെ വാട്സാപ്പ്, ഇൻസ്റ്റഗ്രാം പ്രവർത്തനം നേരെയായെങ്കിലും ഫേസ്ബുക്കിൽ ലോഗിൻ പ്രശ്നങ്ങൾ നേരിടുന്നതായി ഉപയോക്താക്കൾ പരാതിപ്പെടുന്നുണ്ട്. രാത്രി 8.15 ഓടെ മെറ്റയുടെ മുഴുവൻ സോഷ്യൽ മീഡിയ ആപ്പുകളും പ്രവർത്തനക്ഷമമായിട്ടുണ്ട്.
മറ്റു രാജ്യങ്ങളിൽ നേരിട്ട പ്രശ്നം പരിഹരിക്കപ്പെട്ടോ എന്ന് വ്യക്തമല്ല. ഇപ്പോഴും ഫേസ്ബുക്ക് ആഡ്‌സ് മാനേജർ, മെസഞ്ചർ എ.പി.ഐ ഫോർ ഇൻസ്റ്റഗ്രാം, മെസഞ്ചർ പ്ലാറ്റ്ഫോം, വാട്സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം എന്നിവയിൽ വലിയ തോതിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് മെറ്റാസ്റ്റാറ്റസ്.കോം അറിയിക്കുന്നത്.