ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാനുള്ള മെറ്റയുടെ നീക്കത്തില്‍ നടുങ്ങിയിരിക്കുകയാണ് ടെക് ലോകം. പുലര്‍ച്ചെ നാല് മണിയോടെ അയച്ച ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് ജോലി നഷ്ടപ്പെട്ട വിവരം മെറ്റയുടെ എച്ച് ആര്‍ വിഭാഗം ജീവനക്കാരെ അറിയിച്ചത്. ആഗോളതലത്തില്‍ 8000 ജീവനക്കാരെയാണ് മാര്‍ക് സക്കര്‍ബര്‍ഗിന്റെ കമ്പനി പരിച്ചു വിടുക.
ആദ്യം വര്‍ക്ക് ഫ്രം ഹോം ആണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീട്, ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുറമേ നിലവിലുള്ള 7000 ത്തോളം ജീവനക്കാരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പ്രൊജക്ടറ്റുകളിലേക്ക് മാറ്റാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 6000 ഒഴിവുകള്‍ നികത്തില്ല. ഇതോടെ 14000 തസ്തികകള്‍ മെറ്റയില്‍ ഇല്ലതാകും.
ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, സിങ്കപ്പൂരിലെ മെറ്റ ജീവനക്കാര്‍ക്കാണ് ആദ്യം ഇ-മെയില്‍ ലഭിച്ചത്.
എന്താണ് മെറ്റയില്‍ സംഭവിക്കുന്നത്?
ചെലവ് ചുരുക്കലിന്റെയും പുനഃസംഘടനയുടെയും ഭാഗമായി ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, റിയാലിറ്റി ലാബ്സ് തുടങ്ങിയ പ്രമുഖ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ പ്രധാനമായും ബാധിക്കുക. ഒറ്റയടിക്ക് ജീവനക്കാരെ പിരിച്ചുവിടുന്നതിനു പകരം, വ്യത്യസ്ത ടീമുകളില്‍ ഘട്ടം ഘട്ടമായിട്ടാണ് പിരിച്ചുവിടല്‍ നടപ്പിലാക്കുന്നത്. ഇന്‍സ്റ്റാഗ്രാം, വാട്സ്ആപ്പ്, റിയാലിറ്റി ലാബ്സ് എന്നിവയില്‍ ചില പ്രത്യേക പ്രൊജക്ടുകള്‍ക്കോ ഫീച്ചറുകള്‍ക്കോ ഇപ്പോള്‍ കമ്പനി പ്രാധാന്യം നല്‍കുന്നില്ല. അത്തരം ടീമുകളെ പൂര്‍ണ്ണമായി ഒഴിവാക്കുകയോ മറ്റ് പ്രധാന ടീമുകളിലേക്ക് ലയിപ്പിക്കുകയോ ചെയ്യുകയാണ്. ലയിപ്പിക്കുന്ന സമയത്ത് ഒരേ തസ്തികയിലുള്ള പലര്‍ക്കും ജോലി നഷ്ടപ്പെടുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെറ്റാവേഴ്‌സ് തുടങ്ങിയ സാങ്കേതികവിദ്യകളിലേക്ക് കൂടുതല്‍ പണം നിക്ഷേപിക്കുന്നതിനായി നിലവിലെ പ്രവര്‍ത്തനച്ചെലവുകള്‍ പരമാവധി കുറയ്ക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
2022-ലും 2023-ലും 'ഇയര്‍ ഓഫ് എഫിഷ്യന്‍സി' എന്ന് പ്രഖ്യാപിച്ച് പതിനായിരക്കണക്കിന് ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോഴും കമ്പനിയില്‍ മാറ്റങ്ങള്‍ തുടരുകയാണ്.
എഐ നമ്മുടെ പണി കളയുമോ?
ഒരു വശത്ത് എഐയെ ആശ്രയിച്ച് ജോലി തുടരുമ്പോഴും എല്ലാവരുടേയും ആശങ്കയാണിത്. എഐ സാങ്കേതിക വളര്‍ന്നു കൊണ്ടിരിക്കുന്ന ഘട്ടമായതിനാല്‍ കുറച്ചു കാലത്തേക്ക് ചില മേഖലകളില്‍ ജോലി നഷ്ടം തുടരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
മെറ്റ അടക്കമുള്ള ആഗോള ടെക് ഭീമന്മാര്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നത് കമ്പനി നഷ്ടമായതു കൊണ്ടല്ല, മറിച്ച് അവരുടെ മുന്‍ഗണന മാറിയതു കൊണ്ടാണ്. പല വലിയ കമ്പനികളും പരമ്പരാഗത ജോലികളില്‍ നിന്നുണ്ടാക്കുന്ന ലാഭം എഐ വികസിനത്തിനായി ഉപയോഗിക്കുകയാണ്.
മെറ്റയില്‍ തന്നെ ഇപ്പോള്‍ നടക്കുന്ന പിരിച്ചുവിടലിന് കാരണം, കോവിഡ് സമയത്തുണ്ടായതുപോലെ പെട്ടെന്നുള്ള സാമ്പത്തിക പ്രതിസന്ധിയല്ല. നിലവില്‍ മെറ്റയുടെ ഏറ്റവും വലിയ മുന്‍ഗണന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ്. Llama (ലാര്‍ജ് ലാംഗ്വേജ് മോഡല്‍) പോലുള്ള എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിനും എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനും കോടിക്കണക്കിന് ഡോളര്‍ ആവശ്യമുണ്ട്. ലഭിക്കുന്ന ലാഭം മുഴുവന്‍ എഐ ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കാനാണ് മെറ്റ ശ്രമിക്കുന്നത്.
മെറ്റയുടെ പ്രധാന വരുമാന മാര്‍ഗ്ഗം ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമുള്ള പരസ്യങ്ങളാണ്. ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം പരസ്യ വിപണിയില്‍ വലിയ മത്സരമുണ്ട്. അതുകൊണ്ട് തന്നെ ഭാവിയില്‍ വരുമാനം കുറഞ്ഞാലും കമ്പനിയുടെ ലാഭക്ഷമതയെ ബാധിക്കാതിരിക്കാന്‍ മുന്‍കൂട്ടിത്തന്നെ പ്രവര്‍ത്തനച്ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയാണ് മെറ്റ ചെയ്യുന്നത്.