ലോകമെമ്പാടുമുള്ള കംപ്യൂട്ടിങ് മേഖലയിൽ വിപ്ലവം തീർത്ത മൈക്രോസോഫ്റ്റ് വിൻഡോസ് 40 വർഷം പിന്നിടുന്നു. 1985ൽ പുറത്തിറങ്ങിയ മൈക്രോസോഫ്റ്റ് 40 വർഷം കൊണ്ട് 11 പതിപ്പുകളാണ് പുറത്തിറക്കിയത്. പേഴ്സണൽ കമ്പ്യൂട്ടിംഗിന്റെ ചരിത്രത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടാണ് വിൻ 1985 നവംബർ 20-ന് വിൻഡോസ് 1.0 പുറത്തിറങ്ങിയത്.
ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് അവതരിപ്പിച്ച മൈക്രോസോഫ്റ്റിന്റെ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം മനുഷ്യനും കംപ്യൂട്ടറും തമ്മിലുള്ള ഇടപെടലിനെ അടിമുടി മാറ്റിമറിച്ചു. തുടക്കത്തിൽ ഉണ്ടായിരുന്ന പോരായ്മകൾ ബിൽഗേറ്റ്സിൻ്റെ പുത്തൻ ആശയത്തോടെയാണ് പരിഹരിക്കുന്നത്.
കമാൻഡ് ലൈൻ ഓപ്പറേഷനിൽ നിന്നും മൗസ് ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ തുറക്കാനും, ഫയലുകൾ കൈകാര്യം ചെയ്യാനും, വിൻഡോകൾ ടൈൽ ചെയ്ത് വെക്കാനും കഴിയുന്ന ലളിതമായ രീതിയിലേക്ക് കംപ്യൂട്ടറുകളുടെ പ്രവർത്തനം മാറി. ഇതോടെ കംപ്യൂട്ടറുകൾ സാധാരണക്കാർക്കും ഉപയോഗിക്കാവുന്ന തലത്തിലെത്തി.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വീട്ടിലും ഓഫീസുകളിലും വിൻഡോസ് ഇന്നും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്. 2021ൽ പുറത്തിറങ്ങിയ വിൻഡോസ് 11 ആണ് വിൻഡോസിൻ്റെ ഏറ്റവും ഒടുവിലത്തെ പതിപ്പ്. എഐ, ചാറ്റ് ജിപിടി തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ കടന്നുവന്നതോടെ ഇവയെക്കൂടി ഉൾപ്പെടുത്തികൊണ്ട് പുതിയ പതിപ്പ് ഒരുക്കാനുള്ള പരിശ്രമത്തിലാണ് മൈക്രോസോഫ്റ്റ്.