പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ജൂൺ മാസം മികച്ചൊരു ഓപ്ഷനായിരിക്കും. മുൻനിര ബ്രാൻഡുകളുൾപ്പെടെ വിവിധ ബ്രാൻഡുകളുടെ പുതിയ മോഡലുകൾ അടുത്തമാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൺപ്ലസ്, നത്തിങ്, വിവോ തുടങ്ങിയവയുടെ പുതിയ മോഡലുകളാണ് പുറത്തിറങ്ങുക.
വൺപ്ലസ് 13എസ്
വൺപ്ലസിൻ്റെ ആദ്യ കോംപാക്റ്റ് ഫ്ലാഗ്ഷിപ്പായ വൺപ്ലസ് 13എസ് ജൂൺ ആദ്യവാരം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ് സെറ്റിന്റെ പിന്‍ബലത്തില്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് ഫോണ്‍ എത്തുകയെന്നാണ് വിവരം. രണ്ട് കളര്‍ ഓപ്ഷനുകള്‍ ഫോണിനുണ്ടാവുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ടെലിഫോട്ടോ, വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന 50 എംപി ഡ്യുവല്‍ ക്യാമറയും ഫോണിനുണ്ട്. 6,260mAh ബാറ്ററിയും 80W ഫാസ്റ്റ് ചാർജിങ്ങും നൽകിയിരിക്കുന്ന ഈ സ്മാർട്ട് ഫോണിന് ഏകദേശം 49,990 രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നത്തിങ് ഫോൺ 3
പ്രകടനത്തിലും ഡിസൈനിലും മുന്‍ഗാമികളേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന നത്തിങ് ഫോണ്‍ 3യെ യഥാര്‍ത്ഥ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ് സെറ്റിലാണ് ഫോൺ എത്തുകയെന്നാണ് വിവരം. 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേ, 64MP പ്രൈമറി ലെൻസും പെരിസ്കോപ്പ്-സ്റ്റൈൽ ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ, 5,000mAh ബാറ്ററി എന്നിവയോടെ പ്രീമിയം ടാഗിലാവും ഫോണ്‍ വിപണിയിലെത്തുക. എഐ അധിഷ്ടിതമായ നൂതന സംവിധാനങ്ങളും ഫോണില്‍ പ്രതീക്ഷിക്കാം. വില ഏകദേശം 44,999 രൂപയാണ് പ്രതീക്ഷിക്കുന്നത്.
വിവോ ടി4 അൾട്രാ
ജൂൺ ആദ്യത്തോടെ വിവോ ടി4 അൾട്രാ മോഡൽ വിപണിയിലെത്തിക്കുമെന്നാണ് സൂചന. മീഡിയടെക് ഡൈമെൻസിറ്റി 9300 സീരീസ് SoC ആയിരിക്കും ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 6.67 ഇഞ്ച് പിഒഎൽഇഡി ഡിസ്‌പ്ലേയാണ് ഫോണിന് ഉണ്ടായിരിക്കുക. 50MP സോണി IMX921 സെൻസർ, 3X മാഗ്നിഫിക്കേഷനോടുകൂടിയ 50MP പെരിസ്കോപ്പ് ടെലിഫോട്ടോ, 10X മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിന് നൽകിയിരിക്കുന്നത്.
ഇൻഫിനിക്സ് GT30
ഗെയിമിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കി ഇന്‍ഫിനിക്‌സ് അവതരിപ്പിക്കുന്ന പുതിയ ഫോണായ ജിടി30 ജൂണ്‍ 3 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് കളര്‍ വേരിയന്റുകളിലെത്തുന്ന ഫോണിന് ഡിയാടെക് ഡൈമെന്‍സിറ്റി 8350 പ്രോസസറാണ് നൽകിയിരിക്കുന്നത്. 6.78 ഇഞ്ച് 1.5 കെ അമോലെഡ് ഡിസ്പ്ലേ, 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 2160 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റുമാണ് ജിടി 30യുടെ മറ്റ് ഫീച്ചറുകൾ. ഫോണിന് ഏകദേശം 25,000 രൂപ വില വരുമെന്നാണ് പ്രതീക്ഷ.
ഓപ്പോ റെനോ 14 സീരീസ്
ഓപ്പോ റെനോ 14, ഓപ്പോ റെനോ 14 പ്രോ ഉൾപ്പെടുന്ന റെനോ 14 സീരീസ് ജൂണിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ മോഡലുകളെ അപേക്ഷിച്ച് മൂന്ന് മടങ്ങ് താപ കാര്യക്ഷമതയുള്ള നാനോ ഐസ് ക്രിസ്റ്റൽ ഹീറ്റ് സിങ്ക് സഹിതമാണ് പുതിയ റെനോ 14 സീരീസ് ഫോണുകൾ എത്തുന്നത്. 6.59 ഇഞ്ച് സ്ക്രീനാണ് റെനോ 14 മോഡലിലുളളത്. പ്രോ മോഡലിൽ 6.83 ഇഞ്ച് സ്‌ക്രീനും നൽകിയിട്ടുണ്ട്. 50MP മെയിൻ ക്യാമറ. 8MP അൾട്രാ-വൈഡ് ക്യാമറ, 50MP 3.5X പെരിസ്കോപ്പ് ക്യാമറ എന്നിവ റെനോ 14 മോഡലിന് നൽകിയപ്പോൾ, മൂന്ന് റിയർ ക്യാമറകളും 50MPയുടേതാണ് റെനോ 14 പ്രോയ്ക്ക് നൽകിയിരിക്കുന്നത്.
വിവോ X200 എഫ്ഇ
വിവോ X200 സീരിസില്‍ ഉള്‍പ്പെടുന്ന വിവോ X200 FE സ്‌മാര്‍ട്ട് ഫോണും ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.31 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയായിരിക്കും ഫോണിനെന്നാണ് റിപ്പോർട്ട്. 16GB റാമും 256GB സ്റ്റോറേജുമാണ് ഇതിനുള്ളത്. കൂടാതെ മീഡിയടെക് ഡൈമെൻസിറ്റി 9400e ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറയോടെയാകാം വിവോ X200 FE എത്തുമെന്നാണ് പ്രതീക്ഷ. 90W ഫാസ്റ്റ് ചാർജിങ് ചെയ്യാന്‍ സാധിക്കുന്ന 6,500mAh ബാറ്ററിയുള്ള ഫോണിന് 50,000 രൂപ മുതൽ 60,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
ഇതിനുപുറമെ മറ്റ് ബ്രാൻഡുകളും പുതിയ മോഡലുകൾ ജൂൺ മാസത്തിൽ വിപണിയിലെത്തിക്കുമെന്നാണ് സൂചനകൾ.