സാൻ ഫ്രാൻസിസ്കോ: പതിവ് രീതിയില്‍ നിന്ന് മാറ്റി സെപ്റ്റംബറിലെ ഐഫോണ്‍ ലോഞ്ച് പ്രീമിയം മോഡലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ ആപ്പിൾ, ഐഫോണ്‍ 18 അടിസ്ഥാന മോഡലുകള്‍ അടുത്ത വർഷം ഫെബ്രുവരിയിലോ മാർച്ചിലോ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആപ്പിളിൻ്റെ ഐഒഎസ് 27.4 അപ്ഡേറ്റ് സൈക്കിളിനോടനുബന്ധിച്ച് 2027 ലെ ഐഫോണ്‍ 18, ഐഫോണ്‍ 18 ഇ എന്നീ ബജറ്റ് ഫ്രണ്ട്ലി ഫോണുകള്‍ വിപണിയിലെത്തിക്കാൻ കമ്പനി ലക്ഷ്യമിടുന്നതായി ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വർഷം സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, കമ്പനിയുടെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഡുവോ എന്നിവയാണ് ആപ്പിൾ അവതരിപ്പിച്ചത്. സാധാരണയായി സെപ്റ്റംബറിൽ പുറത്തിറക്കാറുള്ള നോൺ പ്രോ മോഡലുകൾ ഒഴിവാക്കിയത് ടെക് ലോകത്ത് ചർച്ചയായിരുന്നു.പുതിയ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി മാർച്ച് മാസങ്ങളിലായി ഐഫോൺ 18, ഐഫോൺ 18ഇ എന്നിവയ്ക്കൊപ്പം പുതിയ മാക്ബുക്ക് നിയോ, വിലകുറഞ്ഞ പുതിയ എൻട്രി ലെവൽ ഐപാഡ്, പുതുക്കിയ മാക്ബുക്ക് എയർ എന്നിവയും ആപ്പിൾ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
അതേസമയം 2027 ആദ്യ പാദത്തിൽ പ്രതീക്ഷിച്ചിരുന്ന ഐഫോൺ എയർ 2 ലോഞ്ച് അൽപ്പം കൂടി നീളാൻ സാധ്യതയുണ്ട്. പുതിയ ഒ.എൽ.ഇ.ഡി ഐപാഡ് എയർ, പുതുക്കിയ ഐപാഡ് പ്രോ എന്നിവയ്ക്കൊപ്പം 2027 ആദ്യ പകുതിയിലായിരിക്കും ഐഫോൺ എയർ 2 എത്തുകയെന്നാണ് സൂചന. ആപ്പിളിൻ്റെ പുതിയ സി.ഇ.ഒ ജോൺ ടെർണസിൻ്റെ നിർദ്ദേശപ്രകാരം ഉൽപ്പന്നങ്ങളുടെ ലോഞ്ച് വർഷത്തിലെ വിവിധ ഘട്ടങ്ങളിലായി വിഭജിച്ചു നടത്തുന്ന പുതിയ തന്ത്രമാണ് ആപ്പിള്‍ നടപ്പിലാക്കുന്നത്.
വരാനിരിക്കുന്ന ഐഫോൺ 18ഇ മോഡലിൽ 6.12 ഇഞ്ച് എല്‍ടിപിസി ഒഎല്‍ഇഡി ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ 2027 ൽ പുറത്തിറങ്ങുന്ന ഫോണായിട്ടും ഇതിൽ 60Hz റിഫ്രഷ് റേറ്റ് മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം.
നിലവിൽ വിപണിയിലുള്ള ഐഫോൺ 17ഇ ക്ക് ഇന്ത്യയിൽ 79,900 രൂപയാണ് വില. ഐഫോൺ 18 ലും 18ഇ യിലും ആപ്പിളിൻ്റെ പുതിയ A20 ചിപ്‌സെറ്റും, ഓൺ-ഡിവൈസ് എ.ഐ ഫീച്ചറുകൾക്ക് കരുത്തേകാൻ 9 ജി.ബി റാമും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുൻഗാമികളായ ഐഫോൺ 17, 17ഇ മോഡലുകളിൽ 8 ജി.ബി റാം മാത്രമായിരുന്നതിനാൽ പൂർണ്ണമായ എ.ഐ ഫീച്ചറുകൾ ലഭിച്ചിരുന്നില്ല. 6.3 ഇഞ്ച് ഡിസ്‌പ്ലേയുമായി എത്തുന്ന സ്റ്റാൻഡേർഡ് ഐഫോൺ 18ല്‍ പുതിയ ആപ്പിള്‍ ഫീച്ചറുകള്‍ ലഭ്യമാകും.