റീൽസിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. അക്ഷരാർഥത്തിൽ പറഞ്ഞാൽ, ഫേസ്ബുക്കിലെ എല്ലാ വീഡിയോകളെയും ഉടൻ തന്നെ റീൽസ് ആയി മാറ്റുകയും, റീൽസായി റീൽസ് ഫീഡിലേക്ക് മാറ്റുകയും ചെയ്യും. വരും മാസങ്ങളിൽ, ഫേസ്ബുക്കിലെ എല്ലാ വീഡിയോകളും റീലുകളായായിരിക്കും പങ്കിടാനാകുകയെന്ന് ഫേസ്ബുക്ക് അറിയിച്ചു.
അപ്‌ലോഡ് ചെയ്യുമ്പോൾ വീഡിയോയോ റീലോ എന്നത് തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല. പോസ്റ്റ് ചെയ്യുന്ന വീഡിയകളെല്ലാം തന്നെ റീലുകളായിരിക്കും. ഫേസ്ബുക്കിലെ റീലുകൾക്ക് ദൈർഘ്യമോ ഫോർമാറ്റ് നിയന്ത്രണങ്ങളോ ഉണ്ടാകില്ലെന്നും ഫേസ്ബുക്ക് പറയുന്നു. വീഡിയോ ടാബിനെ ഇനി റീൽ ടാബ് എന്ന് പുനർനാമകരണം ചെയ്യുകയാവും ചെയ്യുക.
ലൈവ് സ്ട്രീമുകളെ ഇതിൽ ഉൾപ്പെടുത്തില്ല. ലൈവ് സ്ട്രീമുകൾ ഇപ്പോഴും അതിന്റേതായ സെക്ഷനിൽ തന്നെയാണ് ഉണ്ടാകുക. എന്നാൽ, മറ്റെല്ലാ വീഡിയോകളും റീൽ സെക്ഷനിൽ ആകും ഉണ്ടാകുക. നിങ്ങളുടെ വീഡിയോ മെട്രിക്സുകളുടെ കാര്യത്തിൽ, വീഡിയോ, റീൽസ് മെട്രിക്സുകൾ ഇപ്പോൾ റീൽസ് അനലിറ്റിക്സിലേക്ക് സംയോജിപ്പിക്കുമെന്നും മെറ്റാ പറയുന്നു. മെറ്റയുടെ മൊണറ്റൈസേഷൻ സ്കീമുകളിലും ഈ മാറ്റം പ്രതിഫലിക്കും.
നേരത്തെ 2023ൽ റീലുകളുടെ ദൈർഘ്യം 60 സെക്കൻഡിൽ നിന്ന് 90 സെക്കൻഡായി മാറ്റിയിരുന്നു. ആപ്പിൽ ചെലവഴിക്കുന്ന സമയത്തിന്റെ പ്രധാന ഘടകമായ ഫോർമാറ്റിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് അത് പ്രതിഫലിപ്പിക്കുന്നത്.