ഇലോൺ മസ്‌ക് 
TECH

ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍; 3500 പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്ത് എക്‌സ്

600 അക്കൗണ്ടുകള്‍ നീക്കം ചെയ്തതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം കേന്ദ്രം ഫ്‌ളാഗ് ചെയ്തതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് 3,500 പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്യുകയും 600 അക്കൗണ്ടുകള്‍ നീക്കം ചെയ്തതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്ലാറ്റ്ഫോമില്‍ അശ്ലീല ഉള്ളടക്കം അനുവദിക്കില്ലെന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുമെന്നും എക്സ് സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അശ്ലീല ഉള്ളടക്കം ഫ്‌ളാഗ് ചെയ്തത്. അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ഐടി മന്ത്രാലയം എക്‌സ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.

എക്‌സിന്റെ എഐ സേവനമായ ഗ്രോക്ക് ഉപയോഗിച്ച് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കുന്നതായി മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നത് തടയാന്‍ സാങ്കേതികമായ മാറ്റങ്ങള്‍ വരുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് പ്ലാറ്റ്ഫോമിന്റെ വലിയ സുരക്ഷാ വീഴ്ചയാണെന്ന് സര്‍ക്കാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഐടി ആക്ട് സെക്ഷന്‍ 79 പ്രകാരം കമ്പനിക്ക് ലഭിക്കുന്ന നിയമപരമായ പരിരക്ഷ നഷ്ടപ്പെടുമെന്നും ഭാരതീയ ന്യായ സംഹിത, പോക്‌സോ വകുപ്പുകള്‍ പ്രകാരം നടപടിയുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

SCROLL FOR NEXT