പുതിയ ഓപ്പോ K13X 5G Source: X/ Oppo India, Screen Grab
TECH

മിഡ് റേഞ്ച് സ്മാർട്ട്‌ ഫോണുകളില്‍ തരംഗമാകാന്‍ ഓപ്പോ; K13X 5G ഉടൻ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍ നോക്കാം

കഴിഞ്ഞ വർഷം ഇറങ്ങിയ ഓപ്പോ K12X 5Gയുടെ പിന്‍ഗാമിയാണ് പുതിയ ഫോണ്‍.

Author : ന്യൂസ് ഡെസ്ക്

ഓപ്പോ കെ13 എക്സ് 5G (K13X 5G) ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും. വെള്ളിയാഴ്ച പുറത്തിറക്കിയ ടീസറിലൂടെയാണ് പുതിയ കെ സീരീസ് സ്മാർട്ട്‌ ഫോണുകള്‍ അവതരിപ്പിക്കുന്നതായി ചൈനീസ് ടെക് ബ്രാൻഡ് പ്രഖ്യാപിച്ചത്. പ്രധാനമായും ഫ്ലിപ് കാർട്ടിലൂടെയാകും ഫോണുകളുടെ വില്‍പ്പന.

കഴിഞ്ഞ വർഷം ഇറങ്ങിയ ഓപ്പോ K12X 5Gയുടെ പിന്‍ഗാമിയാണ് പുതിയ ഫോണ്‍. മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്‌സെറ്റും 45W ഫാസ്റ്റ് ചാർജിങ് സൗകര്യവുമുള്ള 6,000 mAh ബാറ്ററിയുമായാണ് പുതിയ കെ സീരീസ് ഫോണുകള്‍ എത്തുക എന്നാണ് റിപ്പോർട്ടുകള്‍. ഈടുനിൽക്കുന്ന രൂപകൽപ്പനയും ദീർഘകാലം നിലനിൽക്കുന്ന ബാറ്ററിയുമാണ് ഈ ഫോണുകളുടെ സവിശേഷത.

എഐയിൽ പ്രവർത്തിക്കുന്ന ക്യാമറയും അൾട്രാ ഫാസ്റ്റ് ചാർജിങ് സവിശേഷതകളും K13X 5G ഉണ്ടെന്നാണ് കമ്പനി പരസ്യം ചെയ്തിരിക്കുന്നത്. പുതിയ ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും രാജ്യത്തെ മിഡ് റേഞ്ച് സ്മാർട്ട്‌ ഫോൺ വിഭാഗത്തിൽ ഈ ഫോണ്‍ തരംഗം സൃഷ്ടിക്കുമെന്നാണ് ഓപ്പോയുടെ പ്രതീക്ഷ.

ഫ്ലിപ്‍കാർട്ടിലൂടെയും ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോറിലൂടെയും ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയുമാകും ഫോണുകള്‍ ലഭ്യമാക്കുക. അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍, ഓപ്പോ K13X 5Gയിൽ മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്‌സെറ്റും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാകും ഉണ്ടാകുക. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി ലെൻസും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാകും ഓപ്പോ ലഭ്യമാക്കുക എന്നാണ് സൂചന.

ഓപ്പോ K12X 5G വില, സവിശേഷതകള്‍

കഴിഞ്ഞ വർഷം ജൂലൈയിലാണ് ഓപ്പോ K12X 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഓപ്പോ K12X 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 12,999 രൂപയാണ് ഇന്ത്യയിലെ വില.

ഓപ്പോ K12X 5ജിയിൽ 6.67 ഇഞ്ച് എച്ച്ഡി+ (1,604 x 720 പിക്സല്‍സ്) എൽസിഡി സ്ക്രീൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്‌സെറ്റ്, 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജ് എന്നിവയാണുള്ളത്. 32 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് മെഗാപിക്സൽ സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഇതിനുള്ളത്. 8 മെഗാപിക്സൽ സെൽഫി ഷൂട്ടറും IP54 റേറ്റഡ് ബിൽഡും ഫോണിനുണ്ട്.

SCROLL FOR NEXT