TECH

വിപണി കീഴടക്കാൻ വൺപ്ലസ്; 16, 16ആർ എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്

കഴിഞ്ഞ മാസമാണ് ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിൽ വൻ നീക്കത്തിനൊരുങ്ങി പ്രമുഖ ടെക് ഭീമന്മാരായ വൺപ്ലസ്. കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ വൺപ്ലസ് 16, വൺപ്ലസ് 16ആർ എന്നിവ ഇന്ത്യൻ വിപണിയിലും അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് 16ആർ മാത്രമായിരിക്കും ഇന്ത്യയിലെത്തുക എന്ന സൂചനകളുണ്ടായിരുന്നതെങ്കിലും, ഇപ്പോൾ ഫ്ലാഗ്ഷിപ്പ് പതിപ്പായ വൺപ്ലസ് 16നും ഇന്ത്യൻ വിപണിയിൽ എത്തിയേക്കുമെന്നാണ് ടെക് ലോകത്തെ പ്രമുഖ ടിപ്‌സ്റ്റർമാർ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ മാസമാണ് ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചത്.

ഈ അപ്ഡേറ്റിലെ പ്രധാന ചർച്ചാവിഷയം ഫോണുകളുടെ പ്രതീക്ഷിക്കുന്ന നിരക്കുകളാണ്. വൺപ്ലസിന്റെ പതിവ് വിലനിലവാരത്തിൽ നിന്ന് ഏറെ ഉയർന്ന്, ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 16ന് 1.3 ലക്ഷം മുതൽ 1.4 ലക്ഷം രൂപ വരെ വിലയുണ്ടാകാമെന്നാണ് സൂചന. വൺപ്ലസ് 15 വിപണിയിലെത്തിയ 85,999 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയൊരു തുക തന്നെയാണ്. അതേസമയം, വൺപ്ലസ് 16ആർ മോഡലിന് 70,000 രൂപ മുതൽ 75,000 രൂപ വരെ പ്രതീക്ഷിക്കാം. ഇതോടെ ആപ്പിൾ, സാംസങ് തുടങ്ങിയ വമ്പന്മാർ വാഴുന്ന പ്രീമിയം സ്മാർട്ട്‌ഫോൺ നിരയിലേക്ക് വൺപ്ലസും ശക്തമായി ചുവടുവെക്കുകയാണ്.

ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് 16ന്റെ സവിശേഷതകൾ ഫോണിന്റെ പ്രകടനത്തെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്നുണ്ട്. 5,999 ചൈനീസ് യുവാൻ ആണ് ചൈനയിലെ പ്രാരംഭ വില. ഇന്ത്യൻ രൂപയിൽ ഏകദേശം 86,000 രൂപ വരുമിത്. 6.78 ഇഞ്ച് എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. പിന്തുണയുള്ള ഗെയിമുകളിൽ 185 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് ലഭിക്കും. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രോസസറാണ് മറ്റൊരു പ്രധാന സവിശേഷത. 9,000 എംഎഎച്ച് ബാറ്ററിയും 100 വാട്ട് വയർഡ് ചാർജിങ്ങും 50 വാട്ട് വയർലെസ് ചാർജിങ്ങും ഫോണിലുണ്ട്. ക്യാമറ വിഭാഗത്തിൽ 200 മെഗാപിക്സൽ പ്രൈമറി സെൻസർ, 3 മടങ്ങ് ഒപ്റ്റിക്കൽ സൂം പിന്തുണയുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയും ഉൾപ്പെടുന്നു.

വൺപ്ലസ് 16ആറിൽ ചൈനയിൽ അടുത്തിടെ അവതരിപ്പിച്ച എയ്സ് 7 സീരീസിലെ ചില സാങ്കേതിക സവിശേഷതകൾ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ്, വലിയ ബാറ്ററി, പ്രത്യേക ടെലിഫോട്ടോ ക്യാമറ എന്നിവ ഫോണിലുണ്ടാകാമെന്നാണ് ചോർച്ചകൾ. എന്നാൽ ക്യാമറ സംവിധാനത്തിലും ഡിസ്പ്ലേ റിഫ്രഷ് റേറ്റിലും സംബന്ധിച്ച റിപ്പോർട്ടുകൾ തമ്മിൽ വ്യത്യാസമുണ്ട്. അതിനാൽ ഫോണിന്റെ അന്തിമ സവിശേഷതകൾ ഇപ്പോൾ ഉറപ്പായിട്ടില്ല. ഇന്ത്യയിലെ ലോഞ്ചും വിലയും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾക്കായി വൺപ്ലസിന്റെ പ്രഖ്യാപനം കാത്തിരിക്കണം.

SCROLL FOR NEXT