Image: freepik
TECH

കടുപ്പമുള്ള ജോലിയായിരിക്കും; 4.6 കോടി രൂപ വാര്‍ഷിക ശമ്പളത്തിന് ആളെ തേടി ഓപ്പണ്‍ എഐ

നേരത്തേ ഈ സ്ഥാനത്ത് ഇരുന്നവര്‍ക്ക് ജോലി ഭാരവും സമ്മര്‍ദവും കാരണം അധികകാലം തുടരാനായിട്ടില്ലെന്നും സാം ആള്‍ട്ട്മാന്‍ മുന്നറിയിപ്പ് നല്‍കുന്നു

Author : നസീബ ജബീൻ

ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐയില്‍ തൊഴിലവസരം. പ്രതിവര്‍ഷം 555,000 ഡോളര്‍ (ഏകദേശം 4.6 കോടി രൂപ)യാണ് ശമ്പളം. ജോലിഭാരവും ഉത്തരവാദിത്തവും അത്രമേല്‍ കഠിനമായ ജോലിയാണ് കാത്തിരിക്കുന്നത്. ഹെഡ് ഓഫ് പ്രിപ്പേര്‍ഡ്നെസ്സ് എന്ന തസ്തികയിലേക്കാണ് ആളെ തേടുന്നത്.

എഐ മനുഷ്യന്റെ മാനസികാരോഗ്യം, സൈബര്‍ സുരക്ഷ, ജൈവായുധ നിര്‍മ്മാണം എന്നിവയില്‍ ഉണ്ടാക്കാവുന്ന ഭീഷണികള്‍ തടയുക എന്നതാണ് പ്രധാന ചുമതല. എഐ സ്വയം പരിശീലനം നേടുകയും മനുഷ്യര്‍ക്കെതിരെ തിരിയുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക, എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയാനും അവയുടെ ദോഷവശങ്ങള്‍ പരിമിതപ്പെടുത്താനുമുള്ള വഴികള്‍ കണ്ടെത്തുക എന്നിവയാണ് ഉത്തരവാദിത്തം.

ഇതൊരു കഠിനമായ ജോലിയായിരിക്കുമെന്നും ജോലിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നുമാണ് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പറയുന്നത്. നേരത്തേ ഈ സ്ഥാനത്ത് ഇരുന്നവര്‍ക്ക് ജോലി ഭാരവും സമ്മര്‍ദവും കാരണം അധികകാലം തുടരാനായിട്ടില്ലെന്നും ആള്‍ട്ട്മാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ഉയര്‍ന്ന ശമ്പളത്തിന് പുറമെ, ഏകദേശം 500 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓപ്പണ്‍ എഐയുടെ ഓഹരി പങ്കാളിത്തവും ഈ തസ്തികയില്‍ ലഭിക്കും. ഓപ്പണ്‍ എഐയുടെ ഏറ്റവും നിര്‍ണായകമായ തസ്തികയാണിത്.

എഐ സാങ്കേതികവിദ്യയുടെ വര്‍ധിച്ചു വരുന്ന ശേഷിയും അതുണ്ടാക്കിയേക്കാവുന്ന അപകട സാധ്യതകളും സംബന്ധിച്ച് എഐ കമ്പനികള്‍ക്കുള്ളില്‍ തന്നെ ഉയരുന്ന മുന്നറിയിപ്പുകള്‍ക്കിടയിലാണ് ഇത്തരമൊരു തൊഴില്‍ അവസരം വരുന്നത്.

എഐയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മെക്രോസോഫ്റ്റ് എഐ ചീഫ് എക്‌സിക്യൂട്ടീവായ മുസ്തഫ സുലൈമാന്‍ ബിബിസി റേഡിയോ 4-ന്റെ 'ടുഡേ'യില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, "സത്യസന്ധമായി പറഞ്ഞാല്‍, ഈ നിമിഷം നിങ്ങള്‍ക്ക് അല്പം പോലും ഭയം തോന്നുന്നില്ലെങ്കില്‍, ചുറ്റും നടക്കുന്നത് നിങ്ങള്‍ ശ്രദ്ധിക്കുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്".

എഐ മേഖലയില്‍ കൃത്യമായ നിയമങ്ങളില്ലാത്തതിനാല്‍ കമ്പനികള്‍ തന്നെ സ്വയം നിയന്ത്രിക്കേണ്ട അവസ്ഥയാണുള്ളത്. ചാറ്റ്ജിപിറ്റിയുടെ ഉപയോഗം മൂലം ഉണ്ടായ ആത്മഹത്യകള്‍, കൊലപാതകങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ കമ്പനി നേരിടുന്നുണ്ട്. മൈക്രോസോഫ്റ്റ്, ഗൂഗിള്‍ ഡീപ്മൈന്‍ഡ് തുടങ്ങിയ പ്രമുഖ കമ്പനികളിലെ വിദഗ്ധരും എഐ മനുഷ്യരാശിക്ക് വരുത്തിവെക്കാവുന്ന വിപത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

SCROLL FOR NEXT