Samsung Galaxy Z Flip6 Source: Samsung
TECH

വരുന്നൂ ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഫ്ലിപ്പ് 7; ജൂലൈയിൽ പുറത്തിറക്കുമെന്ന് സൂചന

ഈ ഫോണുകൾക്കൊപ്പം ഗാലക്‌സി വാച്ച് 8, ഗാലക്‌സി വാച്ച് 8 ക്ലാസിക് എന്നിവയും സാംസങ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ

Author : ന്യൂസ് ഡെസ്ക്

ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ സാംസങ് അടുത്ത ഫോൾഡബിൾ ഫോണുകളുടെ സീരീസ് ഉടൻ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ജൂലൈയിൽ നടക്കാനിരിക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 ഉം ലോഞ്ച് ചെയ്യുമെന്നാണ് വിവരം. ന്യൂയോർക്കിലാകും പരിപാടിക്കുക.

ഈ ഫോണുകൾക്കൊപ്പം വരാനിരിക്കുന്ന ഗാലക്‌സി വാച്ച് 8, ഗാലക്‌സി വാച്ച് 8 ക്ലാസിക് എന്നിവയും സാംസങ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. മുൻ ഫോൾഡബിൾ ഫോണുകളെ അപേക്ഷിച്ച് പുതിയ സീരിസുകളിൽ ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളും ഡിസൈൻ മാറ്റങ്ങളും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫോള്‍ഡബിള്‍ സ്മാർട്ട്‌ഫോണുകളുടെ വിഭാഗത്തിലെ ഏറ്റവും കട്ടി കുറഞ്ഞതും ഭാരം കുറഞ്ഞതുമായിരിക്കും വരാനിരിക്കുന്ന ഗാലക്‌സി ഇസഡ് സീരീസ് എന്ന് സാംസങ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ഈ സ്മാർട്ട്‌ഫോണുകൾക്ക് ഒരു അൾട്രാ ലെവൽ അനുഭവം നൽകുമെന്നും സാംസങ് അവകാശപ്പെട്ടിരുന്നു.

ഇനി ഫോണിൻ്റെ ഫീച്ചറുകളിലേക്ക് നോക്കിയാൽ ഗാലക്‌സി ഇസഡ് ഫോൾഡ് 7 ന് 200 മെഗാപിക്സൽ പ്രൈമറി റീയര്‍ ക്യാമറ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 ൽ എക്‌സിനോസ് 2500 SoC സജ്ജീകരിക്കാൻ കഴിയും. സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 7 മോഡലിലും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് തന്നെയാകും കമ്പനി നൽകുക.

ക്ലാംഷെൽ സ്റ്റൈൽ ഫോൾഡബിളിന് 4,300mAh ബാറ്ററിയും, ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോണിന് 4,400mAh ബാറ്ററിയും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗാലക്‌സി ഇസഡ് ഫോൾഡ് 7-ന്‍റെ ഭാരം തുറന്നിരിക്കുമ്പോള്‍ 3.9 മില്ലീമീറ്ററും മടക്കുമ്പോൾ 8.9 മില്ലീമീറ്ററും ആകാമെന്നും സൂചനയുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളുടെ വിൽപ്പനയിൽ വലിയ കുതിപ്പാണ് ഉണ്ടായത്. ഈ വിഭാഗത്തിൽ ഏറ്റവും ഉയർന്ന വിപണിവിഹിതം സാംസങ്ങിനാണ്.

SCROLL FOR NEXT