ലണ്ടൻ: ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണിൻ്റെ സാംസങ് ഗാലക്സി അൺപാക്ക്ഡ് പ്രഖ്യാപന തീയതി പ്രഖ്യാപിച്ചു. ജൂലൈ 22 ന് ലണ്ടനിലാണ് ഈ വർഷത്തെ രണ്ടാമത്തെ അൺപാക്ക്ഡ് ഇവൻ്റ് നടക്കുക.
“എ ന്യൂ ഷേപ്പ് അൺഫോൾഡ്സ്” (A new form unfolds) എന്ന ടാഗ്‌ലൈനോടെയാണ് സാംസങ് പുതിയ പരിപാടിയുടെ ടീസർ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 6.30 നാണ് പരിപാടി ആരംഭിക്കുന്നത്.
സാംസങിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലോ വെബ്‌സൈറ്റിലോ വായനക്കാർക്ക് ഇത് തത്സമയം കാണാൻ സാധിക്കും. പരിപാടിക്ക് മുന്നോടിയായി വരാനിരിക്കുന്ന ഗാലക്സി ഉപകരണങ്ങൾക്കായി സാംസങിൻ്റെ റിസർവേഷനുകൾ ആരംഭിച്ചിട്ടുണ്ട്.
യുഎസിൽ പ്രീ-ഓർഡർ പൂർത്തിയാക്കുന്ന ഉപഭോക്താക്കൾക്ക് 30 ഡോളർ ക്രെഡിറ്റും ലഭിക്കും. കമ്പനി പുറത്തിറക്കുന്നത് കൂടുതൽ വീതിയുള്ള സ്ക്രീൻ ഉള്ള ഫോൾഡ് ഫോണാണ്. പുസ്തക രൂപത്തിലുള്ള വൈഡ് സ്ക്രീൻ ഡിസൈനിൽ ഗാലക്സി ഇസഡ് ഫോൾഡ് 8 അൾട്ര ഈ പരിപാടിയിൽ അവതരിപ്പിച്ചേക്കും.
ആപ്പിൾ കമ്പനി പുറത്തിറക്കാൻ തയ്യാറെടുക്കുന്ന ഐഫോൺ ഫോൾഡ് മോഡലുകൾക്ക് സമാനമായ രൂപകൽപ്പനയായിരിക്കും ഇതിന് ഉണ്ടാവുക. കഴിഞ്ഞ വർഷം ഡിസംബറിൽ കമ്പനി ഗാലക്സി ഇസഡ് ട്രൈഫോൾഡ് പുറത്തിറക്കിയിരുന്നെങ്കിലും അതിന് പരിമിതമായ ഉൽപ്പാദനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സ്റ്റാൻഡേർഡ് ഗാലക്സി ഇസഡ് ഫോൾഡ് 8 ഫോണിന് നിലവിലുള്ള സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 7 നോട് യോജിക്കുന്ന ഡിസൈൻ തന്നെയായിരിക്കും ഉണ്ടാവുക. ദൃശ്യമാകാത്ത തരത്തിലുള്ള ഒരു ക്രീസ്, ശക്തമായ പിൻ ക്യാമറ സിസ്റ്റം, 200 മെഗാപിക്സൽ പ്രധാന ക്യാമറ, വേഗതയേറിയ ചാർജിങ്, 5,000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന അപ്‌ഗ്രേഡുകൾ.
ഈ പുതിയ മോഡലുകൾക്കൊപ്പം സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് 8 ഫോണുകളും ഈ ചടങ്ങിൽ ലോഞ്ച് ചെയ്യും. ഫോണുകൾ കൂടാതെ ഗാലക്സി വാച്ച് 9 (Galaxy Watch 9), വാച്ച് അൾട്ര 2 (Watch Ultra 2) എന്നീ രണ്ട് പുതിയ സ്മാർട്ട് വാച്ചുകളും ഈ പരിപാടിയിൽ അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.