TECH

ഇനി മനുഷ്യരെപ്പോലെ പണിയെടുക്കാൻ സാംസങ് റോബോട്ടുകളും; ആദ്യ ഹ്യൂമനോയിഡ് റോബോട്ടിനെ ജനുവരിയിൽ അവതരിപ്പിക്കും

ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലായിരിക്കും അവതരണമെന്നാണ് സൂചന.

Author : ന്യൂസ് ഡെസ്ക്

മനുഷ്യരെപ്പോലെ നടക്കാനും കൈകൾ ഉപയോഗിച്ച് സാധനങ്ങൾ എടുക്കാനും ജോലികൾ ചെയ്യാനും കഴിയുന്ന റോബോട്ടുമായി സാംസങ് എത്തുന്നു. സ്മാർട്ട്ഫോണുകളിലും ടെലിവിഷനുകളിലും ചിപ്പ് നിർമാണത്തിലും ലോകത്തെ വിസ്മയിപ്പിച്ച സാംസങ് ഇനി റോബോട്ടിക്സ് രംഗത്തും വൻ ചുവടുവെപ്പിനൊരുങ്ങുകയാണ്. കമ്പനിയുടെ ആദ്യ ഹ്യൂമനോയിഡ് റോബോട്ടിന്റെ പ്രോട്ടോടൈപ്പ് തയ്യാറായെന്നും ജനുവരിയിൽ പൊതുജനങ്ങൾക്കായി അവതരിപ്പിക്കുമെന്നുമാണ് റിപ്പോർട്ട്. ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലായിരിക്കും അവതരണമെന്നാണ് സൂചന.

കഴിഞ്ഞ ആഴ്ച സാംസങ് ഡയറക്ടർ ബോർഡിന് മുന്നിൽ റോബോട്ടിന്റെ പരീക്ഷണ മാതൃക അവതരിപ്പിച്ചതായാണ് റിപ്പോർട്ട്. സിയോളിലെ കമ്പനിയുടെ റോബോട്ടിക്സ് ഗവേഷണ കേന്ദ്രത്തിൽ നടന്ന പ്രദർശനത്തിൽ സഹ സി.ഇ.ഒ ടി.എം. റോഹും പങ്കെടുത്തു. മനുഷ്യശരീരത്തിന് സമാനമായ രീതിയിൽ ശരീരം നിയന്ത്രിക്കാനും കൈകളും വിരലുകളും ഉപയോഗിച്ച് വസ്തുക്കൾ എടുത്ത് കൈകാര്യം ചെയ്യാനുമുള്ള റോബോട്ടിന്റെ കഴിവുകളായിരുന്നു പ്രധാനമായും പരീക്ഷിച്ചത്. പ്രത്യേകിച്ച്, സാധനങ്ങൾ കൃത്യമായി പിടിക്കാനും തിരിക്കാനും ആവശ്യമായ സ്ഥാനത്തേക്ക് മാറ്റാനുമുള്ള കഴിവിനാണ് സാംസങ് കൂടുതൽ പ്രാധാന്യം നൽകുന്നത്.

റോബോട്ടുകളെ ഫാക്ടറികളിൽ ഉപയോഗിക്കുന്നതിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കൈകളുടെ കൃത്യത. 99 ശതമാനം കൃത്യതയോടെ പ്രവർത്തിച്ചാൽ പോലും ഫാക്ടറികളിൽ ഇത്തരം റോബോട്ടുകളെ വിന്യസിക്കാൻ മതിയാകില്ലെന്നാണ് സാംസങ്ങിന്റെ റോബോട്ടിക്സ് വിഭാഗം മേധാവി ക്രിസ് ഹൗസർ നേരത്തെ വ്യക്തമാക്കിയത്. കുറഞ്ഞത് 99.99 ശതമാനം കൃത്യതയെങ്കിലും ആവശ്യമാണ്. അത്രത്തോളം വെല്ലുവിളി നിറഞ്ഞ മേഖലയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫാക്ടറികളിലെ ജോലികൾക്കപ്പുറം വീടുകളിലും മനുഷ്യരെ സഹായിക്കുന്ന റോബോട്ടുകളാണ് സാംസങ്ങിന്റെ ദീർഘകാല ലക്ഷ്യം. വീട്ടുജോലികൾ ചെയ്യാനും പ്രായമായവരെ പരിചരിക്കാനും സഹായിക്കുന്ന റോബോട്ടുകളെ വികസിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 2030ഓടെ സ്വന്തം ഫാക്ടറികളെ പൂർണമായും എ.ഐ അധിഷ്ഠിത സംവിധാനങ്ങളിലേക്ക് മാറ്റാനും നിർമാണ പ്രവർത്തനങ്ങളിൽ ഹ്യൂമനോയിഡ് റോബോട്ടുകളെ ഉൾപ്പെടുത്താനുമാണ് സാംസങ് ലക്ഷ്യമിടുന്നത്. ഇതിനായി ദക്ഷിണ കൊറിയയിലെ ഗുമി നഗരത്തിൽ റോബോട്ടുകളുടെ നിർമാണത്തിനായി പ്രത്യേക ഉൽപ്പാദന സംവിധാനവും ഒരുക്കും.

റോബോട്ടിക്സ് രംഗത്തെ മുന്നേറ്റത്തിനായി 2024ൽ ദക്ഷിണ കൊറിയൻ കമ്പനിയായ റെയിൻബോ റോബോട്ടിക്സിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായി സാംസങ് മാറിയിരുന്നു. അമേരിക്ക, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും കമ്പനിക്ക് റോബോട്ടിക്സ് ഗവേഷണ കേന്ദ്രങ്ങളുണ്ട്. ടെസ്‌ല, ഹ്യുണ്ടായിയുടെ ബോസ്റ്റൺ ഡൈനാമിക്സ്, ചൈനീസ് കമ്പനിയായ യൂണിട്രീ തുടങ്ങിയ വമ്പന്മാർ മത്സരിക്കുന്ന വിപണിയിലേക്കാണ് സാംസങ്ങും എത്തുന്നത്. സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച കമ്പനി ഇനി റോബോട്ടുകളിലൂടെ പുതിയൊരു സാങ്കേതിക വിപ്ലവത്തിന് തുടക്കമിടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

SCROLL FOR NEXT