വാട്സ്ആപ്പിൽ ഇനി വെറും സ്റ്റിക്കറുകൾ അയച്ചാൽ മാത്രം പോരാ, അതിനൊപ്പം ശബ്ദവും കേൾക്കാം! ചാറ്റുകൾ കൂടുതൽ രസകരമാക്കാൻ പുതിയ 'സൗണ്ട് സ്റ്റിക്കർ' ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഇതുവരെ അനിമേഷനുകളിലൂടെ മാത്രം വികാരങ്ങൾ പങ്കുവെച്ചിരുന്ന സ്റ്റിക്കറുകൾക്ക് ഇനി ശബ്ദം കൂടി നൽകാം. ചാറ്റിൽ ലഭിക്കുന്ന സൗണ്ട് സ്റ്റിക്കറിൽ ഒന്ന് ടാപ്പ് ചെയ്താൽ അതിലെ ശബ്ദവും കേൾക്കാം.
ഇനി സ്വന്തമായി സൗണ്ട് സ്റ്റിക്കറുകൾ ഉണ്ടാക്കുന്നതും വളരെ എളുപ്പമാണ്. വാട്സ്ആപ്പിലെ സ്റ്റിക്കർ കീബോർഡിൽ കാണുന്ന 'ക്രിയേറ്റ് സ്റ്റിക്കർ' ഓപ്ഷൻ വഴി ഇതിനുള്ള സൗകര്യമുണ്ട്. ഫോണിന്റെ ഗാലറിയിൽ നിന്ന് ഒരു വീഡിയോ തിരഞ്ഞെടുത്താൽ വാട്സ്ആപ്പ് അതിനെ സ്റ്റിക്കറാക്കി മാറ്റും. പിന്നാലെ പുതിയ ഓഡിയോ ബട്ടൺ ഉപയോഗിച്ച് അതിലേക്ക് ഇഷ്ടമുള്ള ശബ്ദവും ചേർക്കാം. വീഡിയോയിലുള്ള യഥാർത്ഥ ശബ്ദം തന്നെ ഉപയോഗിക്കാം. അതല്ലെങ്കിൽ വാട്സ്ആപ്പ് നൽകുന്ന സൗണ്ട് ഇഫക്റ്റുകൾ തിരഞ്ഞെടുക്കാം. ഫോണിലുള്ള മറ്റേതെങ്കിലും ഓഡിയോ ഫയലോ സ്വന്തം ശബ്ദം റെക്കോർഡ് ചെയ്തോ സ്റ്റിക്കറിനൊപ്പം ചേർക്കാനും കഴിയും.
എന്നാൽ ചാറ്റിനിടയിൽ പെട്ടെന്ന് ശബ്ദം കേട്ട് ഞെട്ടേണ്ട കാര്യമില്ല! സൗണ്ട് സ്റ്റിക്കറുകൾ ആദ്യം മ്യൂട്ട് ചെയ്ത നിലയിലായിരിക്കും. സ്റ്റിക്കറിന് മുകളിലുള്ള ഓഡിയോ ഐക്കൺ വഴി ഇവ തിരിച്ചറിയാനും സാധിക്കും. നമ്മൾ സ്റ്റിക്കറിൽ ടാപ്പ് ചെയ്താൽ മാത്രമേ ശബ്ദം കേൾക്കൂ. അതും ഒരുതവണ ടാപ്പ് ചെയ്താൽ ശബ്ദം മൂന്ന് തവണ ആവർത്തിക്കും. ഫോൺ സൈലന്റ് മോഡിലാണെങ്കിൽ ശബ്ദം കേൾക്കാനാകില്ല. സാധാരണ സന്ദേശങ്ങൾക്കുള്ളതുപോലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയും ഈ സ്റ്റിക്കറുകൾക്കുണ്ടാകും. നിലവിൽ ആൻഡ്രോയിഡ് ബീറ്റാ പതിപ്പായ 2.26.47.1 ഉപയോഗിക്കുന്ന ചില ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഇത് എത്തുമെന്നാണ് പ്രതീക്ഷ.