ജിയോ Source: Jio
TECH

ഔട്ട് ഗോയിങ്, ഇൻകമിങ് കോളുകളും, ഇൻ്റർനെറ്റും തടസപ്പെട്ടു; രാജ്യത്താകമാനം ജിയോ പണി മുടക്കിയത് ഒരുമണിക്കൂറിലധികം

ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്

Author : ന്യൂസ് ഡെസ്ക്

ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് രാജ്യത്താകമാനം പണി മുടക്കി. ജിയോ മൊബൈൽ, ജിയോ ഫൈബർ സേവനങ്ങളിലാണ് തടസം നേരിട്ടത്. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ജിയോയുടെ സോഷ്യൽ മീഡിയ പേജുകളിലെത്തിയത്.

ജിയോയുടെ ഔട്ട് ഗോയിങ്, ഇൻകമിങ് കോളുകൾ, ഇൻ്റർനെറ്റ് സേവനങ്ങൾ ഉൾപ്പടെയാണ് ഭാ​ഗികമായും പൂർണമായും തടസപ്പെട്ടത്. ജിയോ നെറ്റ്‌വർക്കുകളിൽ കോള്‍ ചെയ്യാനാകുന്നില്ലെന്നും കോൾ ഡ്രോപ്പുകൾ നേരിടുന്നുണ്ടെന്നും, ഇന്റര്‍നെറ്റ് ഉപയോഗിക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു ഉപയോക്താക്കളുടെ പരാതി.

ഡൗൺഡിറ്റക്ടറിൽ നിന്നുള്ള ഡാറ്റ പ്രകാരം 54% പരാതികളും മൊബൈൽ ഇന്റർനെറ്റിനെക്കുറിച്ചും 27% പരാതികൾ ജിയോ ഫൈബറിനെക്കുറിച്ചും 19% പരാതികൾ മൊബൈൽ ഫോൺ നെറ്റ്‌വർക്കുകളെക്കുറിച്ചുമായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് തടസം നേരിട്ടിരുന്നത്. തുടർന്ന് ഒരുമണിക്കൂറിനകം 12,000 പരാതികളാണ് ഡൗൺഡിറ്റക്ടറിലെത്തിയത്.

കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, ചണ്ഡീഗഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലായിരുന്നു തടസം നേരിട്ടത്. നെറ്റ്‌വര്‍ക്ക് ഡൗണായതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലും നിരവധി പേര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, തടസം നേരിട്ടതിൻ്റെ കാരണം എന്താണെന്ന് റിലയൻസ് ജിയോ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.

SCROLL FOR NEXT