ai revolution 2026 matt shumer malayalam News Malayalam
TECH

"സത്യം പറഞ്ഞാൽ എനിക്ക് വട്ടാണെന്ന് കരുതും, ആറേഴ് മാസത്തില്‍ നിങ്ങളുടെ ജീവിതം കീഴ്മേല്‍ മറിയും!"

മാറ്റ് ഷൂമർ (Matt Shumer) ഈ കഴിഞ്ഞ ഫെബ്രുവരി 9ന് എഴുതിയ ലേഖനം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ 30 ദശലക്ഷത്തിലധികം (3 കോടി) ആളുകൾ ഇത് കണ്ടു. നിലവിൽ ഇത് 80 ദശലക്ഷം വ്യൂസ് കടന്നതായാണ് റിപ്പോർട്ടുകൾ. 'കാലവസ്ഥ പ്രവചനം' പോലെ എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഈ പോസ്റ്റിന്‍റെ മലയാള പരിഭാഷ വായിക്കാം.

Author : ന്യൂസ് ഡെസ്ക്

യുഎസ് എഐ വിദഗ്ധനും സ്റ്റാര്‍ട്ട് അപ് ഉടമയുമായ മാറ്റ് ഷൂമർ (Matt Shumer) ഈ കഴിഞ്ഞ ഫെബ്രുവരി 9ന് എഴുതിയ ലേഖനം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. എഐയുടെ സാങ്കേതിക വളര്‍ച്ച ഒരു വലിയ വെല്ലുവിളിയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇത് പ്രവചനം അല്ല സത്യമാണ് എന്നതാണ് ഇതിലെ യാഥാര്‍ത്ഥ്യം. പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ 30 ദശലക്ഷത്തിലധികം (3 കോടി) ആളുകൾ ഇത് കണ്ടു. നിലവിൽ ഇത് 80 ദശലക്ഷം വ്യൂസ് കടന്നതായാണ് റിപ്പോർട്ടുകൾ. 'കാലവസ്ഥ പ്രവചനം' പോലെ എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഈ പോസ്റ്റിന്‍റെ മലയാള പരിഭാഷ വായിക്കാം.

2020 ഫെബ്രുവരിയെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ. അന്ന് നാം ചര്‍ച്ച ചെയ്തത് വിദേശ രാജ്യങ്ങളിൽ ഒരു വൈറസ് പടരുന്നതിനെക്കുറിച്ചാണ്. ചിലർ അതിനെക്കുറിച്ച് സംസാരിക്കുന്നത് അന്ന് നാം കേട്ടിട്ടുണ്ടാകാം. എന്നാൽ നമ്മളാരും അത് അത്ര കാര്യമാക്കിയില്ല. ഓഹരി വിപണി കുതിക്കുകയായിരുന്നു, കുട്ടികൾ സ്‌കൂളിൽ പോകുന്നു, നമ്മൾ പതിവ് പോലെ പുറത്ത് പോകുന്നു. അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നു. ആരെങ്കിലും അന്ന് ടോയ്‌ലറ്റ് പേപ്പറോ മാസ്‌കോ പൂഴ്ത്തിവെക്കുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ അവർക്ക് വട്ടാണെന്ന് പറയും. എന്നാൽ, വെറും മൂന്നാഴ്ച കൊണ്ട് ലോകം മാറിമറിഞ്ഞു. ഓഫീസുകൾ അടച്ചു, കുട്ടികൾ വീട്ടിലിരുന്നു, ജീവിതം നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിലേക്ക് മാറി.

നമ്മൾ ഇപ്പോൾ നിൽക്കുന്നത് കോവിഡിനേക്കാൾ വലിയൊരു മാറ്റത്തിന്‍റെ "ഇതൊക്കെ വെറുതെ പറയുന്നതാണ്" എന്ന ഘട്ടത്തിലാണ്.

കഴിഞ്ഞ ആറ് വർഷമായി ഞാൻ ഒരു എഐ സ്റ്റാർട്ടപ്പ് നടത്തുകയും ഈ മേഖലയിൽ നിക്ഷേപം നടത്തുകയും ചെയ്യുന്നു. ഞാൻ ജീവിക്കുന്നത് ഈ ലോകത്താണ്. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടിയാണ് ഞാൻ ഇത് എഴുതുന്നത്. "എന്താണ് ഈ എഐയുടെ പുതിയ വിശേഷം?" എന്ന് അവർ ചോദിക്കുമ്പോൾ ഞാൻ എന്നും മാന്യമായ, ലളിതമായ മറുപടികളാണ് നൽകിയിരുന്നത്. കാരണം സത്യം പറഞ്ഞാൽ എനിക്ക് വട്ടാണെന്ന് അവർ കരുതും. എന്നാൽ ഞാൻ പറയുന്നതും യഥാർത്ഥത്തിൽ സംഭവിക്കുന്നതും തമ്മിലുള്ള ദൂരം ഇപ്പോൾ വളരെ വലുതാണ്. എനിക്ക് വട്ടാണെന്ന് നിങ്ങള്‍ പറഞ്ഞാലും സംഭവിക്കാന്‍ ഇരിക്കുന്ന കാര്യത്തെക്കുറിച്ച് എന്‍റെ പ്രിയപ്പെട്ടവർ അറിയേണ്ടതുണ്ട്.

ഒരു കാര്യം ഞാൻ വ്യക്തമാക്കുന്നു ഞാൻ എഐ മേഖലയിലാണ് ജോലി ചെയ്യുന്നതെങ്കിലും, ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങളിൽ എനിക്കോ ഈ വ്യവസായത്തിലെ ഭൂരിഭാഗം പേർക്കോ യാതൊരു നിയന്ത്രണവുമില്ല. ഒരു ചെറിയ കൂട്ടം ആളുകളാണ് ഇതിന്റെ ഭാവി തീരുമാനിക്കുന്നത്—OpenAI, Anthropic, Google DeepMind തുടങ്ങിയ കമ്പനികളിലെ ഏതാനും നൂറ് ഗവേഷകർ. അവർ നടത്തുന്ന ഒരു ട്രെയിനിംഗ് മതി ഈ മേഖലയില്‍ വഴിത്തിരിവുകള്‍ സൃഷ്ടിക്കാന്‍. ഞങ്ങൾ ഈ അടിത്തറയുടെ മുകളിൽ കെട്ടിടം പണിയുന്നവർ മാത്രമാണ്. നിങ്ങളെപ്പോലെ ഞങ്ങളും ഇത് കണ്ടുനിൽക്കുകയാണ്, പക്ഷേ മാറ്റത്തിന്‍റെ ആദ്യ ഷോക്ക് അനുഭവപ്പെടുന്നത് ഞങ്ങൾക്ക് ആണെന്ന് മാത്രം.

Matt Shummer

ഇതിനെക്കുറിച്ച് സംസാരിക്കേണ്ടത് ഇപ്പോള്‍ തന്നെയാണ്

ഇത് സത്യമാണെന്ന് എനിക്ക് ഉറപ്പാണ് കാരണം ഇത് ആദ്യം ബാധിച്ചത് എന്നെയാണ്. എഐ മേഖലയ്ക്ക് പുറത്തുള്ളവർക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ഇപ്പോള്‍ ഈ അപായമണി മുഴക്കും പോലെ ഈ കാര്യം പറയുന്നത് ഒരു പ്രവചനം എന്ന രീതിയില്‍ അല്ല മറിച്ച് ഞങ്ങളുടെ ജോലികളിൽ ഇത് സംഭവിച്ചു കഴിഞ്ഞതുകൊണ്ടാണ്. നിങ്ങൾ അടുത്ത ഇരകളാണെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

വർഷങ്ങളായി എഐ സാവധാനത്തിൽ മെച്ചപ്പെട്ടുവരികയായിരുന്നു. എന്നാൽ 2025-ൽ പുതിയ സാങ്കേതിക വിദ്യകൾ ഈ വളർച്ചയുടെ വേഗത കൂട്ടി. ഓരോ പുതിയ മോഡലും തൊട്ടുമുമ്പുള്ളതിനേക്കാൾ വമ്പിച്ച മാറ്റങ്ങളുമായാണ് വന്നത്. ഫെബ്രുവരി 5-ന് OpenAI-യും Anthropic-ഉം ഒരേ ദിവസം പുതിയ മോഡലുകൾ പുറത്തിറക്കി (GPT-5.3 Codex, Opus 4.6). അതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അതായത് വെള്ളം പൊങ്ങി ഞങ്ങളുടെ നെഞ്ചിന്‍റെ അടുത്തുവരെ എത്തിയ അവസ്ഥ.

എന്‍റെ ജോലിയിലെ സാങ്കേതിക കാര്യങ്ങൾ ചെയ്യാൻ ഇപ്പോൾ ഞാന്‍ ആവശ്യമില്ല. എനിക്ക് എന്താണ് വേണ്ടതെന്ന് ലളിതമായ ഭാഷയില്‍ പറഞ്ഞാൽ മതി, അത് തനിയെ നിർമ്മിക്കപ്പെടുന്നു. അത് ഒരു ഡ്രാഫ്റ്റോ, ടെസ്റ്റ് പ്രൊഡക്ടോ അല്ല അത് എന്‍റ് പ്രൊഡക്ടാണ്. ഞാൻ നിർദ്ദേശം നൽകി നാല് മണിക്കൂർ കഴിഞ്ഞ് വരുമ്പോൾ ജോലി പൂർത്തിയാകും. ഞാൻ ചെയ്യുന്നതിനേക്കാൾ മികച്ച രീതിയിൽ, തെറ്റുകളില്ലാതെ അത് ചെയ്തിരിക്കും.

mattshumer

ഒരു ഉദാഹരണം പറയാം:

"എനിക്ക് ഒരു ആപ്പ് നിർമ്മിക്കണം, അത് ഇന്ന കാര്യങ്ങൾ ചെയ്യണം, ഇങ്ങനെ ഇരിക്കണം" എന്ന് ഞാൻ AI-യോട് പറയുന്നു. അത് പതിനായിരക്കണക്കിന് വരികൾ കോഡ് എഴുതുന്നു. തുടർന്ന് അത് ആപ്പ് നിര്‍മ്മിക്കുന്നു, അതിന്‍റെ ബട്ടണുകള്‍ ക്രമീകരിക്കുന്നു, ഫീച്ചറുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കുന്നു. മനുഷ്യർ ഉപയോഗിക്കുന്നതുപോലെ അത് ഉപയോഗിച്ചു നോക്കുന്നു. അതിന് എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തനിയെ മാറ്റം വരുത്തുന്നു. അത് തൃപ്തികരമാകുമ്പോൾ മാത്രം എന്നോട് പറയുന്നു "ഇത് റെഡിയാണ്, ചെക്ക് ചെയ്തോളൂ" ഞാൻ നോക്കുമ്പോൾ അത് പെർഫെക്റ്റ് ആയിരിക്കും.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ GPT-5.3 Codex എന്നെ ഞെട്ടിച്ചു. അത് വെറുമൊരു നിർദ്ദേശം പാലിക്കുകയല്ല, മറിച്ച് ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുകയാണ്. അതിന് ഒരു അഭിരുചിയും വിവേകവും ഉള്ളതായി മനസിലാകും. മനുഷ്യർക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ കഴിയൂ എന്ന് നമ്മൾ കരുതിയിരുന്ന ഇടത്താണ് ഈ മാറ്റം. ഈ മോഡലുകള്‍ 'ഇന്റലിജൻസ് സ്ഫോടനത്തിന്‍റെ' (Intelligence Explosion) ഭാഗമാണ്. പുതിയ എഐ മോഡലുകൾ നിർമ്മിക്കാൻ പഴയ എഐ മോഡലുകൾ സഹായിക്കുന്നു. ഇതൊരു 'ഇന്റലിജൻസ് സ്ഫോടനത്തിന്' (Intelligence Explosion) കാരണമാകും. ഓരോ പുതിയ പതിപ്പും മുൻപത്തേതിനേക്കാൾ പലമടങ്ങ് വേഗത്തിൽ ബുദ്ധിശക്തി കൈവരിക്കുന്നു.

പ്രതീകാത്മക ചിത്രം

ഇത് നിങ്ങളെ എങ്ങനെ ബാധിക്കും?

എഐ ലാബുകൾ ആദ്യം ലക്ഷ്യമിട്ടത് കോഡിംഗ് മെച്ചപ്പെടുത്താനാണ്. കാരണം എഐക്ക് തന്നെ സ്വയം വളരാൻ കോഡിംഗ് ആവശ്യമാണ്. ഇപ്പോൾ അവരത് സാധിച്ചെടുത്തു. ഇനി അവർ മറ്റ് മേഖലകളിലേക്ക് തിരിയുകയാണ്. എഐ ഒരു സഹായി എന്നതില്‍ നിന്ന് മാറി നമ്മുടെ ജോലിയേക്കാൾ നന്നായി ജോലി ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നു എന്നതാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് ടെക് ജീവനക്കാർക്ക് ഉണ്ടായ അനുഭവം. അധികം വൈകാതെ ഇനി എല്ലാവർക്കും ഉണ്ടാകും. നിയമം, ഫിനാൻസ്, മരുന്ന്, അക്കൗണ്ടിംഗ്, കൺസൾട്ടിംഗ്, എഴുത്ത്, ഡിസൈൻ, കസ്റ്റമർ സർവീസ്.പത്ത് വർഷത്തിനുള്ളിലല്ല, വെറും ഒന്നുമുതൽ അഞ്ച് വർഷത്തിനുള്ളിൽ ഇത് സംഭവിക്കും.

"ഞാൻ എഐ ഉപയോഗിച്ചു നോക്കി, അത് അത്ര വലിയ മെച്ചമൊന്നുമില്ലല്ലോ" എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. 2023-ലോ 2024-ലോ നിങ്ങൾ ഉപയോഗിച്ച എഐ പഴയതാണ്. എഐയുടെ ലോകത്ത് അത് ചരിത്രമാണ്. ഇന്നത്തെ മോഡലുകൾ അതിൽ നിന്നും എത്രയോ മുന്നിലാണ്. മിക്കവരും സൗജന്യ പതിപ്പാണ് ഉപയോഗിക്കുന്നത്. അത് പണമടച്ചുള്ള പതിപ്പുകളേക്കാൾ ഒരു വർഷം പുറകിലാണ്.

ഒരു വക്കീൽ സുഹൃത്തിന്റെ കാര്യം ആലോചിച്ചു നോക്കൂ. എഐ ഉപയോഗിക്കാൻ തടസ്സങ്ങൾ കണ്ടെത്തുകയാണ് അദ്ദേഹം. എന്നാൽ വലിയ നിയമ സ്ഥാപനങ്ങളിലെ ആളുകള്‍ എഐ ടൂളുകള്‍ ഉപയോഗിക്കുന്നു. ജൂനിയർ വക്കീലന്മാരുടെ ഒരു ടീം ചെയ്യുന്ന ജോലി എഐ നിമിഷങ്ങൾക്കുള്ളിൽ ചെയ്യുന്നു എന്നാണ് അവർ പറയുന്നത്.

എത്ര വേഗത്തിലാണ് മാറ്റം വരുന്നത്?

2022: AI-ക്ക് ലളിതമായ ഗുണനം പോലും തെറ്റുമായിരുന്നു.

2023: അത് ബാർ എക്സാം (വക്കീൽ പരീക്ഷ) പാസ്സായി.

2024: പ്രോഗ്രാമുകൾ എഴുതാനും സയൻസ് വിഷയങ്ങൾ വിശദീകരിക്കാനും തുടങ്ങി.

2025: ലോകത്തെ മികച്ച എഞ്ചിനീയർമാർ തങ്ങളുടെ ജോലി എഐക്ക് കൈമാറി.

2026 ഫെബ്രുവരി 5: പഴയ എല്ലാത്തിനെയും നിഷ്പ്രഭമാക്കുന്ന പുതിയ മോഡലുകൾ വന്നു.

ഒരു വിദഗ്ദ്ധൻ അഞ്ച് മണിക്കൂർ കൊണ്ട് ചെയ്യുന്ന ജോലി ഇപ്പോൾ എഐ സ്വയം ചെയ്യുന്നു. ഈ കഴിവ് ഓരോ ഏഴ് മാസം കൂടുമ്പോഴും ഇരട്ടിയാകുകയാണ്. ഇങ്ങനെ പോയാൽ മാസങ്ങൾ നീളുന്ന പ്രോജക്റ്റുകൾ എഐ തനിയെ ചെയ്യുന്ന കാലം വിദൂരമല്ല. മനുഷ്യനേക്കാൾ ബുദ്ധിയുള്ള എഐ സിസ്റ്റങ്ങൾ 2026-ലോ 2027-ലോ ഉണ്ടാകുമെന്ന് ആന്ത്രോപിക് (Anthropic) സിഇഒ ഡാരിയോ അമോഡേയ് പറയുന്നു.

പ്രതീകാത്മക ചിത്രം

ജോലിയെ ഇത് എങ്ങനെ ബാധിക്കും?

ഡാരിയോ അമോഡേയ് പറയുന്നത് അടുത്ത 1-5 വർഷത്തിനുള്ളിൽ വെറ്റ് കോളര്‍ ജോലികളിൽ 50 ശതമാനവും എഐ ഏറ്റെടുക്കുമെന്നാണ്. ഇതൊരു സാധാരണ മെഷീൻ വിപ്ലവമല്ല. ഇതിന് പകരം വെക്കാൻ മറ്റൊരു മേഖല നിലവിലില്ല. കാരണം നിങ്ങൾ എന്ത് പഠിക്കാൻ പോയാലും അവിടെ നിങ്ങളേക്കാൾ വേഗത്തിൽ എഐ എത്തും.

നിയമ മേഖല: കരാറുകൾ വായിക്കാനും കേസുകൾ പഠിക്കാനും എഐക്ക് സാധിക്കും.

ഫിനാൻസ്: സാമ്പത്തിക റിപ്പോർട്ടുകൾ തയ്യാറാക്കാനും വിശകലനം ചെയ്യാനും അതിന് കഴിയും.

എഞ്ചിനീയറിംഗ്: പ്രോഗ്രാമിംഗ് ജോലികൾ കുറയും.

മെഡിസിൻ: സ്കാനുകൾ പരിശോധിക്കാനും രോഗനിർണ്ണയം നടത്താനും എഐ മികച്ചതാകുന്നു.

കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ചെയ്യുന്ന, വായിക്കാനും എഴുതാനും വിശകലനം ചെയ്യാനുമുള്ള ഏതൊരു ജോലിയും അപകടത്തിലാണ്.

നിങ്ങൾ എന്തുചെയ്യണം?

ഭയപ്പെടുകയല്ല, മറിച്ച് നേരത്തെ തയ്യാറെടുക്കുകയാണ് വേണ്ടത്.എഐ ഗൗരവമായി ഉപയോഗിക്കുക, ഏത് എഐ ടൂളിന്‍റെയും പണമടച്ചുപയോഗിക്കുക (Paid version) ഏറ്റവും പുതിയ മോഡലുകൾ തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

നിങ്ങളുടെ ജോലിയിൽ പരീക്ഷിക്കുക: വക്കീലാണെങ്കിൽ ഒരു കരാർ നൽകി അതിലെ പോരായ്മകൾ കണ്ടെത്താൻ പറയുക. മാനേജറാണെങ്കിൽ ഡാറ്റ നൽകി വിശകലനം ചെയ്യാൻ പറയുക.

സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക: വലിയ കടങ്ങൾ ഒഴിവാക്കുക, സമ്പാദ്യം വർദ്ധിപ്പിക്കുക. ജോലിയിൽ മാറ്റം വന്നാൽ പിടിച്ചുനിൽക്കാൻ ഇത് സഹായിക്കും.

മക്കൾക്ക് പുതിയ വഴി കാണിക്കുക: പഴയ പരീക്ഷാ രീതികൾക്ക് ഇനി പ്രസക്തി കുറവാണ്. പുതിയ കാര്യങ്ങൾ പഠിക്കാനും മാറ്റങ്ങളോട് പൊരുത്തപ്പെടാനും അവരെ പഠിപ്പിക്കുക.

ഒരു ശീലം വളർത്തുക: ദിവസവും ഒരു മണിക്കൂറെങ്കിലും എഐ ഉപയോഗിക്കാൻ മാറ്റിവെക്കുക. ഇന്ന് പഠിക്കുന്ന ടൂൾ അടുത്ത വർഷം മാറിയേക്കാം, പക്ഷേ പഠിക്കാനുള്ള നിങ്ങളുടെ കഴിവ് നിങ്ങളെ രക്ഷിക്കും.

ദ ബിഗ് പിക്ചര്‍ !

ഇതൊരു ചെറിയ കാര്യമല്ല. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിശാലികളായ 5 കോടി ആളുകൾ ഒരു ദിവസം പെട്ടെന്ന് പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയുണ്ടാകും? അവരാണ് ഈ എഐ മോഡലുകൾ. ഇത് വലിയ അത്ഭുതങ്ങൾക്കും വലിയ അപകടങ്ങൾക്കും വഴി വെക്കാം.

എനിക്ക് ഉറപ്പുള്ള ചില കാര്യങ്ങളുണ്ട് ഇതൊരു തരംഗമല്ല, ഇതൊരു മാറ്റമാണ്. അടുത്ത 2-5 വർഷം വളരെ ആശയക്കുഴപ്പങ്ങൾ നിറഞ്ഞതായിരിക്കും. ഭയത്തോടെയല്ല, മറിച്ച് ജിജ്ഞാസയോടെ ഇതിനെ കാണുന്നവർക്ക് മാത്രമേ പിടിച്ചുനിൽക്കാൻ കഴിയൂ. ഭാവി നിങ്ങളുടെ വാതിലിൽ മുട്ടാൻ പോകുകയാണ്. തയ്യാറായിരിക്കുക.

കാര്യങ്ങള്‍ മാറിമറിയും !

SCROLL FOR NEXT