Source: Freepik
TECH

നീങ്ങുമോ നിരോധനം? വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ച് ടിക്‌ടോക് ഇന്ത്യ

ഇന്ത്യൻ ഓഫീസിലെ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചതോടെയാണ് ടിക്‌ടോക് വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചത്

Author : ന്യൂസ് ഡെസ്ക്

നിരോധനം നീക്കിയിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടും വീണ്ടും ചർച്ചകളിൽ സജീവമായി ചൈന ആസ്ഥാനമായുള്ള ഷോർട്ട് വീഡിയോ ആപ്പ് ടിക്‌ടോക്. ഇന്ത്യൻ ഓഫീസിലെ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചതോടെയാണ് ടിക്‌ടോക് വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചത്. ഹരിയാനയിലെ ഗുഡ്ഗാവിലെ ഓഫീസിലേക്കാണ് ടിക്‌ടോക് ഉദ്യോഗാർഥികളെ ക്ഷണിച്ചത്.

ഗുഡ്ഗാവിലെ ഓഫീസിലേക്ക് കോണ്ടൻ്റ് മോഡറേറ്റർ, വെൽബീയിങ് പാർട്ണർഷിപ്പ് ആൻഡ് ഓപ്പറേഷൻസ് ലീഡ് തുടങ്ങിയ തസ്തികകളിലേക്കാണ് ഉദ്യോഗാർഥികളെ ക്ഷണിച്ചത്. ലിങ്ക്ഡ്ഇൻ അടക്കമുള്ള പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ ജോലി പോസ്റ്റിംഗുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റ് ഇന്ത്യയിൽ വീണ്ടും ലഭ്യമായതിന് പിന്നാലെയുള്ള നിയമന നീക്കം മുൻ ഉപയോക്താക്കളിലും ജീവനക്കാരിലും ശുഭാപ്തിവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്.

എന്നാൽ, സർക്കാർ വൃത്തങ്ങളിൽ നിന്ന് ഇതുസംബന്ധിച്ച് പുതിയ അപ്ഡേറ്റുകളൊന്നും പുറത്തുവന്നിട്ടില്ല. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് ഇപ്പോഴും ലഭ്യമല്ല. ഇന്ത്യയിൽ ടിക് ടോക്ക് ആപ്പ് ലഭ്യമാകുമെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു.

2020 ജൂണിലാണ് ടിക്ടോക് ഉൾപ്പെടെ 59 ആപ്ലിക്കേഷനുകൾ സർക്കാര്‍ നിരോധിക്കുന്നത്. ടിക്ടോക്, ഷെയർഇറ്റ്, ക്വായ്, യുസി ബ്രൗസർ, യുസി ന്യൂസ്, വിഗോ വീഡിയോ, ബൈഡു മാപ്പ്, ക്ലാഷ് ഓഫ് കിംഗ്സ്, ഡ്യൂ ബാറ്ററി സേവർ തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകളാണ് 2020ൽ നിരോധിച്ചത്. ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിന് പിന്നാലെയാണ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

SCROLL FOR NEXT