Source: X
TECH

ചൈനീസ് ബഹിരാകാശ നിലയത്തിൽ വിളവെടുപ്പിന് പാകമായി 'സ്പേസ് തക്കാളി'

മൈക്രോഗ്രാവിറ്റിയിൽ 'വാട്ടർ എയറോപോണിക് കൾട്ടിവേഷൻ' എന്ന സാങ്കേതിക വിദ്യയാണ്, ആറുമാസത്തെ ദൗത്യത്തിനിടെ മൂന്നംഗ ബഹിരാകാശ സംഘം പരീക്ഷിച്ചത്

Author : ന്യൂസ് ഡെസ്ക്

ചൈനീസ് ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലെ തക്കാളി തോട്ടം വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്.വെറും തക്കാളിയല്ല, അത്യാധുനിക സാങ്കേതികവിദ്യയുപയോഗിച്ച് ഷെൻഷൗ-21 ദൗത്യ സംഘം വിളയിച്ചെടുത്ത 'സ്പേസ് തക്കാളി'യാണ് വിളവെടുപ്പിന് ഒരുങ്ങുന്നത്. മാസങ്ങള്‍ നീളുന്ന ദൗത്യങ്ങള്‍ക്കായി ബഹിരാകാശത്ത് തങ്ങുന്ന ബഹിരാകാശ യാത്രികരുടെ ആഹാരക്രമത്തില്‍ ഫ്രഷ് പച്ചക്കറികളും ഉള്‍പ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങളുടെ ഭാഗമാണ് ഈ പച്ചക്കറി തോട്ടം.

മൈക്രോഗ്രാവിറ്റിയിൽ 'വാട്ടർ എയറോപോണിക് കൾട്ടിവേഷൻ' എന്ന സാങ്കേതിക വിദ്യയാണ്, ആറുമാസത്തെ ദൗത്യത്തിനിടെ മൂന്നംഗ ബഹിരാകാശ സംഘം പരീക്ഷിച്ചത്. കഴിഞ്ഞവർഷം ഒക്ടോബർ 31ന് ആരംഭിച്ച ദൗത്യം 100 ദിവസം പിന്നിടവെ , പ്രതീക്ഷിച്ചതിനും നേരത്തെ വിളഞ്ഞ തക്കാളികള്‍ , രുചി നോക്കാന്‍ തയ്യാറായി കഴിഞ്ഞു.

തക്കാളി, ചീര, മധുരക്കിഴങ്ങ് എന്നിങ്ങനെ വിവിധ വിളകളുടെ പത്ത് ബാച്ചാണ് ടിയാൻഗോങ്ങില്‍ പരീക്ഷണവിധേയമായി കൃഷി ചെയ്തത്. നീണ്ട ദൗത്യകാലയളവില്‍ ബഹിരാകാശ യാത്രികർക്ക് സമീകൃത പോഷകാഹാരം ഉറപ്പാക്കുകയാണ് പരീക്ഷണങ്ങളുടെ ലക്ഷ്യം. ഭാവിയില്‍ കൂടുതല്‍ പച്ചക്കറികളിലേക്കും, നാണ്യവിളകളിലേക്കും പരീക്ഷണം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

കഴിഞ്ഞ ജൂലൈയിൽ ടിയാൻഷൗ-9 ദൗത്യ സംഘമാണ് , ചൈനീസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ CARTC വികസിപ്പിച്ച വാട്ടർ എയറോപോണിക് കൾട്ടിവേഷൻ ഉപകരണം ബഹിരാകാശത്ത് എത്തിച്ചത്.

SCROLL FOR NEXT