മിഠായി തെരുവിലെ ടൈപ്പ് റൈറ്റിംഗ് സെൻ്ററിൽ നിന്ന് Source: News Malayalam 24x7
TECH

ഡിജിറ്റൽ യുഗത്തിലും മിഠായി തെരുവിൽ മുഴങ്ങുന്ന ടൈപ്പ് റൈറ്റിംഗിന്റെ ശബ്ദം; 70 വർഷമായി സജീവമായി പ്രവർത്തിക്കുന്ന ടൈപ്പ് റൈറ്റിംഗ് സെൻ്റർ

കോഴിക്കോട്ടെ മിഠായി തെരുവിലാണ് എഴുപത് വർഷം പഴക്കുള്ള ഈ ടൈപ്പ് റൈറ്റിംഗ് സെൻ്റർ

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഈ ഡിജിറ്റൽ കാലത്ത് ആരാണ് ടൈപ്പ് റൈറ്റിംഗ് മെഷീനിൽ ടൈപ്പ് ചെയ്ത് അപേക്ഷകൾ തയ്യാറാക്കുന്നത്. അതൊക്കെ ഇപ്പോൾ ഉണ്ടോ? എന്നാൽ ഉണ്ട് എന്ന് മാത്രമല്ല എഴുപത് വർഷമായി സജീവമായി പ്രവർത്തിക്കുന്നുമുണ്ട്. കോഴിക്കോട്ടെ മിഠായി തെരുവിലാണ് എഴുപത് വർഷം പഴക്കുള്ള ഈ ടൈപ്പ് റൈറ്റിംഗ് സെൻ്റർ.

പഴയ കാലത്തെ ഓർമിപ്പിക്കും വിധമുള്ള നിരവധി കെട്ടിടങ്ങളുണ്ട് കോഴിക്കോട് മിഠായി തെരുവിൽ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു കെട്ടിടത്തിൽ നിന്നാണ് ഈ ഡിജിറ്റൽ യുഗത്തിലും പഴയ ടൈപ്പ് റൈറ്റിംഗ് മെഷീൻ്റെ ശബ്ദം ഇപ്പോഴും നിലയ്ക്കാതെ മുഴങ്ങുന്നത്.

ടൈപ്പ് റൈറ്റിംഗ് സെൻ്ററിൽ നിന്ന്

ഇതാണ് പതിറ്റാണ്ടുകളായി മാനാഞ്ചിറയുടെ ശബ്ദം പോലെ പ്രവർത്തിക്കുന്ന ശേഖരൻ റൈറ്ററുടെ ടൈപ്പ് റൈറ്റിംഗ് സെന്റർ. 70 വർഷം പിന്നിട്ട സെന്ററിൽ ഇപ്പോഴുള്ളത് ശേഖരൻ റൈറ്ററുടെ രണ്ടു മക്കളാണ്. പ്രായമേറെയായെങ്കിലും ഗോപാൽ രാജുവിൻ്റെയും നാരായണാനന്ദൻ്റെയും ദിനചര്യ ഇവിടുന്നാണ് തുടങ്ങുന്നത്.

അപേക്ഷകൾ, കരാറുകൾ, സർക്കാർ, സ്വകാര്യ ഓഫീസുകളിലേക്കുള്ള കത്തുകൾ അങ്ങനെ ഏത് രേഖയും മിഠായിത്തെരുവിലെ ടൈപ്റൈറ്റിങ് സെൻ്ററിൽ തയാറാക്കും. 'എൻക്വയറി ആൻഡ് ഇൻഫർമേഷൻ ഓഫീസ്' എന്ന ബോർഡ് വെച്ച്, നഗരത്തിൽ അവശേഷിക്കുന്ന ഏക ടൈപ്റൈറ്റിങ് സെന്റർ കൂടിയാണിത്.

ഡിജിറ്റൽ യുഗത്തിലെ ഡിടിപി വിപ്ലവങ്ങളെ കൂസാതെ തുടരുകയാണ് ഈ സ്ഥാപനം. മാറ്റങ്ങളുടെ കാലത്ത് ഇന്നും പരമ്പരാഗത രീതിയിൽ അപേക്ഷ തയാറാക്കേണ്ട സേവനങ്ങൾ ചിലതെങ്കിലും ഉണ്ട്. അതുകൊണ്ട് തന്നെ ഹാപ്പിയാണ് ഈ സഹോദരന്മാർ. ഇടുങ്ങിയ മരഗോവണികൾ കയറി മുകളിലെത്തി ജനലിലൂടെ താഴേക്ക് നോക്കിയാൽ മുന്നിൽ കാലവും കഥയും മാറുന്ന മിഠായി തെരുവിൻ്റെ ബഹളവും കാണാം.

SCROLL FOR NEXT