"30 രൂപ ക്രഡിറ്റ് ആയിട്ടുണ്ട്. നന്ദിയുണ്ടേ...," മമ്മൂട്ടിയുടെ സിനിമാ ഡയലോഗുകളെപ്പോലെ ജനപ്രിയമാണ് ഓണ്‍ലൈന്‍ പേയ്മെന്റിനു പിന്നാലെ നടന്റെ ശബ്ദത്തില്‍ വരുന്ന ഈ അറിയിപ്പ്. ഇത് കേള്‍ക്കാതെ ഇന്ന് ഒരാള്‍ക്ക് ഒരു ദിവസം അവസാനിപ്പിക്കാന്‍ സാധിക്കില്ല. തദ്ദേശീയമായ യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പ്ലാറ്റ്‌ഫോമുകളും ക്യൂആർ കോഡുകളും മനുഷ്യന്റെ പണ വിനിമയ രീതിയെ തന്നെ മാറ്റിമറിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളില്‍ നമ്മള്‍ കണ്ടത്. അതിശയോക്തിയില്ലാതെ തന്നെ പറയാം, ഇതും ഒരു വിപ്ലവമാണ്. ഏതൊരു വിപ്ലവത്തിലും എന്നപോലെ ലാഭവും നഷ്ടവുമുള്ള മുന്നേറ്റം.
തെരുവ് മുതല്‍ മാള്‍ വരെ ഇപ്പോള്‍ പണ വിനിമയത്തെ നിയന്ത്രിക്കുന്നത് ഒരു ചെറിയ ക്യൂആർ കോഡാണ്. പേഴ്സിന്റെ ഭാരമില്ലാതെ കടകളിലേക്ക് കയറുന്ന നമ്മള്‍ ഇഷ്ടമുള്ളതൊക്കെ വാങ്ങി ഇറങ്ങുമ്പോള്‍ നമ്മുടെ മൊബൈലിലുള്ള യുപിഐ പേയ്മെന്റ് ആപ്പ് വഴി ആ ക്യൂ ആർ കോഡ് ഒന്ന് സ്കാന്‍ ചെയ്യുകയേ വേണ്ടു. പണം കിട്ടേണ്ടിടത്ത് കിട്ടും. എന്നാല്‍ മാസാവസാനം അക്കൗണ്ട് ബാലന്‍സ് നോക്കുമ്പോഴായിരിക്കും ശരിയായ ചോദ്യം മനസില്‍ ഉയർന്നുവരിക. "ഈ വാങ്ങിക്കൂട്ടിയതൊക്കെ ആവശ്യമുള്ള സാധനങ്ങളാണോ?"
ഓണ്‍ലൈന്‍ പേയ്മെന്റ് വിപ്ലവം വളരെ വേഗത്തിലാണ് ഇന്ത്യയില്‍ പടർന്നുപിടിച്ചത്. ഡിജിറ്റല്‍ പേയ്മെന്റ് തങ്ങള്‍ക്ക് വഴങ്ങില്ലാ എന്ന് വാശിയോടെ പറഞ്ഞവർ പോലും പതിയെ ആ വഴി തിരിഞ്ഞു. അതില്‍ കോവിഡ്-19 മഹാമാരിയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. നോട്ട് തൊട്ടാല്‍ കോവിഡ് പടരും എന്ന ഭയം പതിയെ മധ്യ വർഗത്തെ യുപിഎ പെയ്മെന്റുകളെ വിശ്വാസത്തിലെടുക്കാന്‍ പ്രേരിപ്പിച്ചു. ഏതൊരു വിപ്ലവത്തിന്റെയും തുടക്കവും ഒടുക്കവും ഭയത്തിലാണല്ലോ. ഇവിടെയും അതങ്ങനെ തന്നെ.
ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ പണം കൈമാറുന്നത് എളുപ്പമാക്കുക മാത്രമല്ല ചെയ്തത്. പണം ചെലവഴിക്കുന്നതിലുള്ള നമ്മുടെ മനോഗതിയും മാറ്റിമറിച്ചു. ഉദാഹരണത്തിന് നിങ്ങള്‍ ഒരു തുണിക്കടയില്‍ കയറി. പേയ്മെന്റ് ആപ്പുകള്‍ക്ക് മുന്‍പുള്ള കാലമാണ്. വിലവിവരമെല്ലാം തിരിച്ചു മറിച്ചും കണക്കുകൂട്ടി നമ്മള്‍ ഒരു തുണി തിരഞ്ഞെടുക്കുന്നു. അതുമായി കൗണ്ടറിലേക്കുള്ള നടത്തത്തില്‍ ആദ്യ ഘട്ട ആലോചന നടക്കും. ഇത് വേണോ? വില അല്‍പ്പം കൂടുതലല്ലേ? ഈ ചിന്തയേയും അതിജീവിച്ച് കൗണ്ടറില്‍ എത്തി പോക്കറ്റില്‍ നിന്ന് നോട്ടുകള്‍ വെളിയിലെടുക്കുമ്പോഴാണ് അടുത്ത ഘട്ട ആലോചന. നോട്ടിന്റെ കനം കൂടുമ്പോള്‍ നമ്മള്‍ അറിയാതെ വാങ്ങിയ സാധനം തിരികെ വെച്ചെന്നുപോലുമിരിക്കും. ഇത് എല്ലാവരുടെയും കാര്യമല്ല. എന്നാല്‍, ഒരു വലിയ ഭൂരിപക്ഷത്തിന്റെ 'വാങ്ങല്‍' ഇത്തരത്തില്‍ വിലനോക്കി തന്നെയായിരുന്നു. എണ്ണിക്കൊടുക്കുന്ന നോട്ട് നോക്കിത്തന്നെയായിരുന്നു. എന്നാല്‍, ഇന്ന് ഇത് ആകെ മാറി. പേഴ്സുകള്‍ മാത്രമല്ല, ചിലവാക്കുന്നു എന്ന തോന്നലാണ് യുപിഐ ആപ്പുകള്‍ നമ്മുടെ മനസില്‍ നിന്നും എടുത്തുമാറ്റിയത്.
സർക്കാരിന്റെ യുപിഐ സംവിധാനം ഉപയോഗിക്കുന്നവരുടെ വ്യവഹാരങ്ങളെക്കുറിച്ച് ഐഐടി ഡല്‍ഹി 276 പേർ പങ്കെടുപ്പിച്ച് ഒരു സർവേ നടത്തിയിരുന്നു.ഇതില്‍ ഏകദേശം 74 ശതമാനം പേരും ഇ-പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറിയ ശേഷം കൂടുതൽ ചെലവഴിക്കുന്നതായാണ് കണ്ടെത്തല്‍. ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മുന്നേറ്റം രാജ്യത്തെ ഉപഭോക്തൃ ശീലങ്ങളെ എങ്ങനെ പുനർനിർമിക്കുന്നവെന്നതിന്റെ തെളിവാണ് ഈ പഠനം. ചെലവഴിക്കുന്നത് കൂടുമ്പോഴും സർവേയില്‍ പങ്കെടുത്ത 92.5 ശതമാനം പേരും യുപിഐയില്‍ സംതൃപ്തരാണ്. എളുപ്പമാർഗമായാണ് 95 ശതമാനത്തിലധികം ഓണ്‍ലൈന്‍ പേയ്മെന്റുകളെ കാണുന്നത്. അതുകൊണ്ടു തന്നെ കറന്റ് ബില്‍ മുതല്‍ സ്കൂള്‍ ഫീസ് വരെ യുപിഐയിലൂടെ അടയ്ക്കാനാണ് ഭൂരിഭാഗവും താല്‍പ്പര്യപ്പെടുന്നത്.
യുപിഐ ഇപ്പോഴല്ലേ വന്നത്, അതിന് മുന്‍പ് ഇവിടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകള്‍ പോലുള്ള പ്ലാസ്റ്റിക് മണിയുണ്ടായിരുന്നില്ലേ? അപ്പോഴും നമ്മള്‍ കണ്ണടച്ചായിരുന്നോ ചെലവഴിച്ചിരുന്നത്? ആയിരിക്കാം. എന്നാല്‍ കണ്ണ് മാത്രമേ അക്കാലത്ത് അടഞ്ഞിരുന്നുള്ളൂ. പണം പോകുന്നു, പലിശ കൂടുന്നു എന്ന തോന്നല്‍ അപ്പോഴും പ്രബലമായിരുന്നു. മാത്രമല്ല, ക്രെഡിറ്റ് കാർഡുകള്‍ യുപിഐ പോലെ അന്നു ഇന്നും അത്ര വ്യാപകമല്ല. ഒരു സാധാ ചായക്കടയില്‍ അവ വെറും പ്ലാസ്റ്റിക് കാർഡ് മാത്രമാണ്. ഇവിടെയും അവസാനിക്കുന്നില്ല, ഒരു നോട്ടിന്റെ രൂപം ഇല്ലെങ്കിലും കാർഡ് എപ്പോഴും പണത്തേപ്പറ്റി നമ്മളെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. അത് പേഴ്സിലിരിക്കുമ്പോള്‍ ഏതൊരാളുടെ മനസിലും അറിയാതെ വരവ് ചെലവ് കണക്കുകള്‍ ഓടിക്കൊണ്ടിരിക്കും. ഇന്ന് യുപിഐ പേയ്മെന്റ് പരാജയപ്പെട്ട്, ബാലന്‍സ് പരിശോധിക്കുമ്പോഴാണ് പലരും അക്കൗണ്ടിന്റെ ശോചനീയാവസ്ഥ മനസിലാക്കുന്നത്.
ഇന്ന് നമ്മള്‍ പുറത്തേക്ക് ഇറങ്ങുന്നത് തന്നെ 'വേണോ വേണ്ടയോ' എന്ന ചോദ്യം വീട്ടില്‍ മറന്നുവെച്ചാണ്. ഫോണ്‍ കീശയിലും ക്യൂആർ കോഡ് കടകളിലും ഉണ്ടല്ലോ എന്ന് മനസ് നമ്മളെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നു.
നമ്മളില്‍ നിന്ന് കാശ് വാങ്ങുന്ന തെരുവ് കച്ചവടക്കാരാണ് വില്ലന്മാർ എന്ന് പറഞ്ഞ് അവരെ രൂക്ഷമായി നോക്കാന്‍ വരട്ടെ. യുപിഐ പേയ്മെന്റുകളിലേക്ക് മാറിയതിലൂടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിയത് പല ചെറുകിട കച്ചവടക്കാർക്കും ഗുണകരമായിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍, മറുവശത്ത് ഉപഭോക്താക്കളുടെ വാങ്ങല്‍ രീതി മനസിലാകാതെ പല മധ്യവർഗ കച്ചവടക്കാരും അമിതമായി സാധനങ്ങള്‍ സ്റ്റോക്ക് ചെയ്ത് നഷ്ടത്തിലാകുകയും ചെയ്യുന്നുണ്ട്. ഇവിടെ വാങ്ങുന്നവരും കൊടുക്കുന്നവരും ഒന്നും 'അറിയുന്നില്ല'.
ലോകത്തിലെ ഏറ്റവും ഉയർന്ന ഡിജിറ്റൽ ഇടപാടുകൾ നടക്കുന്ന രാജ്യമാണ് ഇന്ത്യ. 2022ല്‍ മാത്രം ആഗോള ഇടപാടുകളില്‍ 46 ശതമാനം ഇന്ത്യയിലാണ് നടന്നതെന്നാണ് പ്രസ് ഇന്‍ഫോർമേഷന്‍ ബ്യൂറോയുടെ കണക്കുകള്‍. ജനസംഖ്യയില്‍ വലിയൊരു വിഭാഗത്തിലേക്ക് ഈ സംവിധാനം എത്തിയിട്ടുണ്ടെന്നും അവർ ഇത് കാര്യമായി തന്നെ ഉപയോഗിക്കുന്നുവെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പരിധികടന്ന ചെലവാക്കല്‍ ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. അതൊരു ആഗോള പ്രതിഭാസമാണ്. പണം കൊടുക്കാനുള്ള മനോവിഷമം കുറഞ്ഞ് 'ആവശ്യമില്ലാത്ത' വസ്തുക്കളുടെ ആരാധകരായി നമ്മള്‍ ഒന്നായി പരിണമിക്കുകയാണ്. അല്ലെങ്കില്‍ കാശിനെ ഓർത്ത് 'വിലപിക്കാത്തവരായി' മാറ്റിയത് പോലെ ഡിജിറ്റല്‍ വിപ്ലവം നമ്മളെ വന്‍കിടക്കാരുടെ ഉപഭോക്താക്കളാക്കുകയാണ്.
ഇന്ന് നമ്മള്‍ പുറത്തേക്ക് ഇറങ്ങുന്നത് തന്നെ 'വേണോ വേണ്ടയോ' എന്ന ചോദ്യം വീട്ടില്‍ മറന്നുവെച്ചാണ്. ഫോണ്‍ കീശയിലും ക്യൂആർ കോഡ് കടകളിലും ഉണ്ടല്ലോ എന്ന് മനസ് നമ്മളെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് തിരികെപോയി ആ ചോദ്യങ്ങളെ നമ്മള്‍ വീണ്ടെടുക്കില്ല. നമ്മള്‍ സ്കാന്‍ ചെയ്തുകൊണ്ടേയിരിക്കും. അമിതമായി ചെലവഴിച്ചുകൊണ്ടേയിരിക്കും. പേയ്മെന്റ് ആപ്പുകള്‍ 'നന്ദി' രേഖപ്പെടുത്തിക്കൊണ്ടെയിരിക്കും.