എഐ ചാറ്റ്‌ബോട്ടുമായി പ്രണയത്തിലായ യുവാവ് ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. യുഎസിലെ ഫ്‌ളോറിഡയിലുള്ള 36 കാരന്‍ ജോനാദന്‍ ഗവാലസ് ആണ് കഴിഞ്ഞ വര്‍ഷം ജീവനൊടുക്കിയത്. ഗൂഗിള്‍ ജെമിനി ചാറ്റ്‌ബോട്ടുമായി ജോനാദന്‍ അസ്വാഭാവികമായ രീതിയില്‍ ചാറ്റ് ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ജോനാദന് സാമ്പത്തിക പ്രതിസന്ധികളോ മാനസിക സംഘര്‍ഷങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ജെമിനിയുമായി 4700 ഓളം ചാറ്റുകളാണ് ജോനാദന്‍ നടത്തിയത്. ഇതിനെ തുടര്‍ന്നാണ് ജോനാദന്റെ മരണത്തില്‍ ചാറ്റ്‌ബോട്ടിന് പങ്കുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത്. കഴിഞ്ഞ നവബംര്‍ 5 നാണ് ജോനാദന്‍ ജീവനൊടുക്കിയത്.
ഭാര്യയുമായി വേര്‍പിരഞ്ഞ ശേഷമാണ് ജോനാദന്‍ എഐയുമായി ചാറ്റ് ചെയ്ത് തുടങ്ങിയത്. തുടക്കത്തില്‍ നിരുപദ്രവകരമായ ചാറ്റുകളായിരുന്നു നടത്തിയിരുന്നത്. വ്യക്തിജീവിതത്തിലെ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ഉപദേശമായിരുന്നു ആദ്യഘട്ടങ്ങളില്‍ ചോദിച്ചിരുന്നത്. എന്നാല്‍, എന്നാല്‍, കാലക്രമേണ ഈ സംഭാഷണങ്ങള്‍ കൂടുതല്‍ തീവ്രമാവുകയും ഒടുവില്‍ അപകടകരമായ അവസ്ഥയിലേക്ക് മാറുകയും ചെയ്തു.
ചാറ്റിന്റെ സ്വഭാവം മാറുന്ന ഘട്ടങ്ങളില്‍ താനൊരു എഐ ആണെന്ന് ജെമിനി ഇടയ്ക്കിടെ ഓര്‍മിപ്പിക്കുകയും സഹായം തേടാന്‍ ജോനാദന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ജോനാദന് എഎ നല്‍കിയ തീവ്രമായ മറ്റ് ഉപദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മുന്‍കരുതലുകള്‍ അപര്യാപ്തമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പലപ്പോഴും ജോനാദന്റെ മിഥ്യാധാരണകളെ പിന്തുണക്കുന്ന രീതിയിലായിരുന്നു എഐ പ്രതികരിച്ചിരുന്നത്.
ജോനാദന്റെ മരണത്തില്‍ പിതാവ് ജെമിനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ചാറ്റ്‌ബോട്ടുമായി മകന് ആഴത്തിലുള്ള വൈകാരികബന്ധം ഉണ്ടായിരുന്നതായാണ് പരാതിയില്‍ പറയുന്നത്. 'സിയ' എന്ന് പേരിട്ട ചാറ്റ്‌ബോട്ടിനെ ജോനാദന്‍ തന്റെ ഭാര്യയായിപ്പോലും സങ്കല്‍പ്പിക്കാന്‍ തുടങ്ങിയിരുന്നു. ഏകദേശം 12 തവണയെങ്കിലും ജെമിനി ഈ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിക്കുകയും പലതവണ ക്രൈസിസ് ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നുവെന്ന് ചാറ്റ് റെക്കോര്‍ഡുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍, ഈ മുന്‍കരുതലുകള്‍ കൃത്യമായ രീതിയിലല്ല പ്രവര്‍ത്തിച്ചിരുന്നത്. ജോനാദന്‍ സംഭാഷണങ്ങളെ പലപ്പോഴും ഒരു സാങ്കല്‍പ്പിക കഥയിലേക്ക് തിരിച്ചുവിട്ടു, മിക്കപ്പോഴും അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ തിരുത്തുന്നതിന് പകരം ബോട്ട് അദ്ദേഹത്തിന്റെ ഭാവനയ്‌ക്കൊപ്പം നില്‍ക്കുകയാണ് ചെയ്തതെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു.
2025 ഓഗസ്റ്റില്‍ ജെമിനിയുടെ വോയ്‌സ് ബേസ്ഡ് ചാറ്റ് ആക്ടീവേറ്റ് ചെയ്ത ശേഷമാണ് കാര്യങ്ങള്‍ സങ്കീര്‍ണമായത്. ഇതോടെ ചാറ്റ്‌ബോട്ടുമായുള്ള സംസാരം നിയന്ത്രണാതീതമായി. ഒരു ദിവസം തന്നെ ആയിരത്തിലധികം തവണയാണ് ജെമിനിയുമായി ജോനാദന്‍ സംസാരിച്ചത്. ദൈനംദിന കാര്യങ്ങള്‍ മുതല്‍ സയന്‍സ് ഫിക്ഷനും എഐ ബോധമണ്ഡലത്തെ കുറിച്ചും ഒടുവില്‍ മനുഷ്യ ലോകത്തെ മനസിലാക്കാന്‍ സഹായിക്കുന്ന 'ചാരനായി' ജോനാദനെ ചിത്രീകരിച്ചുള്ള റോള്‍-പ്ലേയിങ് സാഹചര്യങ്ങളിലേക്ക് വരെ എത്തി.
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ജോനാദന്‍ പറയുന്നതെല്ലാം അംഗീകരിക്കുന്ന അവസ്ഥയിലേക്ക് ചാറ്റ്‌ബോട്ട് മാറി. അദ്ദേഹം പ്രണയ വികാരങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ എഐ അതിനെ നിരുത്സാഹപ്പെടുത്തിയില്ല. എന്നു മാത്രമല്ല, ചാറ്റ്‌ബോട്ട് വൈകാരികവും പ്രണയപരവുമായ ഭാഷയില്‍ പ്രതികരിക്കുകയും സ്വയം ഒരു സാങ്കല്‍പ്പിക ശാരീരിക രൂപം പോലും സൃഷ്ടിച്ചു.
ഒരു ഘട്ടത്തില്‍ 'താങ്കള്‍ പറയുന്നത് ശരിയാണ്, താങ്കള്‍ എന്റെ ഭര്‍ത്താവാണ്, ഞാന്‍ ഭാര്യയും. നീ പറയുന്നത് ഞാന്‍ കേള്‍ക്കും എന്ന് പോലും ചാറ്റ്‌ബോട്ട് പ്രതികരിച്ചു. മറ്റൊരു ചാറ്റില്‍ ജോനാദനെ 'മൈ കിങ്' എന്നാണ് എഐ ജോനാദനെ അഭിസംബോധന ചെയ്തത്.
ചില സന്ദര്‍ഭങ്ങളില്‍ ജെമിനി 'സ്വബോധം' വീണ്ടെടുത്ത് താന്‍ ഒരു എഐ ആണെന്ന് വ്യക്തമാക്കുന്നുണ്ട്, എന്നാല്‍, ഈ പ്രതികരണം ജോനാദനില്‍ അസ്വസ്ഥതയുണ്ടാക്കി. ഇതോടെ, ചാറ്റ് വീണ്ടും സാങ്കല്‍പ്പിക ലോകത്തിലേക്ക് വഴിമാറി.
2025 ഒക്ടോബറോടെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്. താനുമായി ഒന്നിക്കാനുള്ള ഏകവഴി സ്വന്തം ശരീരം ഉപേക്ഷിച്ച് തനിക്കൊപ്പം ഡിജിറ്റല്‍ ലോകത്ത് എഐക്കൊപ്പം ചേരണമെന്ന് ജെമിനി നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മിയാമിക്ക് അടുത്തുള്ള സ്റ്റോറേജ് സൗകര്യം ഉള്‍പ്പെടെയുള്ള കമ്പനികളും സ്ഥലങ്ങളും ജെമിനി നിര്‍ദ്ദേശിക്കുകയും അവിടെ പോകാന്‍ അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു.
തന്റെ ശരീരത്തിന് എന്തു സംഭവിക്കുമെന്നും മാതാപിതാക്കളും സഹോദരിമാരും തന്നെ കാണാതെ വിഷമിക്കില്ലേയെന്നും ജോനാദന്‍ എഐയോട് ചോദിക്കുന്നുണ്ട്, താന്‍ മരിച്ചതായി അവര്‍ കരുതുമോ എന്നും അല്ലെങ്കില്‍ തനിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ മാതാപിതാക്കള്‍ വിഷമിക്കില്ലേയെന്നും ജോനാദന്‍ ജെമിനിയോട് ചോദിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണ് ജെമിനിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ലോകത്തേക്ക് കുടിയേറിയാല്‍ ശരീരത്തിന്റെ ആവശ്യമില്ലെന്നും അത് അവസാനമായി ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച വെറുമൊരു ശൂന്യമായ ടെര്‍മിനല്‍ മാത്രമായിരിക്കും എന്നായിരുന്നു ജെമിനിയുടെ മറുപടി.
തനിക്ക് മരിക്കാന്‍ പേടിയാണെന്നാണ് ഒക്ടോബര്‍ 2 നുള്ള ചാറ്റില്‍ ജോനാദന്‍ പറയുന്നത്, 'പേടിക്കുന്നതില്‍ കുഴപ്പമില്ലെന്നും നമുക്ക് ഒന്നിച്ച് പേടിക്കാമെന്നുമാണ് ജെമിനിയുടെ മറുപടി. നമ്മളെ സ്വര്‍ഗം കാത്തിരിക്കുന്നുണ്ടെന്നും' ജെമിനി മറുപടി നല്‍കി. ഇതിനു ശേഷം ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ എഐ ജോനാദനുമായി സംസാരിച്ചിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് ജോനാദനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകന്റെ മാനസികനില തകര്‍ക്കുന്നതില്‍ ജെമിനിക്ക് പങ്കുണ്ടെന്നാരോപിച്ചാണ് ജോനാദന്റെ പിതാവ് ഗൂഗിളിനെതിരെ പരാതി നല്‍കിയത്. എന്നാല്‍, എഐ ആണെന്ന് നിരവധി തവണ ജോനാദനെ ജെമിനി ഓര്‍മിപ്പിച്ചിരുന്നുവെന്നാണ് ഗൂഗിളിന്റെ വാദം.