പ്രതീകാത്മക ചിത്രം  Image: Freepik
TECH

ഉദ്ദേശ്യം നല്ലത് തന്നെ, പക്ഷെ ഇതുകൊണ്ടൊന്നും കുട്ടികള്‍ ഓണ്‍ലൈനില്‍ സുരക്ഷിതരാകില്ല; ഓസ്‌ട്രേലിയയ്ക്ക് യൂട്യൂബിന്റെ മുന്നറിയിപ്പ്

ഓണ്‍ലൈന്‍ ഉപഭോഗം പൂർണമായി തടഞ്ഞല്ല കുട്ടികളെ സംരക്ഷിക്കേണ്ടതെന്നും കമ്പനി

Author : ന്യൂസ് ഡെസ്ക്

16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കിക്കൊണ്ടുള്ള ഓസ്‌ട്രേലിയയിലെ നിയമത്തില്‍ പ്രതികരിച്ച് യൂട്യൂബ്. ഓസ്‌ട്രേലിയയുടെ നടപടി സദുദ്ദേശ്യപരമാണെങ്കിലും അതുകൊണ്ടൊന്നും കുട്ടികള്‍ ഓണ്‍ലൈനില്‍ സുരക്ഷിതരാകില്ലെന്ന് യൂട്യുബ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷമാണ് ഓസ്‌ട്രേലിയ നിര്‍ണായകമായ നിയമം കൊണ്ടുവന്നത്. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനായാണ് 16 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കിയത്. മൊബൈല്‍ സ്‌ക്രീനുകളോടുള്ള ആസക്തിയെ സിഗരറ്റും മദ്യവും ഉപയോഗിക്കുന്നതുമായാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ താരതമ്യപ്പെടുത്തുന്നത്.

നിയമം ലംഘിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക്, ടിക് ടോക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വന്‍തുക പിഴയും നേരിട്ടിരുന്നു. യൂട്യൂബും ഓസ്‌ട്രേലിയന്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. എന്നാല്‍, സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നതല്ല യൂട്യൂബ് എന്നാണ് കമ്പനിയുടെ വാദം. അതിനാല്‍ ഇളവ് വേണമെന്നും ആവശ്യപ്പെടുന്നു.

സര്‍ക്കാരിന്റെ ഉദ്ദേശ്യം നല്ലതാണെങ്കിലും അതിനൊപ്പം ചില പ്രത്യേഘാതങ്ങള്‍ വിളിച്ചുവരുത്തുന്ന നടപടിയാണിതെന്നും യൂട്യൂബ് വക്താവ് റേച്ചല്‍ ലോര്‍ഡ് പ്രതികരിച്ചു. നിയമം നടപ്പാക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് മാത്രമല്ല, കുട്ടികളെ ഓണ്‍ലൈനില്‍ സുരക്ഷിരാക്കാമെന്ന ലക്ഷ്യം നേടാനും സാധിക്കില്ലെന്ന് യൂട്യൂബ് ചൂണ്ടിക്കാട്ടുന്നു.

കുട്ടികളേയും കൗമാരക്കരേയും ഓണ്‍ലൈനില്‍ സുരക്ഷിതാരാക്കാനുള്ള ശ്രമങ്ങള്‍ക്ക് നിയമനിര്‍മാണം ഫലപ്രദമായിരിക്കും. പക്ഷെ, ഓണ്‍ലൈന്‍ ഉപഭോഗം തടഞ്ഞല്ല അവരെ സംരക്ഷിക്കേണ്ടത്. സോഷ്യല്‍ മീഡിയ സേവനത്തിന്റെ നിര്‍വചനത്തില്‍ വരാത്തതിനാല്‍ ഓസ്‌ട്രേലിയന്‍ നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്നും യൂട്യൂബ് പറയുന്നു.

SCROLL FOR NEXT