രാത്രി 12 മണിക്ക് ഒരാൾക്ക് ബർത്ത് ഡേ വിഷ് ചെയ്യണം, പക്ഷേ അതുവരെ ഉറക്കമൊഴിച്ച് കാത്തിരിക്കണോ? ഇനി അതിന്റെ ആവശ്യമില്ല! മെസേജ് നേരത്തെ ടൈപ്പ് ചെയ്ത് വെച്ചാൽ മതി. കൃത്യസമയത്ത് വാട്സ്ആപ്പ് തന്നെ അയച്ചുകൊള്ളും. ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന സ്കെഡ്യുൾഡ് മെസ്സേജ് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. പുതിയ ഫീച്ചർ ആഗോളതലത്തിൽ ഇപ്പോൾ ലഭ്യമാണ്. ടെക്സ്റ്റ് മെസേജുകൾ മാത്രമല്ല, ഫോട്ടോകളും വീഡിയോകളും വരെ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് അയക്കാൻ സാധിക്കും.
മെസേജ് അയക്കേണ്ട സമയം മുതൽ പരമാവധി 14 ദിവസം വരെ മുൻകൂട്ടി സമയം സെറ്റ് ചെയ്യാം. ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് കഴിഞ്ഞുള്ള സമയത്തേക്കും മെസേജ് ഷെഡ്യൂൾ ചെയ്യാം. പേർസണൽ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ സൗകര്യം ഉപയോഗിക്കാം. ഫീച്ചർ നിങ്ങളുടെ അക്കൗണ്ടിൽ ലഭ്യമായിക്കഴിഞ്ഞാൽ, മെസേജ് ടൈപ്പ് ചെയ്ത ശേഷം സെന്റ് ബട്ടൺ അമർത്തിപ്പിടിച്ചാൽ മതി. അപ്പോൾ തീയതിയും സമയവും തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. അത് സെറ്റ് ചെയ്താൽ കൃത്യസമയത്ത് മെസേജ് തനിയെ അയച്ചുകൊള്ളും. പ്രത്യേകിച്ച്, നമ്മൾ മെസേജ് ഷെഡ്യൂൾ ചെയ്തതാണെന്ന് സ്വീകരിക്കുന്നവർക്ക് അറിയുകയുമില്ല. സാധാരണ മെസേജ് പോലെ തന്നെയായിരിക്കും അവർക്ക് ലഭിക്കുക.
മാത്രമല്ല, നമ്മൾ ഷെഡ്യൂൾ ചെയ്തിട്ടുള്ള മെസേജുകളെല്ലാം ഒരിടത്ത് കാണാനും ആവശ്യമെങ്കിൽ അയക്കുന്നതിന് മുമ്പ് ഡിലീറ്റ് ചെയ്യാനും സാധിക്കും. സാധാരണ മെസേജുകളെപ്പോലെ ഷെഡ്യൂൾ ചെയ്ത മെസേജുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 2024 മുതൽ തന്നെ സ്കെഡ്യുൾഡ് മെസ്സേജ് സൗകര്യമുണ്ട്. ഇപ്പോഴിതാ ആ ഫീച്ചർ വാട്സ്ആപ്പിലേക്കും എത്തുകയാണ്. ഇനി രാത്രി ഉറങ്ങുന്നതിന് മുമ്പ് തന്നെ പിറ്റേന്ന് അയക്കേണ്ട മെസേജുകളൊക്കെ സെറ്റ് ചെയ്ത് വെക്കാം. കൃത്യസമയത്ത് വാട്സ്ആപ്പ് അയച്ചോളും!