വാട്ട്‌സ്ആപ്പ്  ഫയൽ ചിത്രം
TECH

ഫോണിൽ സ്റ്റോറേജ് കുറവാണോ? വാട്‍സ്ആപ്പിൻ്റെ പുതിയ ഫീച്ചർ ഇത് പരിഹരിക്കും!

ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് ഇൻകമിംഗ് മീഡിയ ഫയലുകളുടെ ഗുണനിലവാരം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വാട്‍സ്ആപ്പിൽ ലഭിക്കും

Author : ന്യൂസ് ഡെസ്ക്

ഫോണിൽ സ്റ്റോറേജ് കുറവാണോ? എന്നാൽ ഇനി ടെൻഷൻ വേണ്ട ഫോണിന് സ്റ്റോറേജ് സ്‌പേസ് ലഭിക്കുന്നതിനായുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‍സ്ആപ്പ്. അതായത് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് ഇൻകമിംഗ് മീഡിയ ഫയലുകളുടെ ഗുണനിലവാരം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. ഇതിനായി ‘ഡൗൺലോഡ് ക്വാളിറ്റി’ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

വാട്ട്‌സ്ആപ്പ് ബീറ്റ വേർഷനിൽ പുതിയ ഫീച്ചറിൻ്റെ ടെസ്റ്റിംഗ് ആരംഭിച്ചു കഴിഞ്ഞു. ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് മീഡിയ ഫയലുകളുടെ ഗുണനിലവാരം – HD അല്ലെങ്കിൽ SD – സ്വമേധയാ തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഓപ്ഷനായിരിക്കും ഇത്. ഉപയോക്താക്കൾക്ക് സെറ്റിംഗ്സ് > ഡാറ്റ ആൻ്റ് സ്റ്റോറേജ് > ഡൗൺലോഡ് ക്വാളിറ്റി എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഈ സവിശേഷത ആക്‌സസ് ചെയ്യാൻ കഴിയും. സ്റ്റാൻഡേർഡ് ക്വാളിറ്റി അല്ലെങ്കിൽ എച്ച്ഡി ക്വാളിറ്റി നിലവാരത്തിൽ നിന്നും ഏതെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

റിപ്പോർട്ടുകൾ പ്രകാരം, സ്റ്റാൻഡേർഡ് ക്വാളിറ്റി ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോൾ മീഡിയ കംപ്രസ് ചെയ്യപ്പെടുന്നതിനാൽ കുറഞ്ഞ സ്റ്റോറേജും വേഗത്തിലുള്ള ഡൗൺലോഡുകളും സാധ്യമാകും. മീഡിയ ഓട്ടോ-ഡൗൺലോഡ് സ്റ്റാൻഡേർഡായാണ് സെറ്റ് ചെയ്തതെങ്കിൽ ഡിഫോൾട്ടായി ചെറുതും കംപ്രസ് ചെയ്തതുമായ ഫയൽ ലഭ്യമാക്കും. അതേസമയം, ആപ്പിലെ മീഡിയ ഫയൽ നേരിട്ട് കാണുന്നതിലൂടെ, സ്വീകർത്താക്കൾക്ക് ഇപ്പോഴും ചിത്രത്തിന്റെയോ വീഡിയോയുടെയോ HD പതിപ്പ് വീണ്ടെടുക്കാൻ കഴിഞ്ഞേക്കും.

നിലവിൽ ആൻഡ്രോയിഡ് ആപ്പിന്റെ ബീറ്റ പതിപ്പിലാണ് പുതിയ ഓപ്ഷനുള്ളത്. പരീക്ഷണം വിജയമായാൽ എല്ലാ വാട്സ്ആപ്പ് ഉപഭോക്താക്കൾക്കുമായും ഈ ഫീച്ചർ കമ്പനി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. ലളിതവും എന്നാൽ ശക്തവുമായ ഈ ക്രമീകരണം ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം നൽകുകയും ഡിവൈസിൻ്റെ ഇൻ്റേണൽ സ്റ്റോറേജ് പ്രശ്നം പരിഹരിക്കുകയും ചെയ്യും.

SCROLL FOR NEXT