79ാമത് കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിലൂടെ ജോയ് മാത്യുവും ബീന പോളും നടക്കുമ്പോൾ അത് കേവലം ഒരു ഫോട്ടോ മൊമന്റ് അല്ല. അത് ഒരു ചരിത്ര നിമിഷമാണ്. 40 വർഷത്തിന് ശേഷം ജോൺ എബ്രഹാമിന്റെ 'അമ്മ അറിയാൻ' ലോകവേദിയിലേക്ക് എത്തിയ അഭിമാനം നിമിഷം. കാൻ ക്ലാസിക് വിഭാഗത്തിലാണ് സിനിമയുടെ 4K റീസ്റ്റോർഡ് പതിപ്പ് പ്രദർശിപ്പിച്ചത്. സിനിമ കണ്ട കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ആ കയ്യടി ജോണിനും സിനിമയ്ക്കും മാത്രമായിരുന്നില്ല. 'അമ്മ അറിയാൻ' എന്ന സിനിമ യാഥാർഥ്യമാക്കിയ നിരവധി സാധാരണ മനുഷ്യരും ആ കരഘോഷങ്ങളുടെ അവകാശികളാണ്.