പ്രശസ്ത അമേരിക്കൻ ഹാസ്യതാരം ഏർണി കോവാക്സ് 1950കളിൽ ടെലിവിഷനിൽ ഒരു കോമഡി ഷോ നടത്തിയിരുന്നു - ഏർണി കോവാക്സ് ഷോ. ഈ ഷോയുടെ തുടക്കത്തിൽ കട്ടിക്ക് മേക്കപ്പുമിട്ട്, അൽപ്പ വസ്ത്രവും ധരിച്ച് വെറുതെ ഒരു സ്ത്രീ വേദിയിലൂടെ ഇങ്ങനെ നടക്കും. ആൺനയനങ്ങൾക്കായി ഇട്ടുകൊടുക്കുന്ന ഒരു കാഴ്ചവസ്തു - ഡംബ് ബ്ലോണ്ട് എന്നാണ് ഇത്തരം കഥാപാത്രങ്ങളെ അക്കാലത്ത് വിളിച്ചിരുന്നത്. അതിൽ ഒരാളായിരുന്നു ബാർബറ ലോഡൻ. ആ സ്ത്രീയിൽ എന്തോ ഒരു പ്രത്യേകത തോന്നിയ ഏർണി, ഷോയിലെ കോമഡി സ്കെച്ചുകളിൽ കൂടുതൽ പ്രധാന്യമുള്ള വേഷങ്ങൾ അവർക്ക് നൽകി തുടങ്ങി. വേഷമെന്ന് പറയുമ്പോൾ - സ്റ്റേജിലൂടെ പന്തുകണക്കിന് ഉരുളണം, കേക്ക് കൊണ്ട് മുഖത്ത് അടിവാങ്ങണം, പെട്ടെന്ന് കാൽ വഴുതി വീഴണം. അതാണ് പരിപാടി.
കോമഡി ടൈമിങ്ങ് കൊണ്ടും ക്യാമറയ്ക്ക് മുന്നിലുള്ള കൂസലില്ലാത്ത പെരുമാറ്റം കൊണ്ടും ആ നടി എല്ലാവരുടേയും ശ്രദ്ധപിടിച്ചുപറ്റി. വർഷങ്ങളുടെ കഠിനാധ്വാനംകൊണ്ട്, ഡംബ് ബ്ലോണ്ട് എന്ന് വിളിച്ചവരെ അവർ തിരുത്തി. താൻ ഹോളിവുഡ് കണ്ട മികച്ച നടിമാരിൽ ഒരാളാണെന്ന് തെളിയിച്ചു. മികച്ച സംവിധായികയാണെന്നും. അതും ഒറ്റപ്പടം കൊണ്ട്!