പുറക്കാട് കടലിലെ ചാകരക്കോളിനൊപ്പം മലയാളത്തില്‍ ആദ്യമായി അലയടിച്ച സംഗീതം, സലില്‍ ചൗധരി. മലയാളികള്‍ നെഞ്ചേറ്റിയ സലില്‍ദാ. 1966ല്‍ ചെമ്മീനില്‍ തുടങ്ങി 1995ല്‍ തുമ്പോളി കടപ്പുറം വരെയുള്ള ചിത്രങ്ങളിലായി നൂറ്റിപ്പത്തോളം ഗാനങ്ങള്‍. എത്ര കണ്ടാലും മടുക്കാത്ത കടല്‍പോലെ, എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍. വിരഹവും, സന്തോഷവും, പ്രതീക്ഷയും, താരാട്ടും, ഓണവും, ആഘോഷവുമൊക്കെ സലില്‍ ദായുടെ ഈണത്തില്‍ മലയാളം കേട്ടു. ഈണമൊരുക്കിയ പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റ്. ബംഗാളിയില്‍നിന്നും ഹിന്ദിയില്‍ നിന്നുമൊക്കെ ചില ഈണങ്ങള്‍ മലയാളത്തിലേക്ക് കടംകൊണ്ടു, ചിലപ്പോഴൊക്കെ തിരിച്ചും. എല്ലാം കാലാതിവര്‍ത്തികള്‍. മലയാളത്തില്‍ അവസാനമായി ചെയ്ത ചിത്രത്തിലും അത്തരത്തിലൊരു ഗാനം പിറന്നിരുന്നു. ബംഗാളിയില്‍ സലില്‍ ദാ എഴുതി ഈണമിട്ട ഒരു കവിതയായിരുന്നു അതിന്റെ പ്രചോദനം. പഴയ, പുതിയ തലമുറകള്‍ ഒരുപോലെ പാടുകയും ആസ്വദിക്കുകയും ചെയ്യുന്ന പാട്ടായി അത് മാറി എന്നതാണ് പില്‍ക്കാല ചരിത്രം.