1958, 1962, 1970, 1994, 2002... എന്നിങ്ങനെ സോക്കർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയ ടീം... എന്നും കാൽപന്തു കളിയെ ജീവവായു പോലെ നെഞ്ചോട് ചേർക്കുന്നവരുടെ നാട്... ആക്രമണ ഫുട്ബോൾ കൊണ്ടും.. സീംഗ കേളിശൈലിയുടെ വ്യത്യസ്തത കൊണ്ടും ലോകമെമ്പാടും നിന്നും കോടിക്കണക്കിന് ആരാധകവൃന്ദത്തെ കൂടെ കൂട്ടിയ ലാറ്റിനമേരിക്കൻ രാജ്യം... !! പിന്നിട്ട എട്ട് പതിറ്റാണ്ടിനിടെ പെലെ, ഗരിഞ്ച, റൊമാരിയോ, ദുംഗ, കഫു, റൊണാൾഡോ, റൊണാൾഡീഞ്ഞോ, റിവാൾഡോ, റോബർട്ടോ കാർലോസ്, കാക്ക, നെയ്മർ തുടങ്ങി... എണ്ണിയാലൊടുങ്ങാത്ത ഇതിഹാസ താരങ്ങളെ ലോക ഫുട്ബോളിന് സംഭാവന നൽകിയ... വൺ ആൻഡ് ഒൺലി ബ്രസീൽ!
ബ്രസീലിലെ ലക്ഷ്യം മറന്നൊരു പുതുതലമുറയെ ലോകകപ്പിന് തൊട്ടു മുൻപായി മാമോദീസ മുക്കി... സ്വർഗാരോഹണത്തിനായി ഒരുക്കിയിട്ടുണ്ട് കാർലോ ആൻസലോട്ടിയെന്ന ബുദ്ധി രാക്ഷസൻ!! കളിക്കളത്തിൽ 11 പേരും തോറ്റെന്നുറപ്പിച്ചാലും... ആൻസലോട്ടിയെന്ന മുഖ്യപരിശീലകൻ പുറത്തുള്ളിടത്തോളം സമയം ബ്രസീൽ ടീം തിരിച്ചുവരുമെന്നൊരു പ്രതീക്ഷ ആരാധകരുടെ മനസിലുണ്ടാകും!
പെലെയും ഗരിഞ്ചയും റൊണാൾഡീഞ്ഞോയും നെയ്മറുമെല്ലാം ഒരു കലാരൂപം പോലെ അനുഷ്ഠിച്ച് പോരുന്ന സീംഗ ശൈലിയിൽ ലോക ഫുട്ബോളിനെ അടക്കി ഭരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കാർലോ എന്ന ബോസ്. അഞ്ച് ലോകകിരീടങ്ങളുടെ ചരിത്രമുണ്ടെങ്കിലും, തോറ്റ് തോറ്റ്... തലകുനിഞ്ഞ് പോയ രണ്ട് പതിറ്റാണ്ടുകൾക്കായി കണക്കു ചോദിക്കാതെ, കിരീടധാരണം കൊണ്ട് സാംബനൃത്തമാടാതെ, ഈ ലോകകപ്പ് കാലത്ത് ഒരു ബ്രസീൽ ആരാധകനും മുന്നോട്ട് പോകാനാകില്ല.