'ജോഗാ ബോണിറ്റോ'. ഇതൊരു പോര്‍ച്ചുഗീസ് പ്രയോഗമാണ്. 'ബ്യൂട്ടിഫുള്‍ ഗെയിം' എന്നാണ് അര്‍ഥം. ബ്രസീല്‍ ഫുട്ബോളിനെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. കളിക്കാര്‍ക്കൊപ്പം, ആരാധകരും കാഴ്ചക്കാരും ഒരുപോലെ ആസ്വദിക്കുന്ന കളിശൈലി. എതിര്‍നിരക്കെതിരെ വലിയ തന്ത്രങ്ങള്‍ മെനഞ്ഞ്, പാസുകള്‍കൊണ്ട് വല നെയ്ത് ഗോളടിച്ചു കൂട്ടുക മാത്രമല്ല അത്. ഒരു കളിക്കാരന്‍ അവന്റെ സ്കില്ലിനൊപ്പം ക്രിയേറ്റിവിറ്റിയും ചേര്‍ത്തുവയ്ക്കുന്നു. ഒറ്റതാളത്തില്‍ ആടുന്ന സംഘനൃത്തം പോലെ, പന്തുകളെ കാലില്‍ കോര്‍ത്ത് അവര്‍ ഗോളിലേക്ക് ചുവടടുപ്പിക്കുന്നു. കളിക്കളത്തില്‍ അപ്പപ്പോള്‍ രചിക്കപ്പെടുന്ന കാവ്യം പോലെ മനോഹരമാകുന്ന കളിശൈലി. ഒരു പാട്ടോ, ഡാന്‍സോ പോലെ ആസ്വദിക്കാനാവുന്ന ഫുട്ബോള്‍. മധ്യനിരയില്‍ തുടക്കമിടുന്ന നൃത്തച്ചുവടുകള്‍, എതിര്‍നിരയുടെ നെഞ്ചില്‍ തീ കോരിയിട്ടശേഷമാകും താണ്ഡവം പൂര്‍ത്തിയാക്കുക. ഗോളുകളുടെ എണ്ണപ്പെരുക്കമില്ലെങ്കിലും ആ കളി നാം കണ്ടിരിക്കും, ആസ്വദിക്കും. ഫുട്ബോളിലെ ഏറ്റവും വിപ്ലവകരമായൊരു ശൈലി. അതാണ് ജോഗാ ബോണിറ്റോ.