ഘടികാരങ്ങള്‍ നിലച്ച രാവില്‍, ഭൂമിയിലെ സകല ജീവജാലങ്ങളും കാതോര്‍ത്തു. അവര്‍ കേട്ട ശബ്ദം മെസി...മെസി...മെസി... എന്നായിരുന്നു. ഹൃദയത്തിലേക്ക് കാല്‍പ്പന്തിന്റെ ജീവശ്വാസം പകര്‍ന്നവര്‍, മെയ്യിലും മനസിലും ലയണല്‍ മെസിയെ പച്ചകുത്തിയവര്‍ ആഘോഷത്തിന്റെ പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു. അപ്പോള്‍ അങ്ങ് കടലിനക്കരെ, ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അവരുടെ മിശിഹ ലോകകിരീടം ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു. ലോകം കാല്‍പ്പന്തോളം ചുരുങ്ങിയ നിമിഷത്തിലെ ഏറ്റവും മനോഹരമായ ദൃശ്യം. ഗനിം അല്‍ മുഫ്താഹും മോര്‍ഗന്‍ ഫ്രീമാനും മാനവികതയുടെ പുതിയപാഠം പറഞ്ഞുതുടങ്ങിയ ഖത്തര്‍ ലോകകപ്പിന് ഏറ്റവും അര്‍ത്ഥവത്തായ വിരാമം. മെസിയുടെ ലോകകപ്പ് നേട്ടത്തിന്റെ കഥ.