നട്ടുച്ച നേരം. കുട്ടികളുടെ ഒരു ചെറിയ സംഘം ഒരിടവഴിയിലൂടെ നടന്നുവരികയാണ്. പെട്ടെന്ന് കരിയില വീണ വഴിയിൽ ഒരനക്കം അവർ ശ്രദ്ധിച്ചു. നോക്കുമ്പോഴതാ, തൊട്ടുമുൻപിൽ രണ്ട് മൂർഖൻ പാമ്പുകൾ ഇണചേരുന്നു. കുട്ടികൾ പാമ്പുകൾക്ക് നേരെ കല്ലെറിഞ്ഞു. അതിലൊരു കല്ല് കൃത്യം ലക്ഷ്യം കണ്ടു. പാമ്പുകളിൽ ഒന്ന് മരിച്ചു. ഇണപ്പാമ്പ് ആ കുട്ടികൾക്ക് നേരെ ഫണം വിടർത്തി കൊത്താൻ ആഞ്ഞു. അവർ പേടിച്ച് ഓടി.
വർഷങ്ങൾ കടന്നുപോയിട്ടും ആ കുട്ടികളിൽ ഒരാളുടെ മനസിൽ ആ ദൃശ്യം പതിഞ്ഞു കിടന്നു. ഇടവഴിയിൽ ഫണം വിടർത്തി നിൽക്കുന്ന പാമ്പ്. ലോഹിതദാസ് സൃഷ്ടിച്ച വിദ്യാധരൻ എന്ന വാച്ച് റിപ്പേറുകാരൻ ഭയന്നു തുടങ്ങുന്നത് അവിടെ നിന്നാണ്. പാമ്പ് കടിയേറ്റ് തന്റെ ഭാര്യ മരിച്ചതോടെ അയാൾ ഉറപ്പിച്ചു - പരീക്ഷിത്തിനെ കൊന്ന തക്ഷകനെപ്പോലെ ആ ഇണപ്പാമ്പ് തന്റെ ജീവനെടുക്കാൻ ഇടവഴിയിൽ കാത്തിരിക്കുന്നുണ്ട്. ഈ പാമ്പ് കഥ ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത 'ഭൂതക്കണ്ണാടി' എന്ന സിനിമയുടെ കാതലാണ്. പക്ഷേ, ഇങ്ങനെയൊരു സീൻ ആ ചിത്രത്തിലില്ല. തന്റെ ചെറിയ വാച്ച് റിപ്പയറിങ് ഷോപ്പിന് മുന്നിലിരുന്ന് സുഹൃത്തുക്കളോട് വിദ്യാധരൻ പറയുന്ന കഥയാണിത്. അതിനാടകീയമല്ല ഈ കഥ പറച്ചിൽ. അയാളൊരു സംഭവകഥ വിവരിക്കുക മാത്രമാണ്. ആ വെറുതെ പറച്ചിലിലും അയാളിലെ പേടി നമുക്ക് മനസിലാക്കാൻ സാധിക്കും. അതയാൾ വാക്കാൽ പറയുന്നില്ല. പക്ഷേ, അയാളുടെ സംഭാഷണത്തിൽ, നടപ്പിൽ, നോട്ടത്തിൽ, ഇരുപ്പിൽ ഉള്ളിലെ ഭയം വ്യക്തമാണ്. ഇടവഴിയിലെ ഈ പാമ്പാണ് പിന്നീട് ഈ സിനിമയിൽ വിദ്യാധരനെ ഉന്മാദത്തിലേക്ക് കൊണ്ടിടുന്ന മനുഷ്യരായി മാറുന്നത്. ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് വിദ്യാധരനായുള്ള മമ്മൂട്ടിയുടെ ഈ പകർന്നാട്ടം. സൂക്ഷ്മാഭിനയത്തിന്റെ മാസ്റ്റർക്ലാസ്. അഭിനയം പഠിക്കാനുദ്ദേശിക്കുന്നവർക്ക് ഒരു റെഫറൻസ്!