ഒരു നടന് വേണ്ട രൂപലാവണ്യത്തെപ്പറ്റി ആധികാരികമായി പലരും എഴുതിയിട്ടുണ്ട്. പല സിദ്ധാന്തങ്ങളും അതിനെചുറ്റിപ്പറ്റിയുണ്ട്. അവന്റെ അഴകളവുകൾ, ചിരി, നോട്ടം, നടപ്പ്, നിൽപ്പ്, ഇരിപ്പ്, സംസാരം അങ്ങനെ എല്ലാത്തിനും ഏതൊക്കെയോ കാലത്ത് ആരൊക്കെയോ ചട്ടക്കൂടുകളുണ്ടാക്കിയിട്ടുണ്ട്. ഈ നായക സങ്കൽപ്പങ്ങൾക്ക് പുറത്താണ് ഇതിഹാസങ്ങളുടെ പിറവി. കാണിയുടെ കൺവെട്ടത്താണ് അവർ വളർന്നത്. അവിടെ അവർക്ക് നാണംകുണുങ്ങാം, പൊട്ടിച്ചിരിക്കാം, പൊട്ടിക്കരയാം, തന്റെയുള്ളിലെ സ്ത്രൈണ ഭാവങ്ങളെ മറയില്ലാതെ പ്രകാശിപ്പിക്കാം. വേണമെങ്കിൽ തോളൽപ്പം ചരിഞ്ഞ് നിൽക്കാം, നടക്കാം. ഒരൊറ്റ സില്ലൗട്ട് മതിയാകും. തിയേറ്ററുകളിൽ അവർക്കായി കയ്യടികൾ ഉയരും. നാല് പതിറ്റാണ്ടായി അങ്ങനെ ഒരാൾക്കായി ആർത്തുവിളിക്കുന്നവരാണ് മലയാളികൾ. ആറും അറുപതും ഒരുപോലെ ആ ഇതിഹാസത്തെ വിളിക്കുന്നത് 'ലാലേട്ടൻ' എന്നാണ്.