ആ റീൽ നിങ്ങൾക്ക് ഓർമയുണ്ടാകും. ഇല്ലെങ്കിൽ അത് ഓർത്തെടുക്കാനുള്ള അവസരമാണിത്. തമിഴിലെ ഒരു പ്രമുഖ അവാർഡ് ഷോ. സൂപ്പർ താരങ്ങളും സൂപ്പർ സ്റ്റാർ പരിവേഷമുള്ള സംവിധായകരും പങ്കെടുക്കുന്ന പരിപാടി. അവർ വണ്ടിയിൽ നിന്നിറങ്ങി റെഡ് കാർപ്പറ്റിലൂടെ തങ്ങളുടെ ഇരിപ്പിടത്തിലേക്ക് എത്തുംവരെ അകമ്പടിക്ക് ക്യാമറകളും ബൗൺസർമാരും. കാറിൽ നിന്നിറങ്ങിയ ലോകേഷ് കനകരാജ് ഉൾപ്പെടെയുള്ള സ്റ്റാർ സംവിധായകരെ സംഘാടകരും ഫോട്ടോഗ്രാഫർമാരും കൈ വെള്ളയിലാണ് കൊണ്ടുപോകുന്നത്. എന്നാൽ, നെൽസൺ ദിലീപ് കുമാർ എന്ന സംവിധായകന് അകമ്പടിക്കായി ആരുമുണ്ടായിരുന്നില്ല. "ഞാനിപ്പൊൾ ഇവര് ക്ഷണിച്ചിട്ട് തന്നെയല്ലേ വന്നത്" എന്ന മട്ടിൽ റെഡ് കാർപ്പറ്റിൽ എങ്ങോട്ടേക്കെന്ന് അറിയാതെ നെൽസണും സുഹൃത്തും നടനുമായ റെഡിൻ കിങ്സ്ലിയും കുറച്ചു നേരം നിന്നു. പിന്നെ മുന്നോട്ട് നടന്നു. അപ്പോഴും നെൽസന്റെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു. ഒരുനാൾ..ഒരുനാൾ വരും എന്ന അർഥം വരുന്ന ചിരി. സിനിമ ഒരു മ്യൂസിക്കൽ ചെയർ പോലെയാണെന്ന തിരിച്ചറിവ്. ആർക്കും ഇരിപ്പിടം റിസർവ് ചെയ്യാനാകില്ല. പാട്ട് തീരുമ്പോൾ ആരാദ്യം ഇരിക്കുന്നു. അതിലാണ് കാര്യം. 'ബീസ്റ്റ്' എന്ന ചിത്രത്തിന്റെ പരാജയം നെൽസനെ പിന്നിലാക്കി. പക്ഷേ, വിജയ് പറഞ്ഞപോലെ - വാഴ്ക ഒരു വട്ടം...അയാൾ തിരിച്ചുവന്നു. ഒരു മാസ് കം ബാക്ക്. സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ബ്ലോക്ബസ്റ്റർ ഹിറ്റ് പടമെടുത്തു. അപമാനിച്ചവരോട്, പരിഹസിച്ചവരോട് നെൽസൺ പറയാതെ പറഞ്ഞു - ഫ്രെയിം പാരുങ്ക ജീ!