ഓണം ബോക്സ് ഓഫീസ് ഒരു കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്‌നർ കൊണ്ടു കീഴടക്കാനുള്ള ശ്രമമായിരുന്നു പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് ഒരുക്കിയ 'ഖലീഫ'. പക്ഷേ, ഈ ഇടിപ്പടത്തിൽ മസിലുണ്ടെങ്കിലും മാസുണ്ടെന്ന് തോന്നുന്നില്ല. പവറില്ലാത്ത പഞ്ചുകൾ കൊണ്ടു നിറഞ്ഞ, പാതിവെന്ത തിരക്കഥ പതറിയും പരുങ്ങിയുമാണ് ഓരോ നിമിഷവും മുന്നോട്ടുപോകുന്നത്. എങ്ങനെയെങ്കിലും സിനിമയെ കാമിയോ എൻട്രി സീനിലേക്ക് എത്തിക്കാനുള്ള പോക്ക്. ആ ധൃതിയുടെ കാരണം ഒന്നുമാത്രമാണ്. എത്ര ദുർബലമായ തിരക്കഥയാണെങ്കിലും മോഹൻലാൽ എന്ന നടന്റെ മുഖം ഫ്രെയിമിൽ എത്തുമ്പോൾ കാണികളൊന്ന് ഉഷാറാകും. ഇവിടെയും പതിവ് തെറ്റുന്നില്ല. മോഹൻലാലിന്റെ മാമ്പറയ്ക്കൽ അഹമ്മദ് അലി ചുമ്മാ വന്നങ്ങ് കയ്യടി വാങ്ങും. അവിടെയും നിർത്താതെ ഒരു സർപ്രൈസ് കാമിയോ കൂടി 'ഖലീഫ' പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. അതിനപ്പുറത്ത്, ജേക്സ് ബിജോയിയുടെ കാതടപ്പിക്കുന്ന മാസ് ബിജിഎമ്മിൽ മാമ്പറയ്ക്കൽ ആമിർ അലിയായി എത്തുന്ന പൃഥ്വിരാജിന്റെ സ്റ്റൈലിഷ് പോസുകൾ മാത്രമാണ് 'ഖലീഫ'.