കേരളത്തിലെ ഇപ്പോഴത്തെ വ്യവസ്ഥിതിയോട് യുവാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. വെറും യുവാക്കളല്ല, ദീപശിഖാങ്കിത നീല പതാകയേന്തിയ യുവാക്കള്‍. കാര്യം ശരിയാണ്, പത്ത് വര്‍ഷത്തിനുശേഷം ഭരണമൊക്കെ പിടിച്ചു. അതിനുശേഷം ജനാധിപത്യത്തിന്റെ സൗന്ദര്യം കൂട്ടാന്‍ കസേരയ്ക്കു വേണ്ടിയും അടികൂടി. പക്ഷേ, ഇക്കാലമത്രയും വെള്ളം കോരിയവവര്‍ക്കും വിറക് കീറിയവര്‍ക്കും, നടുറോഡില്‍ തല്ലുകൊണ്ട് ചോര ചീന്തിയവര്‍ക്കും ആ സൗന്ദര്യമൊന്നും ആസ്വദിക്കാന്‍ യോഗമുണ്ടായില്ല. അതിനിടെ, വഴിയില്‍ക്കൂടി പോയവരും, കാഴ്ച കണ്ടു നിന്നവരുമൊക്കെ പല പല കസേരകള്‍ സ്വന്തമാക്കുകയും ചെയ്തു. പട്ടാഭിഷേകം കഴിഞ്ഞ് വാഗ്‍ദാനങ്ങള്‍ മറക്കുന്ന രാജശീലം ശരിയല്ലെന്ന് പലരും വിളിച്ചു പറയുന്നുണ്ട്. നോ ഫലം, ആ കോട്ട വാതില്‍ പാവത്തുങ്ങള്‍ക്കു മുന്നില്‍ തുറക്കപ്പെട്ടില്ല.