കേരളത്തിനിത് തെരഞ്ഞെടുപ്പു കാലമാണ്. നാടിന്റെ മുക്കും മൂലയുമൊക്കെ ജനാധിപത്യ പ്രക്രിയയുടെ തിരക്കുകളിലാണ്. ഓരോ വീടും കയറിയിറങ്ങുന്നതിനൊപ്പം, സ്ഥാനാര്‍ഥികളുടെ ഡിജിറ്റല്‍ പ്രചാരണവും ഊര്‍ജിതമാണ്. ചുവരെഴുത്തുകളും നോട്ടീസും ഫ്ലക്സും പോലെ പ്രധാനമാണ് പ്രചാരണഗാനങ്ങളും. സ്ഥാനാര്‍ഥിക്കായോ, മുന്നണിക്കായോ ഒറിജിനല്‍ സ്കോറുകള്‍ക്കൊപ്പം, ജനപ്രിയ സിനിമാ, ആല്‍ബം പാട്ടുകളുടെ പാരഡികളും ഉള്‍പ്പെടുന്നു. അത്ര പ്രശസ്തരല്ലാത്ത ഗായകരും സംഗീതജ്ഞരുമൊക്കെയാണ് തെരഞ്ഞെടുപ്പുകാലത്ത് കുറഞ്ഞ ചെലവില്‍ ഇത്തരം വോട്ടുപാട്ടുകള്‍ ചെയ്തുകൊടുക്കുന്നത്. എന്നാല്‍, പ്രശസ്തരായ ഗാനരചയിതാക്കളും സംഗീത സംവിധായകരും ഗായകരുമൊക്കെ ഇത്തരം വോട്ടുപാട്ടുകള്‍ ചെയ്തിട്ടുണ്ട്. അതുപക്ഷേ, സിനിമയിലാണെന്നു മാത്രം.