ന്യൂസ് ഡെസ്ക്
അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ട് തൃഷയുടെ ആ പോസ്റ്റ് എത്തി. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റ്.
ഒപ്പം മനോഹരമായ കുറിപ്പും. പിറന്നാള്‍ കേക്കുകള്‍ക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന വിജയ്‌യും അദ്ദേഹത്തെ നോക്കി നില്‍ക്കുന്ന തൃഷയുമാണ് ചിത്രത്തിലുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു വിജയ്‌യുടെ 52ാം പിറന്നാള്‍. സിനിമാ ലോകത്തുള്ളവരും ആരാധകരും മറ്റ് പ്രമുഖരുമെല്ലാം തമിഴ്‌നാട് മുഖ്യമന്ത്രിയായ വിജയ്ക്ക് ആശംസകള്‍ നേര്‍ന്നപ്പോള്‍ ഒരാളുടെ ആശംസ മാത്രം കണ്ടില്ലെന്നായിരുന്നു പ്രധാന ചര്‍ച്ച.
തൃഷയുടെ മൗനം പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായി.
എല്ലാ വര്‍ഷവും വിജയ്‌യുടെ പിറന്നാള്‍ ദിവസം തൃഷ ആശംസ നേര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ചിത്രം പങ്കുവെക്കാറുണ്ട്.
ഇത്തവണ ആ പതിവ് തെറ്റിയതോടെ ഇരുവരും പിരിഞ്ഞുവെന്നും തൃഷ വിജയ്‌യെ സോഷ്യല്‍മീഡിയയില്‍ അണ്‍ഫോളോ ചെയ്‌തെന്നുമൊക്കെയായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.
"എല്ലാം അർത്ഥപൂർണ്ണമാക്കുന്ന ആൾ" പിറന്നാള്‍ ആശംസകള്‍ എന്നാണ് പുതിയ ചിത്രത്തിനൊപ്പം തൃഷ പങ്കുവെച്ചത്. ഒപ്പം ഒന്നല്ല, രണ്ടല്ല, മൂന്നല്ല, അഞ്ച് കേക്കുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന വിജയ്‌യുടെ ചിത്രവും.
അടുത്ത കാലത്തായി വിജയ്‌ക്കൊപ്പമുള്ള തൃഷയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്ക് തൃഷ എത്തിയതിന്റെ വീഡിയോയും വൈറലായിരുന്നു. ചടങ്ങിലെ ശ്രദ്ധാ കേന്ദ്രവും തൃഷ തന്നെയായിരുന്നു.