ന്യൂസ് ഡെസ്ക്
ഇലക്കറികള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇവ ഫോളേറ്റ്, അയേണ്‍ തുടങ്ങിയവയാല്‍ പോഷക സമൃദ്ധവുമാണ്. ഇലക്കറികള്‍ പല തരമുണ്ട്. ചീര വിഭാഗത്തില്‍ പെടുന്നവ, പാലക്, മേത്തി, മല്ലിയില, കറിവേപ്പില, മുരിങ്ങ, ഇവ കൂടാതെ തഴുതാമ പോലെയുള്ള ഔഷധ സസ്യങ്ങള്‍.
ഉലുവയുടെ ഇലയാണ് മേത്തിയില. ഇന്ത്യയുടെ പല ഭാഗത്തും ധാരാളമായി ഉപയോഗിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ സര്‍വസാധാരണമല്ല. ഉലുവയിലയ്ക്ക് വളരെ ഗുണങ്ങളുണ്ട്.
നാരുകളുള്ള ഇല ദഹനത്തിനും വയറിനും ഗുണം ചെയ്യും. ഉലുവയില വെള്ള സവാളയുമായി ചേര്‍ത്തു വേവിച്ച്, കല്ലുപ്പോ, ഉപ്പുപൊടിയോ ചേര്‍ത്ത് ഉപയോഗിക്കുന്നത് മലബന്ധം പരിഹരിക്കും.
ഉലുവയും ഇലയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹീമോഗ്ലോബിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. വിളര്‍ച്ചയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാം.
രക്തത്തിലെ ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാന്‍ ഉലുവയിലയുടെ നീര് നല്ലതാണ്. ഇതിലുള്ള സാപോനിന്‍സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. പ്രകൃതിദത്തമായ, ലയിക്കുന്ന ഫൈബറായ ഗാലക്ടോമാനന്‍ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കും. ഇന്‍സുലിന്‍ ഉല്‍പ്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയിലുണ്ട്.
കൊളസ്ട്രോള്‍, പ്രത്യേകിച്ച് എല്‍.ഡി.എല്‍ അഥവാ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉലുവക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
ഹൃദയാരോഗ്യത്തിന് ഉലുവയിലെ ഗാലക്ടോമാനന്‍ എന്ന ഘടകം ഉത്തമമാണ്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കും. ഉലുവയില്‍ സമൃദ്ധമായ പൊട്ടാസ്യം സോഡിയത്തിന്‍റെ പ്രവര്‍ത്തനത്തെ എതിരിട്ട് അമിതമായ ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ധവും നിയന്ത്രിക്കും.
ഉലുവയിലയില്‍ വൈറ്റമിന്‍ കെ, പ്രോട്ടീന്‍, നിക്ടോട്ടിനിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടി വളരാന്‍ സഹായിക്കും. ഉലുവ ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നതും, അരച്ച് തലയില്‍ തേക്കുന്നതും മുടിക്ക് നല്ല കറുപ്പ് നിറവും, തിളക്കവും നല്‍കും.
സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പ്പാദനം ത്വരിതപ്പെടുത്തും. മാറിട വളര്‍ച്ചയ്ക്കും ചര്‍മ ആരോഗ്യത്തിനും അത് സഹായകമാണ്. മൂലയുട്ടുന്ന അമ്മമാര്‍ക്കും ഉപയോഗിക്കാം. ഈസ്ട്രജന് സമാനമായ ഡയോസ്ജെനിന്‍ എന്ന ഘടകം പാലുല്‍പ്പാദനം വര്‍ധിപ്പിക്കും.
ഡയോസ്ജെനിന്‍, ഐസോഫ്ലേവന്‍ എന്നീ ഘടകങ്ങള്‍ മാസമുറയുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസികനിലയിലെ വ്യതിയാനങ്ങള്‍ക്കും, ഹോട്ട് ഫ്ളാഷിനും ഇവ ഫലപ്രദമാണ്.