ശരീരത്തിൽ വെള്ളവരകളുള്ള ഇത്തരം കൊതുകുകൾ പകൽ സമയത്താണ് മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി വൈറസ് തന്നെ സീറോടൈപ്പ് 1,2,3,4 എന്നിങ്ങനെ നാലുവിധമുണ്ട്.
കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമായതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഫ്ലാവി വൈറസ് കുടുംബത്തിലെ ഡെങ്കി വൈറസാണ് ഡെങ്കിപ്പനിയുണ്ടാക്കുന്നത്. ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗവാഹകർ. 16-30 ഡിഗ്രി സെൽഷ്യസ് ഊഷ്മാവിലാണ് ഈഡിസ് കൊതുകുകളെ കൂടുതലായി കാണപ്പെടുന്നത്. മാറിമാറി വരുന്ന വെയിലും മഴയും, അന്തരീക്ഷ ഈർപ്പവും, നഗരവത്കരണവുമൊക്കെ ഇത്തരം കൊതുകളുടെ വളർച്ചയെ സഹായിക്കുന്നു.
എന്താണ് ഡെങ്കിപ്പനി?
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശരീരത്തിൽ വെള്ളവരകളുള്ള ഇത്തരം കൊതുകുകൾ പകൽ സമയത്താണ് മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി വൈറസ് തന്നെ സീറോടൈപ്പ് 1,2,3,4 എന്നിങ്ങനെ നാലുവിധമുണ്ട്. ഇതിൽ ഏതെങ്കിലും ഒരു തരത്തിലുള്ള ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് മറ്റൊരു തരം ഡെങ്കി ബാധിച്ചാൽ രോഗം ഗുരുതരമാവുകയും അമിത രക്തസ്രാവം ഉണ്ടാവുകയും മരണത്തിനിടയാക്കുകയും ചെയ്യും.
രോഗിയാകാൻ പോകുന്ന ഓരാളിൽ നിന്നും ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിൻ്റെ തലേദിസവസം മുതൽ അഞ്ചു ദിവസം വരെയാണ് രക്തം കുടിക്കാനെത്തുന്ന കൊതുകുകളിൽ ഈ രോഗാണു എത്തുന്നത്. അതിനു ശേഷം 8-10 ദിവസത്തിനുള്ളിൽ മറ്റൊരാളിലേക്ക് രോഗം പടർത്താൻ കൊതുക് പ്രാപ്തി നേടുന്നു. ഒരിക്കൽ വൈറസ് അകത്തുകടന്നാൽ ആജീവനാന്തം രോഗം പടർത്താൻ കഴിവുള്ളവരായി കൊതുകുകൾ മാറുന്നു.
ലക്ഷണങ്ങൾ
ഡെങ്കിപ്പനി ബാധിച്ചാൽ അഞ്ചു മുതൽ എട്ട് വരെയുള്ള ദിവസങ്ങൾക്കുള്ളിലാണ് രോഗം പുറത്തേയ്ക്ക് വരുന്നത്.
അതിതീവ്രമായ പനി
കടുത്ത തലവേദന
കണ്ണുകൾക്ക് പിന്നിൽ വേദന
കടുത്ത ശരീര വേദന
തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന പാടുകൾ
ഛർദി
തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
എന്നാൽ ഡെങ്കിപ്പനി മൂർച്ഛിച്ചാൽ പൊതുവെയുള്ള ലക്ഷണങ്ങൾക്കൊപ്പം അസഹനീയമായ വയറുവേദന, തൊണ്ട വരൾച്ച, മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം ഉണ്ടാവുക, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, കറുത്ത നിറത്തിൽ മലം പോവുക, രക്തത്തോടു കൂടിയോ ഇല്ലാതെയോ ഉണ്ടാകുന്ന ഛർദ്ദി എന്നീ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. സ്വയം ചികിത്സ ആപത്തുകൾ വിളിച്ചുവരുത്തിയേക്കാം.
ടെസ്റ്റുകൾ
Dengue NS1 Antigen ടെസ്റ്റ്- ആദ്യത്തെ അഞ്ചു ദിവസങ്ങളിലാണ് ഈ ടെസ്റ്റിനു കൂടുതൽ പ്രാധാന്യം. ഇരുപതു മിനുറ്റുകൾക്കകം റിസൾട്ട് നൽകുന്നു.
Dengue IgM ആൻ്റിബോഡി ടെസ്റ്റ്- പനി തുടങ്ങി 5-7 ദിവസം കഴിഞ്ഞ രോഗികൾക്ക് പ്രാധാന്യം
എങ്ങനെ പ്രതിരോധിക്കാം
നമുക്കെല്ലാവർക്കം അറിയാവുന്നതുപോലെ ശുദ്ധജലത്തിൽ നിന്നാണ് കൊതുകൾ മുട്ടയിടുന്നതും വളരുന്നതും. ഈഡിസ് കൊതുകുകൾ ഒരു സമയത്ത് 100-200 മുട്ടകൾ വരെയിടും. കെട്ടിനിൽക്കുന്ന വെള്ളം ഉണ്ടെങ്കിൽ ഒരാഴ്ച മതി കൊതുകുകൾ ഉണ്ടാവാൻ. അത്തരത്തിൽ കൊതുകുകൾക്ക് വളരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വീടിനകത്തും പുറത്തുമുള്ള വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, ഫ്രിഡ്ജിൻ്റെ പുറകിലുള്ള ട്രേ, അലസമായി വലിച്ചെറിയുന്ന ചിരട്ട, ടയർ, മുട്ടത്തോട്, പൊട്ടിയ പാത്രങ്ങൾ ഒക്കെ വെള്ളം കെട്ടിനിൽക്കാതെ നിക്കം ചെയ്യുക. ബയോഗ്യാസ് പ്ലാൻ്റ് ഉണ്ടെങ്കിൽ കൊതുകുവല കെട്ടി മൂടുക. ടെറസ്, സൺ ഷെയ്ഡ് എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
കൊതുകു ശല്യം രൂക്ഷമായാൽ തന്നെ വിപണിയിൽ കൊതുകുതിരി പോലുള്ള ഒരുപാട് മോസ്ക്വിറ്റോ റിപ്പല്ലെൻ്റ്സ് ലഭ്യമാണ്. രാത്രി ഉറങ്ങുന്ന നേരത്ത് ശരീരഭാഗങ്ങൾ പരാമവധി മറയ്ക്കുന്ന വസ്ത്രധാരണത്തിന് ശ്രദ്ധിക്കുക. തൊലിപുറത്തു പുരട്ടുന്ന ലേപനങ്ങൾ വാങ്ങുക, കൊതുകുവല ശീലമാക്കാൻ ശ്രദ്ധിക്കുക, കൂടാതെ മോസ്ക്വിറ്റോ റിപ്പല്ലെൻ്റ് സ്പ്രേ ഉപയോഗിച്ചു കൊതുകുകളെ തുരത്താം. കൃത്യമായ ശ്രദ്ധയുണ്ടെങ്കിൽ ഡെങ്കിപ്പനി രോഗവ്യാപനം തടയാം.