fbwpx
കാനഡയിലെ 'ദേശീയ പ്രതിസന്ധി'; ഒരു വര്‍ഷത്തിനിടെ കള്ളന്മാര്‍ കൊണ്ടുപോയത് ഒരു ലക്ഷത്തിലധികം കാറുകള്‍ !
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Jul, 2024 02:39 PM

ഇന്‍റര്‍പോളിന്‍റെ കണക്കുകളില്‍ കാര്‍ മോഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന 137 രാജ്യങ്ങളില്‍ കാനഡയിലെ അവസ്ഥയാണ് ഏറ്റവും ശോചനീയം

WORLD

പ്രതീകാത്മക ചിത്രം

'കാനഡ, കാര്‍, ക്രെഡിറ്റ് കാര്‍ഡ്', ചില തൊഴില്‍രഹിതരായ മലയാളികളുടെയും സ്വപ്നങ്ങളില്‍ വന്നു പോയേക്കാവുന്ന മാരക സമവാക്യമാണിത്. എന്നാല്‍, ഇവിടെയിരുന്ന് ചിന്തിച്ചു കൂട്ടുന്നതു പോലെയല്ല കാനഡയിലെ കാര്യങ്ങള്‍. കാനഡയില്‍ 'കാര്‍ വാഴില്ല' എന്നൊരു അവസ്ഥയാണിപ്പോള്‍. 2022ല്‍ മാത്രം 1,05,000 കാറുകളാണ് കാനഡയില്‍ മോഷണം പോയിരിക്കുന്നത്. അതായത്  ഒരോ അഞ്ച് മിനിറ്റിലും ഒരു കാർ കളവ് പോകുന്നു. കാനഡയുടെ ഫെഡറല്‍ ജസ്റ്റിസ് മിനിസ്റ്ററിന്‍റെ സര്‍ക്കാര്‍ വാഹനം രണ്ട് വട്ടമാണ് കള്ളന്മാര്‍ കൊണ്ടുപോയത്.

മോഷണത്തിന്‍റെ സ്വഭാവത്തിന് ഭൂഖണ്ഡങ്ങളുടെ വ്യത്യാസങ്ങളൊന്നും കാണാന്‍ സാധിക്കില്ല. എല്ലായിടത്തും ഒരുപോലെതന്നെ. നിങ്ങള്‍ രാത്രിയില്‍ കിടന്നുറങ്ങുന്നു. പെട്ടെന്ന് വെളിയില്‍ നിന്നും കാറിന്‍റെ സെക്യൂരിറ്റി അലാറം അടിക്കുന്നു. (കള്ളന്‍റെ കഴിവനുസരിച്ചിരിക്കും ശബ്ദം കേള്‍ക്കുന്നതും കേള്‍ക്കാത്തതും). കാനഡയിലാണെങ്കില്‍ ഇതിന് ഒരർത്ഥമേയുള്ളൂ, കാര്‍ മോഷണം പോയിരിക്കുന്നു. പിന്നീട് ഈ കാര്‍ ചെറിയ മാറ്റങ്ങളോടെ ഏതെങ്കിലും വിദേശ രാജ്യത്തെ ഓണ്‍ലൈന്‍ വില്‍പന സൈറ്റില്‍ പ്രത്യക്ഷപ്പെടും. അതും സ്‌പെഷ്യല്‍ ഓഫറുകളോടെ!

ഇന്‍റര്‍പോളിന്‍റെ കണക്കുകൾ പ്രകാരം, കാര്‍ മോഷണങ്ങളിൽ മുന്നില്‍ നില്‍ക്കുന്ന 137 രാജ്യങ്ങളില്‍ കാനഡയിലെ അവസ്ഥയാണ് ഏറ്റവും ശോചനീയം. ലോകത്താകമാനം കണ്ടെത്തിയിട്ടുള്ള മോഷ്ടിക്കപ്പെട്ട കാറുകളില്‍ 1,500 കാറുകള്‍ കാനഡയില്‍ നിന്നും കളവ് പോയിട്ടുള്ളതാണ്. ഇതുവഴി കഴിഞ്ഞ വര്‍ഷം മാത്രം 1.5 ബില്യണ്‍ കനേഡിയന്‍ ഡോളറാണ് ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ ക്ലെയിം ഇനത്തില്‍ മുടക്കിയിരിക്കുന്നത്. വര്‍ധിച്ചുവരുന്ന കാര്‍ മോഷണത്തെ 'ദേശീയ പ്രതിസന്ധി' എന്നാണ് ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ വിശേഷിപ്പിച്ചത്. കൊറോണയ്ക്ക് ശേഷം യുഎസ്, യുകെ മുതലായ രാജ്യങ്ങിലും കാര്‍ മോഷണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ജനസംഖ്യ അനുപാതം വെച്ചു നോക്കുമ്പോള്‍ കാനഡയില്‍ നടക്കുന്ന മോഷണങ്ങള്‍ കൂടുതലാണ്. 2022 ഡാറ്റ പ്രകാരം, യുഎസില്‍ ഒരു ലക്ഷം പേര്‍ക്കിടയില്‍ 300 വാഹനങ്ങളാണ് മോഷണം പോയിരിക്കുന്നത്. യുഎസ് കണക്കുകളോട് ഏറ്റവും അടുത്താണ് കനേഡിയന്‍ മോഷണ നിരക്ക്.

കൊറോണാനന്തരം സംഭവിച്ച കാറുകളുടെ അപര്യാപ്തതയാണ് രാജ്യാന്തര തലത്തില്‍ കാര്‍ മോഷണം വര്‍ദ്ധിക്കാന്‍ കാരണം. മാത്രമല്ല ചില മോഡല്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ് താനും. ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവ്. കാര്‍ കമ്പനിക്കാര്‍ക്ക് അതിനു കഴിയാതെ വന്നപ്പോള്‍, സമാന്തരമായി മോഷ്ടാക്കള്‍ ഓട്ടോ പ്രേമികളുടെ ആഗ്രഹങ്ങള്‍ സഫലീകരിച്ചു തുടങ്ങി. കാറുകള്‍ക്കൊപ്പം കാനഡക്കാരുടെ ഉറക്കം കൂടിയാണ് അവര്‍ അപഹരിച്ചതെന്ന് മാത്രം.

കനേഡിയന്‍ പോര്‍ട്ടുകളില്‍ രാജ്യത്തേക്ക് എന്തൊക്കെ വരുന്നുവെന്നതിന് കൃത്യമായ കണക്കുകളും പരിശോധനകളുമുണ്ട്. എന്നാല്‍ എന്തൊക്കെയാണ് രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതെന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങളില്ലായെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ പറയുന്നത്. പോര്‍ട്ടുകളിലെ കണ്ടേയ്‌നറുകള്‍ തുറന്നു പരിശോധിക്കാനുള്ള അധികാരം പൊലീസിനില്ലായെന്നത് കടത്ത് സുഗമമാക്കുന്നു. പരിശോധന നടത്തേണ്ട കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സിക്കാണെങ്കില്‍ തിരച്ചില്‍ നടത്താന്‍ മതിയായ ആളുകളുമില്ല.

മോഷണം പോകുന്ന വാഹനങ്ങളോ കണ്ടെത്താന്‍ സാധിക്കുന്നില്ല, എന്നാല്‍ മോഷണം തടയുന്നതിലെ പ്രശ്‌നമെന്താണെന്നാണ് നാട്ടുകാരുടെ ചോദ്യം. അതിനും കൃത്യമായ ഉത്തരങ്ങള്‍ കാനഡ പൊലീസിനുണ്ട്. ഹൈടെക്ക് കള്ളന്മാരെ നേരിടാന്‍ ഇപ്പോഴുള്ള സംവിധാനങ്ങള്‍ പോരാ. 21-ാം നൂറ്റാണ്ടില്‍ ഔട്ട്‌ഡേറ്റഡാണ് എന്ന് പറയുന്നതിനൊരു മടിയും കാനഡ പൊലീസിനില്ലായിരുന്നു. അവസ്ഥ ആണല്ലോ പ്രസ്താവനയുടെ നിലവാരം സൃഷ്ടിക്കുന്നത്.

സര്‍ക്കാരിനതൊക്കെ പറയാം, പോകുന്നത് തങ്ങളുടെ കാറല്ലേയെന്ന മാനസിക നിലയിലെത്തിയ നാട്ടുകാര്‍ മോഷണം തടയാന്‍ പലവിധ മാര്‍ഗങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. അതിലൊന്ന് ഹോട്ടലുകളിലും ഫ്‌ളാറ്റുകളിലും കാണുന്ന ബൊള്ളാര്‍ഡുകളാണ്. നിലത്തു നിന്നും പൊങ്ങി വരുന്ന ഇരുമ്പ് കുറ്റികളാണ് ഇവ. വീടിനു മുന്നില്‍ ഇത് സ്ഥാപിക്കാനുള്ള തിരക്കിലാണ് ആളുകള്‍. ഇതില്‍ കച്ചവട സാധ്യത കണ്ട ബുദ്ധിശാലികളില്‍ പലരും ഇപ്പോള്‍ ബൊള്ളാര്‍ഡ് കച്ചവടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പലരും കാറുകളില്‍ എന്‍ജിന്‍ ഇമ്മൊബിലൈസറുകളും സ്ഥാപിക്കുന്നുണ്ട്.

രാത്രിയില്‍ തിരക്കിന് കാറെടുത്ത് മുങ്ങാന്‍ വരുന്ന കള്ളന് ഒരു സ്റ്റാര്‍ട്ടിങ് ട്രബിള്‍ കൊടുക്കുകയാണ് ഉദ്ദേശം. ഏതു ഗാഢനിദ്രയിലും എന്‍ജിന്‍റെ ഇരമ്പം കേട്ട് ഞെട്ടിയുണരാം എന്ന മോഹം. ഇതിൻ്റെ പരിണിത ഫലം  കണ്ടറിയണം. കാറിനെ നോക്കുന്ന അപരനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന സാഹചര്യത്തിലേക്ക് കാനഡക്കാര്‍ എത്താന്‍ അധികം ദൂരമില്ലെന്നു വേണം കരുതാന്‍. സത്യത്തില്‍ സ്വപ്‌നം കാണുന്ന മലയാളികള്‍ക്കും കണ്ണടയ്ക്കുന്ന കാനഡക്കാര്‍ക്കും ഒരു കാര്യത്തില്‍ സമാനതയുണ്ട്. കണ്ണു തുറന്നാല്‍ കാറ് പാര്‍ക്ക് ചെയ്തിടത്ത് പാര്‍ക്കിങ് ലോട്ടുപോലും കാണില്ല.

KERALA
വെള്ളാപ്പള്ളിക്ക് അഭിപ്രായം പറയാം; പക്ഷെ സതീശനെതിരെ അങ്ങനൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല: കെ. സുധാകരന്‍
Also Read
user
Share This

Popular

KERALA
NATIONAL
എ. വിജയരാഘവന്റെ പ്രസംഗത്തെ യുഡിഎഫ് നേതാക്കള്‍ തെറ്റായി വ്യാഖ്യാനിച്ചു; സിപിഎം ലീഗിനോ മുസ്ലീങ്ങള്‍ക്കോ എതിരല്ല; ടി.പി. രാമകൃഷ്ണന്‍