ഒരു മരുഭൂമി വനമായി മാറിയാലോ? കേൾക്കുമ്പോൾ മനുഷ്യരെ കൊണ്ട് അസാധ്യം എന്ന് തോന്നുന്ന കാര്യമാണ് ചൈന ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. തക്ലമാകൻ മരുഭൂമിക്ക് ചുറ്റുമായി 3,046 കിലോമീറ്റർ വരുന്ന ഗ്രീൻ ബെൽറ്റ് ആണ് ചൈന നിർമിച്ചിരിക്കുന്നത്. നവംബർ 21 ന്നാണ് ചൈന ഈ അപൂർവ നേട്ടം കൈവരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ വനവൽക്കരണത്തിന്റെ ഭാഗമായാണ് ഇത് നടത്തിയത്. ചൈനയിലെ വടക്ക്, വടക്ക് കിഴക്ക്, വടക്ക് തെക്ക് ദിക്കുകളിലുടനീളം നടക്കുന്ന മരുഭൂവൽക്കരണവും മണൽ കാറ്റുകളും ചെറുക്കുവാൻ ഗ്രീൻ ബെൽറ്റുകൾ സഹായിക്കും. ത്രീ-നോർത്ത് ഷെൽട്ടർബെൽറ്റ് ഫോറെസ്റ് (TFSP) പദ്ധതിയുടെ ഭാഗമായാണ് 1978 ൽ മരുഭൂമികൾക്ക് ചുറ്റും ഗ്രീൻ ബെൽറ്റുകൾ പണിയുക എന്ന ആശയം ഉരുത്തിരിഞ്ഞത്. 2050 നുള്ളിൽ ഈ ലക്ഷ്യം പൂർത്തീകരിക്കാനാണ് TSFP പദ്ധതിയിട്ടിരിക്കുന്നത്. മരുഭൂമികൾ കൈയേറുന്നത് തടയുവാനും അവിടെ കഴിയുന്ന ജീവജാലങ്ങൾക്ക് മെച്ചപ്പെട്ട പാരിസ്ഥിതിക സാഹചര്യങ്ങൾ ഒരുക്കുവാനും കൂടി വേണ്ടിയാണ് ഈ 'വന വേലി' പണിതുയർത്തിയത്.
ALSO READ: മാഡ്രിഡിലെ വിശുദ്ധ താറാവ് ദേവാലയവും അവിടുത്തെ താറാവ് പുരോഹിതനും
ആഗോളതലത്തിൽ ചർച്ചാ വിഷയമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകുവാനും സുസ്ഥിര വികസനത്തെ പ്രോത്സാഹിപ്പിക്കുവാനും വേണ്ടിയാണ് ഇത്തരമൊരു സംരംഭം ചൈനയിൽ ആരംഭിച്ചത്. നിലവിൽ 32 മില്യൺ ഹെക്ടർ ഭൂമിയാണ് TFSP വനവൽക്കരിച്ചിരിക്കുന്നത്. പ്രദേശത്തെ ജൈവവൈവിധ്യം വർധിപ്പിക്കുവാൻ മാത്രമല്ല ഒരു പരിധി വരെ കാലാവസ്ഥ വൃതിയാനം നിയന്ത്രിക്കാനും ഗ്രീൻ ബെൽറ്റുകൾ ഗുണകരമാവുമെന്നാണ് ചൈന പറയുന്നത്. പാരിസ്ഥിതിക സാഹചര്യങ്ങൾ എങ്ങനെയാണ് മനുഷ്യന്റെ ആരോഗ്യത്തെയും പെരുമാറ്റത്തെയും ബാധിക്കുക എന്നത് പഠിക്കുവാനും ഈ സംരംഭത്തിലൂടെ സാധിക്കുന്നു.
2000 -2017 വർഷങ്ങൾക്കിടയിൽ ഗ്ലോബൽ ഗ്രീൻ ലീഫ് ഏരിയ കൂട്ടുവാൻ ചൈനയ്ക്കു സാധിച്ചതിൽ പ്രധാന പങ്കു വഹിച്ചത് TFSP ആണ്. മരുഭൂകരണം നിയന്ത്രിക്കുവാൻ ചൈന പല തരത്തിലുള്ള നിയമങ്ങളും ഹരിതവൽക്കരണ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. തക്ലിമാകൻ മരുഭൂമി മാത്രമല്ല ചൈനയിലെ ഗാൻസു പ്രവിശ്യയിലുള്ള മിൻക്വിൻ കൗണ്ടിയിലെ മരുഭൂമികൾക്കിടയിലും ഹരിതവൽക്കരണ രീതികളായ ഡ്രിപ് ഇറിഗേഷൻ, മണൽ തിട്ടകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംരംഭങ്ങളിലൂടെ ആഗോളവേദിയിലും പാരിസ്ഥിതിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനാണ് ചൈന ലക്ഷ്യമിടുന്നത്.