വെബിൽ ലഭ്യമാകുന്നതോടെ കൂടുതൽ ആളുകളിലേക്ക് മാപ്പ് എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
വർഷങ്ങളായി ആപ്പിൾ ഫോണുകളിലും, ഉപകരണങ്ങളിലും ആപ്പ് രൂപത്തിൽ മാത്രം ലഭ്യമായിരുന്ന ആപ്പിൾ മാപ്പ് ഇനി വെബ് ബ്രൗസറുകളിലും ലഭ്യമാകും. വെബിൽ ലഭ്യമാകുന്നതോടെ കൂടുതൽ ആളുകളിലേക്ക് മാപ്പ് എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ്പുകൾക്ക് സമാനമായി വെബ് പതിപ്പിലും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ആപ്പിൾ മാപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. ഡ്രൈവർമാർക്കും, കാൽനടയാത്രക്കാർക്കും അവരുടെ ഇഷ്‌ടപ്പെട്ട ഗതാഗത മാർഗ്ഗത്തിന് അനുയോജ്യമായ ദിശകളിൽ യാത്ര ചെയ്യുന്നതിന് ആപ്പിൾ മാപ്പ് സംവിധാനം ഉപയോഗപ്രദമാകും. ഉപഭോക്താക്കൾക്ക് ലോകമെമ്പാടുമുള്ള നഗരങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനും, ഷോപ്പിംഗ് നടത്തുന്നതിനും, പുതിയ സ്ഥലങ്ങൾ കണ്ടെത്തുന്നതിനുമെല്ലാം ആപ്പിൾ മാപ്പ് ഉപയോഗിക്കാം.
ലുക്ക് എറൗണ്ട് ഉൾപ്പെടെയുള്ള സേവനങ്ങൾ വരും മാസങ്ങളിൽ ലഭ്യമാകുമെന്നും ആപ്പിൾ അറിയിച്ചു. മാക്കിലും ഐപാഡിലും സഫാരി, ക്രോം എന്നീ ബ്രൗസറുകളിലും, വിൻഡോസിൽ ക്രോമിലും, എഡ്ജിലുമാണ് നിലവിൽ ആപ്പിൾ മാപ്പ് ലഭ്യമാകുക. കൂടുതൽ ഭാഷകളും, ബ്രൗസറുകളും വരും കാലങ്ങളിൽ ആപ്പിൾ മാപ്പിൽ ലഭ്യമാകുമെന്നും ആപ്പിൾ അറിയിച്ചു.